Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ ഇനി ചർച്ച മന്ത്രിമാരുടെ വകുപ്പുകളിന്മേൽ; ഇന്ന് സംയുക്ത നേതൃയോഗം

HD-Kumarswamy-Rahul-Gandhi കർണാടകയിൽ കോൺഗ്രസിന്റെ വിജയാഹ്ലാദം (ഫയൽ ചിത്രം)

ബെംഗളൂരു∙ ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലേറുമെന്ന് ഉറപ്പായി; ഇനി ചർച്ചകൾ കോൺഗ്രസ്–ജെഡിഎസ് മന്ത്രിസഭയെച്ചൊല്ലി. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാൻ ഇരുപാർട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്നു നടക്കും. കോൺഗ്രസിൽനിന്ന് 20 പേർക്കും ദളിൽനിന്നു 13 പേർക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണു സൂചന.

രണ്ടു പേരെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നത്. ഇതിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകുമെന്ന് വ്യക്തമായി. കോൺഗ്രസിന്റെ ഡി.കെ.ശിവകുമാറിന്റെ പേരാണ് ഒപ്പം ഉയർന്നു കേൾക്കുന്നത്. കുമാരസ്വാമി സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിന് നിർണായക കരുനീക്കങ്ങൾ നടത്തിയ നേതാവാണു ശിവകുമാർ. എന്നാൽ ഇദ്ദേഹത്തിന്റെ കാര്യത്തിൽ ഇന്നലെ ചേർന്ന ഇരുപാർട്ടികളുടെയും യോഗത്തിലും തീരുമാനമായില്ല.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തന്നെയായിരിക്കും ധനവകുപ്പും കൈകാര്യം ചെയ്യുകയെന്നറിയുന്നു. കുമാരസ്വാമി രണ്ടാം തവണയാണു കർണാടക മുഖ്യമന്ത്രിയാകുന്നത്. 2006– 07 കാലയളവിൽ ബിജെപിയുമായി സഖ്യത്തിലായിരുന്നു ആദ്യ ഊഴം. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്തുമെന്നാണു കുമാരസ്വാമി ആദ്യം പ്രഖ്യാപിച്ചതെങ്കിലും അന്നു രാജീവ്ഗാന്ധിയുടെ ചരമവാർഷികദിനമായതിനാൽ ചടങ്ങ് ബുധനാഴ്ചയിലേക്കു മാറ്റി.

അതിനിടെ കുമാരസ്വാമി നാളെ ഡൽഹിയിലെത്തും. രാജീവ് ഗാന്ധിയുടെ ചരമവാർഷികദിനച്ചടങ്ങുകളിൽ പങ്കെടുക്കാനാണ് യാത്ര. രാജീവിന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം അദ്ദേഹം രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തും.

related stories