Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി.കെ.ശിവകുമാര്‍: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ രക്ഷകന്‍

D.K. Sivakumar ഡി.കെ.ശിവകുമാര്‍

ബെംഗളൂരു∙ കര്‍ണാടയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിനും ബിജെപിയുടെ പതനത്തിനും ചുക്കാന്‍ പിടിച്ചത് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡി.കെ.ശിവകുമാറാണ്. എംഎല്‍എമാരെ സുരക്ഷിത താവളത്തിലേക്കു മാറ്റിയതും തന്ത്രങ്ങള്‍ മെനഞ്ഞതും പ്രവര്‍ത്തകരുടെ ‘ഡി.കെ’യാണ്. ഇതാദ്യമായല്ല ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഈഗിള്‍ടൺ റിസോര്‍ട്ടില്‍ സംരക്ഷിക്കുന്നത്. മഹാരാഷ്ട്രയിലെ വിലാസ് റാവു ദേശ്മുഖിന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടില്‍ സംരക്ഷിച്ചത് ഡി.കെ. ശിവകുമാറായിരുന്നു. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായ രാജ്യസഭാ സ്ഥാനാർഥി അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎൽഎമാരെ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ സംരക്ഷിച്ചതും ഡികെയായിരുന്നു. 

2002 ല്‍ വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ അദ്ദേഹം കര്‍ണാടകയിലെ നേതാവ് എസ്.എം.കൃഷ്ണയുടെ സഹായം തേടുകയായിരുന്നു. കൃഷ്ണ ദൗത്യം ഡി.കെ. ശിവകുമാറിനെ ഏല്‍പ്പിച്ചു. ഇപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കാണ് ഡികെ മഹാരാഷ്ട്രയിലെ എംഎല്‍എമാരെ കൊണ്ടുപോയത്. ഒരാഴ്ച അവരെ അവിടെ താമസിപ്പിച്ചു. വിശ്വാസ വോട്ടെടുപ്പിന്റെ അന്ന് അവരെ മുംബൈയിലേക്ക് കൊണ്ടുപോയി. കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. ഇതോടെ ശിവകുമാറെന്ന പേര് ദേശീയതലത്തില്‍ ശ്രദ്ധേയമായി. ഗാന്ധി കുടുംബവുമായുള്ള ബന്ധവും ഇതോടെ ദൃഢമായി.

സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചപ്പോഴും രക്ഷകനായത് ഡി.കെ. ശിവകുമാറാണ്. കൂറുമാറ്റം ഭയന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎൽഎമാരെ കർണാടകയിലേക്കു മാറ്റി. ആകെയുള്ള 57 എംഎൽഎമാരിൽ ആറു പേർ പാർട്ടിയിൽനിന്നു രാജിവയ്ക്കുകയും ഇവരിൽ മൂന്നുപേർ ബിജെപിയിൽ ചേരുകയും ചെയ്തതോടെയാണ് ചോർച്ച ഒഴിവാക്കാൻ എംഎൽഎമാരെ അഹമ്മദാബാദിൽനിന്നു വിമാനമാർഗം ബെംഗളൂരുവിലെത്തിച്ചത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. പിന്നാലെ ഡി.കെ.ശിവകുമാറിന്റെയും ബന്ധുക്കളുടെയും അടുപ്പക്കാരുടെയും സ്ഥാപനങ്ങളിലും വീടുകളിലും ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ് നടന്നു. തിരിച്ചടിയായി കർണാടകയിലെ ബിജെപി നേതാക്കൾക്കെതിരായ കേസുകൾ പൊടിതട്ടിയെടുക്കാൻ കോൺഗ്രസ് സർക്കാരും ശ്രമിച്ചു. 

ശിവകുമാറിനെതിരെ രണ്ടു ദിവസം തുടര്‍ന്ന റെയ്ഡിൽ ഡൽഹി, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നായി 11.43 കോടി രൂപയാണ് കണ്ടെടുത്തത്. ശിവകുമാറിന്റെ സദാശിവനഗറിലെ വസതിയിലെ ലോക്കറുകളുടെ രഹസ്യ പാസ്‌വേഡ് പറയാൻ തയാറാകാത്തതിനെ തുടർന്ന് പൂട്ടുകൾ പൊളിച്ചാണ് രേഖകൾ പുറത്തെടുത്തത്. ശിവകുമാർ കീറിയെറിഞ്ഞ ഡയറിത്താളുകളിൽ നിന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനു മൂന്നു കോടി രൂപ നൽകിയെന്ന രേഖ കണ്ടെത്തിയതായി അന്ന് അഭ്യൂഹങ്ങൾ പരന്നു. ഇതിനെയെല്ലാം അതിജീവിച്ച് കരുത്തനായ നേതാവായി ഡി.കെ.ശിവകുമാര്‍ കര്‍ണാടകയില്‍ തുടര്‍ന്നു. അതിനിടയിലാണ് മൂന്നാമതും കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംരക്ഷണം ഡികെയിലേക്കെത്തുന്നത്.

ഗൗഡ കുടുംബത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് 57കാരനായ ഡി.കെ.ശിവകുമാര്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ വളര്‍ന്നത്. 1989ല്‍ സത്തനൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 1990ല്‍ ബംഗാരപ്പ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം ശിവകുമാറിന് ജയില്‍മന്ത്രിയുടെ ചുമതല നല്‍കി. പിന്നീട് ദേവെഗൗഡ സര്‍ക്കാർ അധികാരത്തില്‍വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ ചുരുക്കം കോണ്‍ഗ്രസ് നേതാക്കളിലൊരാളായി മാറി. എസ്.എം.കൃഷ്ണ മുഖ്യമന്ത്രിയായപ്പോള്‍ ശിവകുമാര്‍ നഗരവികസന മന്ത്രിയായി. 2002 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേവെഗൗഡയ്ക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടു.

സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ശിവകുമാര്‍ ഒതുക്കപ്പെട്ടു. എന്നാല്‍ നേതൃത്വത്തിനെതിരെ പരാതി പറഞ്ഞില്ല. 2014ല്‍ ഊര്‍ജമന്ത്രിയായി. 2017ല്‍ കർണാടക പിസിസി പ്രസിഡന്റാകാനുള്ള അവസരം ലഭിച്ചെങ്കിലും സിദ്ധരാമയ്യ എതിര്‍ത്തതിനാല്‍ നടന്നില്ല. അപ്പോഴും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനെതിരെയും സിദ്ധരാമയ്യയ്ക്കെതിരെയും ഒന്നും പറയാതെ ശിവകുമാര്‍ പാര്‍ട്ടിയില്‍ തുടര്‍ന്നു. ഇപ്പോൾ വളരെ നിർണായകമായൊരു ഘട്ടത്തിൽ ബിജെപിയുടെ തന്ത്രങ്ങളെ തോൽപ്പിച്ച് ഡികെ വീണ്ടും കോൺഗ്രസിന്റെ രക്ഷകനാകുന്നു.

related stories