Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിച്ചുകയറി പെട്രോൾവില; ഡൽഹിയിൽ ലീറ്ററിന് 75.61 രൂപ, മുംബൈയിൽ 83.45

fuel-price-petrol

തിരുവനന്തപുരം∙ കർണാടകത്തിലെ വോട്ടെണ്ണൽ കഴിഞ്ഞതോടെ ഇന്ധനവില നിയന്ത്രണമില്ലാതെ കുതിക്കുന്നു. തിരുവനന്തപുരത്ത് പെട്രോള്‍വില ഇന്ന് ലീറ്ററിന് 30 പൈസയും ഡീസല്‍ വില 31 പൈസയും കൂടി. കര്‍ണാടക വോട്ടെടുപ്പ് കഴിഞ്ഞുള്ള അഞ്ചു ദിവസം കൊണ്ട് പെട്രോളിന് ലീറ്ററിന് 88 പൈസയും ഡീസലിനു ഒരു രൂപ 28 പൈസയുമാണ് കൂടിയത്. തിരഞ്ഞെടുപ്പിനു ശേഷം ഇത് അഞ്ചാം ദിവസമാണ് തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്നത്.

ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളിൽ വ്യാഴാഴ്ചത്തേതിൽ നിന്ന് ലീറ്ററിന് 28–31 പൈസയാണ് പെട്രോൾ വില ഉയർന്നത്. അഞ്ചു ദിവസങ്ങൾക്കിടെ രാജ്യത്തെ ഈ പ്രധാന നഗരങ്ങളിൽ ലീറ്ററിന് 0.97–1.03 രൂപ വരെ പെട്രോൾ വില കയറി. ഡീസലിന് ഇത് ഒരു രൂപ മുതൽ 1.24 രൂപ വരെയാണ്. മാസത്തിലെ ഒന്ന്, 16 തീയതികളിൽ മാത്രം ഇന്ധനവില വർധിപ്പിക്കുന്ന 15 വർഷത്തെ രീതിയിൽനിന്നു ഭിന്നമായി അതാത് ദിവസം രാവിലെ ആറു മണിക്ക് വില പരിഷ്കരിക്കുന്ന രീതിയാണ് നിലവിലേത്.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിനെതിരായ ജനവികാരം ഉയരാതിരിക്കാന്‍ മൂന്നാഴ്ച ഇന്ധനവില വര്‍ധിപ്പിക്കാത്തതിന്റെ കണക്കുതീര്‍ക്കും വിധമാണ് എണ്ണക്കമ്പനികള്‍ വില വർധിപ്പിക്കുന്നത്. വോട്ടെടുപ്പിന്റെ അന്ന് തിരുവനന്തപുരത്ത് 78 രൂപ 77 പൈസയായിരുന്നു പെട്രോള്‍ വില; ഡീസലിന് 71 രൂപ 49 പൈസയും. ഇന്ന് പെട്രോളിന് 79 രൂപ 65 പൈസയും ഡീസലിന് 72 രൂപ 77 പൈസയും. അഞ്ചു ദിവസം കൊണ്ട് പെട്രോള്‍ വില 88 പൈസയും ഡീസല്‍ ഒരു രൂപ 28 പൈസയും കൂടി. കൊച്ചിയില്‍ പെട്രോളിന് 78 രൂപ 44 പൈസയും ഡീസലിന് 71 രൂപ 64 പൈസയുമാണ് വില. കോഴിക്കോട് 78 രൂപ 69 പൈസയും 71 രൂപ 90 പൈസയും.

ഇന്നത്തെ വില വർധനയോടെ ഡൽഹിയിൽ പെട്രോൾ വില ലീറ്ററിന് 75.61 ആയി. മുംബൈയിൽ ഇത് 83.45 ആണ്. കൊൽക്കത്തയിൽ 78.29, ചെന്നൈയിൽ 78.46, ബെംഗളൂരുവിൽ 76.83, ഹൈദരാബാദിൽ 80.09 എന്നിങ്ങനെയാണ് വില. മുംബൈയ്ക്കും ഹൈദരാബാദിനുമൊപ്പം ഭോപ്പാൽ (81.19 രൂപ), ജലന്ധർ (80.84), പട്ന (81.10), ശ്രീനഗർ (80.05) എന്നിവിടങ്ങളിൽ പെട്രോൾ വില ലീറ്ററിന് 80 രൂപ പിന്നിട്ടു.

ഡീസൽ വില ഡൽഹിയിൽ ലീറ്ററിന് 67.08 ആയപ്പോൾ, കൊൽക്കത്ത- 69.63, മുംബൈ - 71.42, ചെന്നൈ -70.80, ബെംഗളൂരു - 68.23, ഹൈദരാബാദ് - 72.91 എന്നിങ്ങനെയാണ് വെള്ളിയാഴ്ചത്തെ ഡീസൽ വില. ഡോളറിനെതിരെ രൂപയ്ക്കുണ്ടായ ഇടിവും ആഗോളവിപണിയിൽ അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയുമാണ് രാജ്യത്ത് പെട്രോൾ–ഡീസൽ വിലവർധനയ്ക്ക് ഇടയാക്കുന്നത് എന്നാണ് വിലയിരുത്തൽ. ഈ വർഷത്തെ കണക്കെടുത്താൽ ഡോളറിനെതിരെ രൂപ ആറു ശതമാനത്തോളമാണ് ഇടിഞ്ഞത്. എന്നാൽ രണ്ടു ദിനങ്ങളിൽ ഭേദപ്പെട്ട നിലവാരം കാട്ടി രൂപ വ്യാഴാഴ്ചത്തെ കണക്കുകൾ പ്രകാരം യുഎസ് ഡോളറിന് 67.70 എന്ന നിലയിലായിരുന്നു. 2014 നവംബറിനു ശേഷം ഇതാദ്യമായി വ്യാഴാഴ്ച അസംസ്കൃത എണ്ണ വില ബാരലിന് 80 ഡോളറായി ഉയരുകയും ചെയ്തു.

കർണാടക തിരഞ്ഞെടുപ്പിനു മുന്നോടിയായി 19 ദിവസം ഇന്ധനവില ഉയരാതിരുന്നതിലൂടെ കേന്ദ്ര സർക്കാരിന് 500 കോടി രൂപ നഷ്ടം സഹിക്കേണ്ടിവന്നതായാണ് വിലയിരുത്തൽ. കൈകാര്യച്ചെലവിലെ വർധനയ്ക്കിടെയും കർണാടക തിരഞ്ഞെടുപ്പിനു മുന്നോടിയായി എണ്ണക്കമ്പനികൾ മൂന്ന് ആഴ്ച വില മാറ്റാതെ നിലനിർത്തിയിരുന്നു. ഇതാണ് തിരഞ്ഞെടുപ്പിനു ശേഷം ഇന്ധനവിലയിലെ വൻകുതിപ്പിന് ഇടയാക്കുന്നതും.