Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നേതാക്കളുടെ ശ്രദ്ധയ്ക്ക്’; സഖ്യം പൊളിഞ്ഞാൽ കേന്ദ്രത്തിൽ ബിജെപി ‘വീഴും’

Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും – ഫയൽ ചിത്രം.

ബെംഗളൂരു∙ കര്‍ണാടക നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യാനായി ബെല്ലാരി എംപി ശ്രീരാമലുവും ഷിമോഗ എംപി യെഡിയൂരപ്പയും രാജിവച്ചതോടെ മറ്റു പാര്‍ട്ടികളുടെ സഹായമില്ലാതെ ലോക്സഭയില്‍ കേവലഭൂരിപക്ഷം നേടിയെന്ന ‘ മേന്മ’ ബിജെപിക്ക് ക്രമേണ നഷ്ടപ്പെടുന്നു. 2014 ലെ 285 സീറ്റുകളുടെ ഭൂരിപക്ഷം 270 ആയി കുറഞ്ഞു. കോണ്‍ഗ്രസിന്റെത് 44 ല്‍നിന്ന് 48 ആയി ഉയര്‍ന്നു.

2014 ല്‍ നേടിയ സീറ്റുകളില്‍ ചിലതു നഷ്ടപ്പെട്ടെങ്കിലും എൻഡിഎ സഖ്യത്തിൽ വിള്ളലില്ലാത്തതിനാൽ അധികാരത്തില്‍ തുടരുന്നതിനു ബിജെപിക്ക് തടസങ്ങളില്ല. അഞ്ചു മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ നിലവിലെ ഭൂരിപക്ഷത്തില്‍ വ്യത്യാസം വരാം.

∙ കണക്കിലെ കളികള്‍ മാറി മറിയുന്നു

2014 മേയ് മാസത്തില്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ 285 സീറ്റുകളാണ് ലോക്സഭയില്‍ ഉണ്ടായിരുന്നത്. മൂന്നു പതിറ്റാണ്ടിനു ശേഷമാണ് ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 339 സീറ്റുണ്ടായിരുന്നു. കോണ്‍ഗ്രസിന് 44 സീറ്റും. 543 അംഗ സഭയില്‍ ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 272 സീറ്റാണ്. കേവല ഭൂരിപക്ഷം നേടാനാവശ്യമായ സംഖ്യയെക്കാള്‍ 13 സീറ്റുകളാണ് ബിജെപിക്ക് അധികമായി ലഭിച്ചത്.

പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തോല്‍വിയും ചിലയിടത്ത് വിജയവുമുണ്ടായി. സീറ്റുകള്‍ 274 ആയി ചുരുങ്ങി. ഇനി അഞ്ചു മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. യുപിയിലെ കൈരാന, മഹാരാഷ്ട്രയിലെ പാല്‍ഗര്‍, മഹാരാഷ്ട്രയിലെ ഭണ്ഡാര - ഗോണ്ടിയ, നാഗാലാൻഡ് മണ്ഡലങ്ങളില്‍ 28നാണ് തിരഞ്ഞെടുപ്പ്. കശ്മീരിലെ അനന്തനാഗ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 536. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 268. ഉത്തര്‍പ്രദേശിലെയും മറ്റു സ്ഥലങ്ങളിലേയും ഉപതിരഞ്ഞെടുപ്പുകളിലെ വിജയ പരാജയങ്ങള്‍ക്കുശേഷം 2018ല്‍ ബിജെപിയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 274 പേര്‍. ബിജെപിയുടെ രണ്ടു റിബലുകളായ കീര്‍ത്തി ആസാദ്, ശത്രുഘന്‍സിന്‍ഹ എന്നിവരെ ഒഴിവാക്കിയാല്‍ 272. ശ്രീരാമലുവും യെഡിയൂരപ്പയും രാജിവച്ചതോടെ 270. രണ്ടു സീറ്റ് കുറഞ്ഞാല്‍ മൂന്നു ദശാബ്ദത്തിനുശേഷം കേവല ഭൂരിപക്ഷം നേടിയ ഒറ്റകക്ഷിയെന്ന പദവി ബിജെപിക്ക് നഷ്ടപ്പെടാം. വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വിജയമോ പരാജയമോ ഉണ്ടായാല്‍ സംഖ്യകളില്‍ വീണ്ടും വ്യത്യാസം വരും. സഖ്യകക്ഷികളുള്ളതിനാല്‍ അധികാരം നഷ്ടപ്പെടുമെന്ന ആശങ്കയില്ല. മാത്രമല്ല, ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി അധിക നാളുമില്ല. 

∙ 2014 ല്‍ എന്‍ഡിഎയുടെ ഭൂരിപക്ഷം 336. – ബിജെപി 282, ശിവസേന 18, ടിഡിപി 16, എല്‍ജെപി 6, എസ്എഡി 4, ആര്‍എല്‍എസ്പി 3, അപ്നാദള്‍ 2, നാഗാ പീപ്പിൾ ഫ്രണ്ട് 1, നാഗാ പീപ്പിള്‍സ് പാര്‍ട്ടി 1, സ്വാഭിമാനി പക്ഷ 1, പിഎംകെ 1, എഐഎന്‍ആര്‍സി 1

∙2014 ൽ യുപിഎ കക്ഷി നില 59. കോണ്‍ഗ്രസ് 44, എന്‍സിപി 6, ആര്‍ജെഡി 4, മുസ്‌ലിം ലീഗ് 2, കേരള കോണ്‍ഗ്രസ് എം 1, ജെഎംഎം 2

∙ഇടതുപക്ഷം 12

∙ മറ്റുള്ളവര്‍ 136

related stories