Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ യെഡിയൂരപ്പയ്ക്ക് ഭൂരിപക്ഷമുണ്ടോ ? ഇന്ന് തെളിയും

Congress-jds കുതിരക്കച്ചവടമല്ല: ബെംഗളൂരുവിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പങ്കെടുത്തശേഷം കെപിസിസി ഓഫിസിലേക്ക് മടങ്ങുന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർക്കിടയിലേക്ക് കാലികൾ ഓടിക്കയറിയപ്പോൾ. ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്നതാണ് മാർച്ചിൽ പ്രധാനമായും ഉയർത്തിയ മുദ്രാവാക്യങ്ങളിലൊന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ന്യൂഡൽഹി/ബെംഗളൂരു∙ കർണാടകയിൽ ബി.എസ്.യെഡിയൂരപ്പ സർക്കാർ ഇന്നു നാലിനു വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കിയാണു സുപ്രീം കോടതിയുടെ നിർണായക വിധി. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് തള്ളി. ഇന്നുതന്നെ വോട്ടെടുപ്പ് വേണമെന്ന കോൺഗ്രസ്–ജനതാദൾ (എസ്) ആവശ്യം അംഗീകരിച്ചാണു കോടതിനടപടി. 

അതേസമയം, സഭാനടപടികൾക്കു നേതൃത്വംനൽകാൻ ബിജെപി അംഗം കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി തിരഞ്ഞെടുത്തുള്ള ഗവർണറുടെ നടപടിക്കെതിരെ രാത്രിതന്നെ കോൺഗ്രസും ജെഡിഎസും സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകി. ഇത് ഇന്നു രാവിലെ 10.30നു പരിഗണിക്കും.

സഭയിൽ‍ വോട്ടെടുപ്പു നടക്കുന്നതുവരെ മുഖ്യമന്ത്രി യെഡിയൂരപ്പ നയപരമായ തീരുമാനങ്ങളെടുക്കില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുകുൾ റോഹത്ഗി കോടതിക്ക് ഉറപ്പുനൽകി. വോട്ടെടുപ്പുവരെ നിയമസഭയിലേക്ക് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദേശം ചെയ്യില്ലെന്നു സംസ്ഥാന സർക്കാരിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വ്യക്തമാക്കി. രഹസ്യ വോട്ടെടുപ്പു വേണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളി.

രാവിലെ 11ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്നു സഭാ നടപടികളുടെ തുടക്കം. വൈകിട്ടു നാലിനു മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുകയോ വിട്ടുനിൽക്കുകയോ ചെയ്യുന്നവർ അയോഗ്യരാകും. സുരക്ഷാ ഭീഷണി മൂലം ഇന്നലെ അർധരാത്രി ബെംഗളൂരുവിൽനിന്നു ഹൈദരാബാദിലേക്കുപോയ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ ഇന്നു പുലർച്ചെയോടെ മടങ്ങിയെത്തും. 

കത്തിൽ പരിശോധന പിന്നീട്

യെഡിയൂരപ്പ ഗവർണർക്കു 15നും 16നും നൽകിയ കത്തുകൾ റോഹത്ഗി കോടതിയിൽ ഹാജരാക്കി. തന്റേതാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും മറ്റുള്ളവരുടെ പിന്തുണയും ആവശ്യമായ ഭൂരിപക്ഷവുമുണ്ടെന്നുമാണു കത്തിൽ പറയുന്നത്. ‘മറ്റുള്ളവർ’ ആരൊക്കെയെന്നു വെളിപ്പെടുത്താനാവില്ലെന്നും മുകുൾ റോഹത്ഗി പറഞ്ഞു. ഗവർ‍ണറുടെ നടപടിയുടെ നിയമപരമായ സാധുത പരിശോധിക്കാൻ‍ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി. ‘അന്തിമ തീർപ്പ് ഉടൻ സാധ്യമല്ല. അതുകൊണ്ട്, ഏതു കൂട്ടർക്കാണു ഭൂരിപക്ഷമെന്നു വ്യക്തമാകാൻ ഒട്ടും കാലതാമസമില്ലാതെ സഭയിൽ വോട്ടെടുപ്പു നടത്തുന്നതാണ് ഉചിതം’– വിധിയിൽ പറയുന്നു. 

കേന്ദ്രവും സംസ്ഥാന സർക്കാരും യെഡിയൂരപ്പയും ആറാഴ്ചയ്ക്കകം എതിർസത്യവാങ്മൂലങ്ങൾ നൽ‍കണം. തുടർന്ന്, നാലാഴ്ചയ്ക്കുള്ളിൽ ഹർജിക്കാർക്കു മറുപടി നൽ‍കാം. കേസ് പത്താഴ്ചയ്ക്കുശേഷം പരിഗണിക്കുമെന്നു ഉത്തരവിൽ കോടതി പറഞ്ഞു.

കോടതി പറഞ്ഞത്

∙ പ്രോടെം സ്പീക്കറെ ഉടൻ നിയമിക്കണം

∙ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നാലിനു മുൻപ് പൂർത്തിയാക്കണം

∙ ഇന്നു നാലിനു തന്നെ പ്രോടെം സ്പീക്കർ വിശ്വാസ വോട്ടെടുപ്പ് നടത്തണം

∙ രഹസ്യ വോട്ടെടുപ്പ് അനുവദിക്കില്ല

∙ വോട്ടെടുപ്പ് വരെ യെഡിയൂരപ്പ നയപരമായ തീരുമാനങ്ങൾ എടുക്കരുത്

∙ ആംഗ്ലോ– ഇന്ത്യൻ പ്രതിനിധിയെ നാമനിർദേശം ചെയ്യരുത്

∙ സുരക്ഷ ഡിജിപി ഉറപ്പാക്കുക; നേരിട്ട് മേൽനോട്ടം വഹിക്കുക

related stories