Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഉറങ്ങിയെണീറ്റു, ബിജെപി തോറ്റു

DK Sivakumar വിശ്വാസവോട്ടെടുപ്പിന് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ എത്തിയപ്പോൾ. ചിത്രം. ജോസ്കുട്ടി പനയ്ക്കൽ

ബെംഗളൂരു∙ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രാജിവയ്ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ വന്ന മാറ്റമാണ്. ഗോവയിലും മണിപ്പുരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യം ആവര്‍ത്തിക്കാന്‍ പാടില്ലെന്ന കര്‍ശനമായ നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. ‘ റാഞ്ചാന്‍ ’ അവസരം നല്‍കാതെ, എംഎല്‍എമാരെ സുരക്ഷിത താവളത്തിലേക്കു മാറ്റിയതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. 

കിട്ടിയ അവസരങ്ങള്‍ പല സംസ്ഥാനങ്ങളിലും പാഴാക്കിയ കോണ്‍ഗ്രസിന് കര്‍ണാടക വിജയം നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര രൂപപ്പെടുത്തുന്നതിനും കര്‍ണാടക വഴിയൊരുക്കി. ദേശീയതലത്തില്‍ ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് ശക്തി പകര്‍ന്ന് ബിഹാറിലും ഗോവയിലും മണിപ്പുരിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ സഖ്യം അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കെ കര്‍ണാടകയെന്ന അഭിമാനപ്പോരാട്ടത്തില്‍ പരാജയപ്പെട്ടത് ബിജെപിക്കു വലിയ തിരിച്ചടിയാണ്. ഗവര്‍ണര്‍ വാജുഭായി വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതോടെ എതിര്‍പക്ഷത്തെ എംഎല്‍എമാരെ സ്വാധീനിച്ച് സര്‍ക്കാരുണ്ടാക്കാമെന്ന ബിജെപിയുടെ ധാരണയ്ക്ക് തിരിച്ചടിയായത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ്. അലസത വെടിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം വന്നതോടെ സംസ്ഥാന നേതൃത്വം ഉണര്‍ന്നു. കേന്ദ്രനേതൃത്വം എല്ലാ പിന്തുണയും നല്‍കി. 

ആദ്യ വിജയമുണ്ടായത് കോടതിയിലാണ്. ഭൂരിപക്ഷം തെളിയിക്കാനുള്ള കോണ്‍ഗ്രസ് - ജെഡിഎസ് ശ്രമം ഗവര്‍ണര്‍ പരിഗണിക്കാതിരിക്കുകയും യെഡിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വം സുപ്രീംകോടതിയെ സമീപിച്ചു. പതിനഞ്ചു ദിവസത്തിനകം ഭൂരിപക്ഷം തെളിയാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അവസരം റദ്ദാക്കിയ കോടതി, ഒരു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിച്ചു. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിര്‍ദേശവുമുണ്ടായി. കോടതി ഇടപെടലോടെ, മറുവശത്തെ എംഎല്‍എമാരെ വിലപേശി തങ്ങളുടെ ക്യാംപിലെത്തിക്കാനുള്ള പതിവുതന്ത്രത്തിന് സാവകാശം ലഭിച്ചില്ല. നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വന്നതോടെ പ്രഖ്യാപനങ്ങളിലൂടെയും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങളിലൂടെയും അനുകൂല സാഹചര്യമൊരുക്കാനുള്ള നീക്കവും പാളി.

എംഎല്‍എമാര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ കാണിച്ച ജാഗ്രതയാണ് കോണ്‍ഗ്രസിന്റെ വിജയത്തില്‍ വലിയ ഘടകമായത്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ എംഎല്‍എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് കോണ്‍ഗ്രസ് മാറ്റി. വീട്ടുകാരുമായി സംസാരിക്കാന്‍ പോലും എംഎല്‍എമാരെ അനുവദിക്കാതിരുന്നതോടെ ആ വഴിക്ക് ബിജെപി നടത്തിയ നീക്കങ്ങളും പിഴച്ചു. നിയമസഭയിലെത്തുന്നതുവരെ ആയിരത്തിലധികം കിലോമീറ്ററാണ് ശക്തമായ സുരക്ഷയില്‍ എംഎല്‍എമാര്‍ സഞ്ചരിച്ചു തീര്‍ത്തത്. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ ഡി.കെ. ശിവകുമാറാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയത്. കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ ബിജെപി റാഞ്ചിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഒരു ഘട്ടത്തില്‍ ശിവകുമാര്‍ മുന്നറിയിപ്പും നല്‍കി. 

ആനന്ദ്്സിങ്, പ്രതാപ ഗൗഡ പാട്ടീല്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്ന പ്രചാരണമുണ്ടായെങ്കിലും ഈ നീക്കത്തെയും കോണ്‍ഗ്രസ് ഫലപ്രദമായി ചെറുത്തു. അവര്‍ താമസിക്കുന്ന ഹോട്ടലിലെത്തി വിപ്പ് നല്‍കി സഭയിലെത്തിച്ചു. ബിജെപിയുടെ കോഴവാഗ്ദാനങ്ങള്‍ അപ്പപ്പോള്‍ തെളിവുകള്‍ സഹിതം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതും നേട്ടമായി. 

സംഘടനാ തലത്തില്‍ കോണ്‍ഗ്രസിന് വലിയൊരു ഊര്‍ജമാണ് കര്‍ണാടക സമ്മാനിച്ചത്. ഒരുമിച്ചു നിന്നാല്‍ ബിജെപിയെ ഫലപ്രദമായി ചെറുക്കാനാകുമെന്ന ബോധ്യം പാര്‍ട്ടിക്കുണ്ടായി. വരുന്ന തിരഞ്ഞെടുപ്പുകളിലും ഇതേ തന്ത്രം ആവര്‍ത്തിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ ഉണര്‍വ് മറ്റു പാര്‍ട്ടികള്‍ക്കും വലിയ ഊര്‍ജമാണ് സമ്മാനിച്ചിരിക്കുന്നത്. ബിജെപിക്കെതിരെയുള്ള കോണ്‍ഗ്രസ് പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് മറ്റു പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയെ തോല്‍പിക്കാന്‍ സഹകരിക്കുമെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രസ്താവന. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മതേതര പാര്‍ട്ടികളുടെ ഒരു സഖ്യത്തിന്റെ സാധ്യതകളാണ് കര്‍ണാടക തുറന്നിടുന്നത്.

related stories