Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ റൗണ്ടിൽ വിജയം കോൺഗ്രസ്–ദൾ സഖ്യത്തിന്; യഥാർഥ ‘പരീക്ഷ’ നാളെ

Abhishek-Manu-Snghvi സുപ്രീംകോടതിയിലെ വാദത്തിനു ശേഷം കോടതിക്കു പുറത്ത് മാധ്യമങ്ങളെ കാണുന്ന കോൺഗ്രസ്–ദൾ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ന്യൂഡൽഹി∙ കർണാടകയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ ബിജെപിക്കുണ്ടാകുന്ന ആദ്യ തിരിച്ചടിയാണ് നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പു നടത്താനുള്ള സുപ്രീംകോടതി വിധി. സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണർ വാജുഭായ് വാലയുടെ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച കോൺഗ്രസ്–ജെഡിഎസ് സഖ്യത്തിന് താൽക്കാലിക ആശ്വാസവുമായി സുപ്രീംകോടതി ഇടപെടൽ. ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്.

‘ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥ’യെന്ന് വിശേഷിപ്പിച്ചാണ് ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരുന്ന വാദത്തിന് രാവിലെ 10.30 ഓടെ സുപ്രീംകോടതി തുടക്കമിട്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചതിലെ സാംഗത്യത്തെക്കുറിച്ച് ആദ്യമേ സുപ്രീംകോടതി സംശയം രേഖപ്പെടുത്തി. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് യെഡിയൂരപ്പ ഗവർണർക്കു നൽകിയ രണ്ടു കത്തുകളും സുപ്രീംകോടതി പരിശോധിച്ചു.

കർണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവാണ് യെഡിയൂരപ്പയെന്നും ഈ മാനദണ്ഡം വച്ചാണ് അദ്ദേഹത്തെ ഗവർണർ സര്‍ക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്നും റോഹ്തഗി വാദിച്ചു. യെഡിയൂരപ്പയ്ക്ക് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അതു സഭയിൽ തെളിയിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഇതേക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്നും റോഹ്തഗി നിലപാടെടുത്തു. കോൺഗ്രസ്–ജെഡിഎസ് സഖ്യം ഒപ്പമുണ്ടെന്ന് പറയുന്ന ചില എംഎൽഎമാർ രേഖാ മൂലം പിന്തുണ ഉറപ്പു നൽകിയിട്ടില്ലെന്ന് തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ രൂപീകരണം നമ്പരുകളുടെ കളിയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഭൂരിപക്ഷമുള്ളവരെയാണ് സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കേണ്ടതെന്ന നിരീക്ഷണം നടത്തി. ഇതിനിടെ, ഭൂരിപക്ഷം തെളിയിക്കാൻ തങ്ങൾക്ക് അവസരം നൽകണമെന്ന് കോണ‍്ഗ്രസ്–ദൾ സഖ്യത്തിനായി സിങ്‌വി വാദിച്ചു.

അങ്ങനെയെങ്കിൽ നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പു നടത്തിക്കൂടേയെന്ന് സുപ്രീംകോടതി ഇരു കക്ഷികളോടും ആരാഞ്ഞു. അപകടം മണത്ത ബിജെപി അഭിഭാഷകൻ മുകൾ റോഹ്തഗി ഈ നിർദേശത്തെ എതിർത്തു. ‘ആവശ്യമായ സമയം’ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം, നാളെത്തന്നെ വിശ്വാസ വോട്ടെട്ടുപ്പ് നടത്താൻ സന്നദ്ധരാണെന്ന് കോൺഗ്രസ്–ജെഡിഎസ് സഖ്യത്തിനായി ഹാജരായ മനു അഭിഷേക് സിങ്‌വി രേഖാമൂലം കോടതിയെ അറിയിച്ചു.

തുടർന്നാണ് ബിജെപിക്ക് കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി നാളെ നാലു മണിക്കു മുൻപ് ഭൂരിപക്ഷം തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. ഇതോടെ 15 ദിവസത്തെ സമയം അനുവദിച്ച ഗവർണറുടെ ഉത്തരവ് അസാധുവായി. അങ്ങനെയെങ്കിൽ രഹസ്യ ബാലറ്റ് അനുവദിക്കണമെന്ന് ബിജെപി അഭിഭാഷകൻ വാദിച്ചെങ്കിലും ഈ നിർദേശവും സുപ്രീംകോടതി തള്ളി.

കടുത്ത ഭീഷണി നേരിടുന്ന കോൺഗ്രസ്–ജെഡിഎസ് എംഎൽഎമാർക്ക് സുരക്ഷ ഏർപ്പെടുത്താൻ നിർദേശിക്കണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. ആംഗ്ലോ–ഇന്ത്യൻ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാനുള്ള ഗവർണറുടെ തീരുമാനവും സ്റ്റേ ചെയ്തതോടെ കോടതിയിൽ ബിജെപിയുടെ തിരിച്ചടി പൂർണം.

പ്രതികരണങ്ങൾ

കോൺഗ്രസ്
ഭരണഘടനയുടെ അന്തസും ജനാധിപത്യത്തിന്റെ ധാർമികതയും ഉയർത്തിപ്പിടിക്കുന്നതാണ് കോടതി വിധി. രാജ്യം ആഘോഷിക്കേണ്ട വിധിയാണിത്. നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്നു. അധികാരത്തിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണിത്
∙ അശ്വിനി കുമാർ, കോൺഗ്രസ്

ബിജെപി
സുപ്രീകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. നാളെ കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചിരിക്കും. ഞങ്ങള്‍ അതിനു തയാറാണ്.
∙ ശോഭ കരന്തലാജെ എംപി

related stories