Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബങ്കർ തകർത്ത് ഇന്ത്യൻ സേന; വെടിനിർത്തൽ അപേക്ഷയുമായി പാക്കിസ്ഥാൻ

Indian army ഇന്ത്യൻ സേന. (ഫയൽ ചിത്രം)

ശ്രീനഗർ∙ ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തിനു പിന്നാലെ, വെടിനിർത്തൽ പുനഃസ്ഥാപിക്കണമെന്ന അപേക്ഷയുമായി പാക്കിസ്ഥാൻ. രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണങ്ങളും വെടിവയ്പും തുടർന്നതോടെയാണ് ഇന്ത്യ വൻതോതിൽ തിരിച്ചടിച്ചതെന്ന് അതിർത്തി രക്ഷാസേന (ബിഎസ്എഫ്) അറിയിച്ചു. റോക്കറ്റ് തൊടുത്ത് പാക്ക് ബങ്കറുകൾ തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു.

ജമ്മുവില്‍ നിന്ന് 30 കിലോമീറ്റർ അകലെ മൂന്നു ഭാഗങ്ങളും പാക്ക് സേനയാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ അക്നൂർ മേഖലയിലേക്കാണ് ഇന്ത്യ റോക്കറ്റ് തൊടുത്തത്. പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി കൊടുത്തതോടെ പാക്ക് സൈന്യം വെടിനിർത്തലിന് അപേക്ഷിക്കുകയായിരുന്നു. ഇന്ത്യയെ ഇനിയും ലക്ഷ്യമിട്ടാല്‍ തക്കതായ മറുപടി നല്‍കുമെന്ന് ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞദിവസം ജമ്മുവിലെ സൈനിക പോസ്റ്റുകൾക്കും അതിർത്തി ഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ നടത്തിയ പീരങ്കിയാക്രമണത്തിൽ നാലു നാട്ടുകാരും ബിഎസ്എഫിലെ ഒരു ഭടനും കൊല്ലപ്പെട്ടു. 12 പേർക്കു പരുക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു–കശ്മീർ സന്ദർശനത്തിന് ഒരു ദിവസം മുൻപായിരുന്നു ആക്രമണം. 

ജമ്മുവിലെ രാജ്യാന്തര അതിർത്തിയിൽ ആർഎസ് പുര, അർണിയ, ബിഷ്ണ സെക്ടറുകളിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെ തുടങ്ങിയ പാക്ക് ആക്രമണം മണിക്കൂറുകൾ നീണ്ടു. പാക്ക് ആക്രമണം തുടരുന്നതിനിടെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ സുരക്ഷാഭീഷണിയുള്ള നാട്ടുകാരെ താൽക്കാലിക അഭയകേന്ദ്രത്തിലേക്കു മാറ്റിത്തുടങ്ങി.