Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതി, അഴിമതി, അപ്രതീക്ഷിത സഖ്യങ്ങൾ: കർണാടകയിൽ കളി തീരുന്നില്ല

Prathap-gowda--sivakumar കര്‍ണാടക നിയമസഭയിലേക്ക് മറ്റ് എംഎല്‍എമാര്‍ക്കൊപ്പം എത്താതിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരിലൊരാളായ പ്രതാപ് ഗൗഡയെ കണ്ടെത്തി വിധാന്‍സൗധയിലെത്തിച്ചപ്പോള്‍, ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളി മാറ്റുന്ന മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍. ചിത്രം: മനോരമ

ജാതി സമവാക്യങ്ങളുടെ രാഷ്ട്രീയ തട്ടകമാണു കർണാടകയിലേത്. ഇതാ അതു വീണ്ടും തെളിയുന്നു. ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന്  ഉറപ്പായതോടെ നിയമസഭയിൽ നെടുനീളൻ പ്രസംഗം നടത്തി രാജിവച്ചു പോകുന്നതിനിടെ ബി.എസ്. യെഡിയൂരപ്പ അതു പറഞ്ഞുവച്ചു: ‘ഒരു ലിംഗായത്ത് മുഖ്യമന്ത്രിയെ കർണാടകയിൽ അനുവദിക്കില്ലെന്നു കോൺഗ്രസും ജനതാദളും (എസ്) തീരുമാനിച്ചിരിക്കുകയാണ്’. അതു കൊള്ളുന്നതു കർണാടകയിലെ ഭൂരിപക്ഷ ലിംഗായത്തുകളുടെ മനസ്സിലാണ്. ഇനി ഒരു തിരഞ്ഞെടുപ്പു വന്നാലും ലിംഗായത്ത് വോട്ടുകൾ തനിക്കു കരുത്തായി നിൽക്കണമെന്നു യെഡിയൂരപ്പ കരുതിയിട്ടുണ്ടാകും; വൊക്കലിഗ വിഭാഗക്കാരനായ എച്ച്.ഡി. കുമാരസ്വാമി വീണ്ടും മുഖ്യമന്ത്രിയാകുമ്പോൾ പ്രത്യേകിച്ചും. 

ലിംഗായത്തുകൾ കൈവിട്ട കോൺഗ്രസ്

ലിംഗായത്തുകൾ കരുത്തരാണു കർണാടകയിൽ. സാമൂഹിക പരിഷ്കർത്താവായിരുന്ന ബസവേശ്വരയുടെ അനുയായികൾ. ബോംബെ–കർണാടക, ഹൈദരാബാദ്– കർണാടക, മധ്യകർണാടക എന്നിവിടങ്ങളിലും സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തെ ചാമരാജ് നഗർ ജില്ലയിലും ശക്തമായ സാന്നിധ്യമാണീ സമുദായം. (സംസ്ഥാന രൂപീകരണത്തിനു മുൻപു ബോംബെ പ്രസിഡൻസിയുടെ കീഴിലുണ്ടായിരുന്ന കർണാടക മേഖലയാണു ബോംബെ–കർണാടകയായി അറിയപ്പെടുന്നത്.

Yeddurappa കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്നും 56 മണിക്കൂറിനുശേഷം രാജി പ്രഖ്യാപിച്ച് ബെംഗളൂരു വിധാന്‍സൗധയില്‍ നിന്നും പുറത്തെത്തുന്ന ബി.എസ്. യെഡിയൂരപ്പ. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

ഹൈദരാബാദ് നിസാമിന്റെ അധീനമേഖലകളാണ് ഇന്നത്തെ ഹൈദരാബാദ് –കർണാടക പ്രദേശങ്ങൾ). സിദ്ധഗംഗ, സുത്തൂർ തുടങ്ങിയ മഠങ്ങൾ ഈ വിഭാഗത്തിന്റേതായുണ്ട്. വീരേന്ദ്ര പാട്ടീലിനു ശേഷം കോൺഗ്രസ് ഈ വിഭാഗത്തിൽനിന്നുള്ളവരെ ആരെയും മുഖ്യമന്ത്രിയാക്കിയില്ല. അതിനു തക്ക കരുത്തുള്ള ലിംഗായത്ത് നേതാക്കൾ ആരും കോൺഗ്രസിലുണ്ടായിരുന്നില്ലെന്നതാണു പ്രധാന കാരണം. അപ്പോഴേക്കും ബി.എസ്. യെഡിയൂരപ്പയെന്ന കരുത്തുറ്റ നേതാവിനു പിന്നിൽ വലിയ തോതിൽ അണിനിരന്നുകഴിഞ്ഞിരുന്നു അവർ. മഠാധിപതികളുടെ പിന്തുണയും വിശ്വാസവും യെഡിയൂരപ്പ ആർജിച്ചെടുത്തു. 

ബിജെപിയല്ല യെഡിയൂരപ്പ

യെഡിയൂരപ്പയ്ക്ക് ഈ സമുദായത്തിലുള്ള സ്വാധീനം കോൺഗ്രസ് മാത്രമല്ല, ബിജെപിയും മനസ്സിലാക്കിക്കഴിഞ്ഞതാണ്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിട്ടു കെജെപി രൂപീകരിച്ച യെഡിയൂരപ്പ ലിംഗായത്ത് സമുദായത്തെ ബിജെപിയിൽനിന്നകറ്റി. ലിംഗായത്ത് സ്വാധീനമേഖലകളിൽ  സമുദായ വോട്ടുകൾ കെജെപി കൊണ്ടുപോയപ്പോൾ  തിരഞ്ഞെടുപ്പുഫലം കോൺഗ്രസിന് അനുകൂലമായി.  യെഡിയൂരപ്പ തിരികെ ബിജെപിയിലെത്തി. അതായതു ലിംഗായത്ത് വോട്ടുകളും ബിജെപിക്കൊപ്പമായി. അതിനു തെളിവാണ് ഇപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എല്ലാ ലിംഗായത്ത് മേഖലകളിലും ബിജെപി കൂടുതൽ സീറ്റുകൾ നേടുകയും ചെയ്തു.

ദക്ഷിണേന്ത്യയിലേക്ക് പ്രവേശനം തേടി

ദക്ഷിണേന്ത്യയിലെ പ്രമുഖ സംസ്ഥാനത്തു വീണ്ടും അധികാരത്തിലെത്തുകയെന്ന് ഉറച്ചാണു ബിജെപി  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടെണ്ണൽ പുരോഗമിക്കുന്തോറും അവരുടെ പ്രതീക്ഷ ഉയർന്നു. 224 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിനാവശ്യമായ 113 സീറ്റും കടന്ന് 124 സീറ്റുകളിൽവരെ അവർ ഒരു സമയത്തു ലീഡ് ചെയ്തു. എന്നാൽ ആയിരവും അതിൽ താഴെയും വോട്ടുകൾക്കു മുന്നേറ്റമുണ്ടായ ഇരുപതോളം മണ്ഡലങ്ങളിൽ ലീഡ്നില മാറിമറിഞ്ഞപ്പോൾ ബിജെപി 104 സീറ്റിലും കോൺഗ്രസ് 78 സീറ്റിലും ജനതാദൾ 38 സീറ്റിലും എത്തിനിന്നു. ബിജെപിയുടെ പ്രതീക്ഷയും ആത്മവിശ്വാസവും കുറഞ്ഞു. ഈ കക്ഷിനില വന്നപ്പോൾത്തന്നെ കർണാടകയിൽ അധികാരത്തിനായി വൻതോതിൽ രാഷ്ട്രീയ കുതിരക്കച്ചവടം നടക്കുമെന്ന് ഉറപ്പായി.

anand-singh കര്‍ണാടക നിയമസഭയിലേക്ക് എത്താതിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ അവസാനത്തെ ആളായ ആനന്ദ് സിങ്ങിനെ ചേര്‍ത്തുപിടിച്ച് വിധാന്‍സൗധ മന്ദിരത്തിനുള്ളിലേക്ക് നടക്കുന്ന മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍. ‘കാണാതായ’ രണ്ട് എംഎല്‍എമാരെയും സഭയിലെത്തിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചത് ശിവകുമാറാണ്. ചിത്രം: മനോരമ ​

ഖനി ലോബിയുടെ സ്വാധീനം

ബെള്ളാരി മേഖലയിലെ ഇരുമ്പയിരു ഖനന ലോബിയുടെ വൻ സ്വാധീനം രണ്ടു പതിറ്റാണ്ടോളമായി കർണാടക രാഷ്ട്രീയത്തിൽ സുവ്യക്തമാണ്. ബെള്ളാരി ജില്ലയിലെ പ്രമുഖ ഖനി മുതലാളിയായ ഗാലി ജനാർദന റെഡ്ഡി, ജ്യേഷ്ഠ സഹോദരൻ ജി. കരുണാകര റെഡ്ഡി, അനുജൻ ജി. സോമശേഖർ റെഡ്ഡി എന്നിവരാണു റെഡ്ഡി സഹോദരന്മാർ. ഇവരുടെ വിശ്വസ്ത തോഴൻ ബി. ശ്രീരാമുലുവും കൂടി ചേരുന്നതാണ് ഇവരുടെ ബലം. ബിജെപി അധികാരത്തിൽവന്ന 2008 ലെ സർക്കാരിനെ നിയന്ത്രിച്ചിരുന്നത് ഇവരുടെ പണമായിരുന്നു. തുടക്കത്തിൽ ഇവരും അന്നത്തെ മുഖ്യമന്ത്രി യെഡിയൂരപ്പയും നല്ല ബന്ധത്തിലായിരുന്നു. കരുണാകര റെഡ്ഡിയും ജനാർദന റെഡ്ഡിയും ശ്രീരാമുലുവും മന്ത്രിമാരായി. ഇളയ അനുജനും എംഎൽഎയുമായ ജി. സോമശേഖർ റെ‍ഡ്ഡി കർണാടക മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ചെയർമാനായി. 

എന്നാൽ, ഇടയ്ക്കുവച്ച് യെഡിയൂരപ്പയും റെഡ്ഡി സഹോദരന്മാരും തമ്മിൽ തെറ്റി. ബിജെപിയിൽ കലാപമായി. യെഡിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നു നീക്കാനുള്ള എതിർപക്ഷത്തിന്റെ നീക്കം ഒടുവിൽ വിജയിച്ചു. പിന്നീടു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യെഡിയൂരപ്പ ബിജെപി വിടുകയും കോൺഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി.

കോൺഗ്രസിനെതിരെ ദൾ–ബിജെപി ബന്ധം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയും ജനതാദളും കോൺഗ്രസിനെതിരെ പരസ്പര ധാരണയിൽ ഏതാനും മണ്ഡലങ്ങളിൽ പ്രവർത്തിച്ചിരുന്നുവെന്നതു മൈസൂരു–െബംഗളൂരു മേഖലകളിലെ ഭൂരിഭാഗം മണ്ഡലങ്ങളിലെയും ഫലങ്ങളിൽനിന്നു വ്യക്തമാണ്. ജനതാദൾ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്നു കോൺഗ്രസ് കുറ്റപ്പെടുത്തിയതും മറ്റൊന്നുകൊണ്ടുമല്ല. ഈ മേഖലയിൽ ജനതാദൾ വിജയിച്ച മണ്ഡലങ്ങളിലെല്ലാംതന്നെ ബിജെപി സ്ഥാനാർഥികൾ നേടിയതു നാമമാത്രമായ വോട്ടുകളാണ്. 

തിരഞ്ഞെടുപ്പിനു ശേഷം

ബിജെപിയെ അധികാരത്തിൽനിന്നകറ്റുകയെന്ന കോൺഗ്രസ്–ജനതാദൾ തന്ത്രം വിജയിക്കുന്ന കാഴ്ചയാണു കർണാടകയിൽ കണ്ടത്. സമീപകാലത്തു രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം, ഭൂരിപക്ഷം നേടാനാകാതിരുന്ന സ്ഥലങ്ങളിൽപോലും ബിജെപി അധികാരത്തിലെത്തുന്നതാണു കണ്ടത്. കർണാടകയിൽ ആ സ്ഥിതി അനുവദിക്കരുതെന്നു തീരുമാനിച്ചാകാം വോട്ടെണ്ണൽ കഴിഞ്ഞയുടൻ കോൺഗ്രസ് കല്ല് ഒരു മുഴം മുൻപേക്ക് എറിഞ്ഞത്. അതു സമീപകാലത്തു കോൺഗ്രസ് കൈക്കൊണ്ട ഏറ്റവും ബുദ്ധിപരമായ രാഷ്ട്രീയ തീരുമാനമായി.

എച്ച്.ഡി. കുമാരസ്വാമിക്കു മന്ത്രിസഭ രൂപീകരിക്കാൻ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു കോൺഗ്രസ്. കർണാടക ഗവർണർക്ക് ഇതു സംബന്ധിച്ച കത്തും നൽകി. കുമാരസ്വാമി ഈ പിന്തുണ സ്വീകരിച്ചതായി ഗവർണറെ അറിയിക്കുകയും മന്ത്രിസഭ രൂപീകരിക്കാൻ അവകാശമുന്നയിക്കുകയും ചെയ്തു. എന്നാൽ ഗുജറാത്തിലെ മുൻ ബിജെപി പ്രസിഡന്റ് കൂടിയായ ഗവർണർ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചത് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിയെ. ബി.എസ്. യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിക്കുകയും ചെയ്തു. 

Vishnu-and-Yashomati കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്നു ബി.എസ്. യെഡിയൂരപ്പ രാജിപ്രഖ്യാപിച്ച് പുറത്തുപോയപ്പോള്‍ ബെംഗളൂരു വിധാന്‍സൗധ മന്ദിരത്തിന്റെ വളപ്പില്‍ വിജയമുദ്ര കാണിക്കുന്ന എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥും മഹാരാഷ്ട്ര എംഎല്‍എ യശോമതി ഠാക്കൂറും.ചിത്രം: മനോരമ

കോൺഗ്രസിന്റെ അടുത്ത നീക്കം

ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതു കോൺഗ്രസ് സ്വീകരിച്ച അടുത്ത മികച്ച നീക്കമായി. കോൺഗ്രസ്–ദൾ സഖ്യത്തിനു ഭൂരിപക്ഷമുണ്ടെന്നു വ്യക്തമായിട്ടും ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്യുന്ന നീക്കം. അതു കുറിക്കുകൊണ്ടു.

സുപ്രീം കോടതി വിധി

ഇനി ഏതു സംസ്ഥാനത്തു സമാനമായ സ്ഥിതിയുണ്ടായാലു ം പരിഗണിക്കപ്പെടാവുന്ന സുപ്രധാനമായ വിധിയാണു സുപ്രീം കോടതി കർണാടക വിഷയത്തിൽ കൈക്കൊണ്ടത്.. 16ന് അർധരാത്രിക്കു ശേഷം കോൺഗ്രസ് ഹർജി പരിഗണിച്ച സുപ്രീം കോടതി യെഡിയൂരപ്പ അധികാരമേൽക്കുന്നതു സ്റ്റേ ചെയ്തില്ലെങ്കിലും 19 നു വൈകിട്ട് നാലു മണിക്കു മുൻപായിതന്നെ സഭയിൽ വിശ്വാസവോട്ട് നേടാൻ നിർദേശിച്ചതു ബിജെപിക്കും യെഡിയൂരപ്പയ്ക്കുമേറ്റ  കനത്ത തിരിച്ചടിയായി. ജനാധിപത്യവ്യവസ്ഥയിൽ ജുഡീഷ്യറിക്കുള്ള നിർണായക പങ്ക് ഉയർത്തിപ്പിടിക്കുന്ന ഇടപെടലായി സുപ്രീം കോടതിയുടേത്. ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നു വന്നതോടെ യെഡിയൂരപ്പ രാജിവച്ചു. 

നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ രാജിവയ്ക്കുന്നതിൽ റെക്കോർഡ് തന്നെ സൃഷ്ടിച്ചു യെഡിയൂരപ്പ. 2007ല്‍ അദ്ദേഹം സമാനമായ രീതിയിൽ വിശ്വാസവോട്ടു തേടുന്ന പ്രമേയം അവതരിപ്പിക്കുന്നതിനിടെ രാജി പ്രഖ്യാപിച്ചു നിയമസഭയിൽനിന്നിറങ്ങിപ്പോയിരുന്നു. 

കുമാരസ്വാമി സർക്കാർ

എച്ച്.ഡി. കുമാരസ്വാമിയെ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചു. വീണ്ടും കർണാടകയിലൊരു  കോൺഗ്രസ്–ദൾ സഖ്യ സർക്കാർ. ഇതിനു മുൻപു 2004 ലാണു കോൺഗ്രസും ദളും കൈകോർത്തത്.  കോൺഗ്രസിലെ എൻ. ധരംസിങ് മുഖ്യമന്ത്രിയും അന്നു ജനതാദളിലായിരുന്ന സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയുമായി. എന്നാൽ ആ മന്ത്രിസഭയെ മറിച്ചിട്ട് ബിജെപിക്കൊപ്പം ചേർന്നു മുഖ്യമന്ത്രിയായ ആളാണ് ഇന്നു മുഖ്യമന്ത്രിയാകുന്ന കുമാരസ്വാമി.. പക്ഷേ, അന്നത്തേതിലും പക്വതയുള്ള നേതാവാണ് ഇന്നദ്ദേഹം. കാളയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടുകയെന്നു 2004ലെ കോൺഗ്രസ്–ദൾ സഖ്യത്തെ വിമർശകർ പരിഹസിച്ചിരുന്നു. ഈ ഭരണം അങ്ങനെ ആകില്ലെന്നു കരുതാം.

കുമാരസ്വാമിക്കും വിശ്വാസവോട്ടു നേടേണ്ടതുണ്ട്. അതുവരെ കോൺഗ്രസിനും ജനതാദളിനും തങ്ങളുടെ എംഎൽഎമാരെ ചിറകിനടിയിലൊളിപ്പിച്ച് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വീണ്ടും ബിജെപിയും റെഡ്ഡി സഹോദരന്മാരും കോടികളുടെ വാഗ്ദാനവുമായി ഇവരെ ചാക്കിടാൻ ശ്രമിക്കുമോ എന്ന ഭയം അവർക്കുണ്ടാകുന്നതിൽ അത്ഭുതവുമില്ല. 

ബിജെപി മാറി നിൽക്കുമോ?

കർണാടകയിലെ സംഭവ വികാസങ്ങൾ എന്തായാലും ബിജെപിക്ക്, പ്രത്യേകിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി പ്രസിഡന്റ് അമിത് ഷായ്ക്കും നേരിട്ട തിരിച്ചടിയായാണു വിലയിരുത്തപ്പെടുന്നത്. ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ഉറപ്പില്ലെങ്കിൽ രാജിവച്ചുകൊള്ളാൻ അമിത് ഷാ യെഡിയൂരപ്പയോടു നിർദേശിച്ചതിനു കാരണവും അതുതന്നെ. കുമാരസ്വാമി സർക്കാരിനെ  ഭരിക്കാൻ അനുവദിക്കുകയും അതുവഴി, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുയും ചെയ്യുകയെന്ന ലക്ഷ്യം ബിജെപിക്കുണ്ടെന്നു വേണം സംശയിക്കാൻ. ഈ ഭരണം സ്വരച്ചേർച്ചയോടെ മുന്നോട്ടുപോയില്ലെങ്കിൽ അതിന്റെ നേട്ടം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാമെന്ന കണക്കുകൂട്ടൽ.  

അതോടൊപ്പം, യെഡിയൂരപ്പ മുഖ്യമന്ത്രിയാകുന്നതിൽ ബിജെപിയിൽ കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറിനെപ്പോലുള്ളവർക്ക് അത്രകണ്ടു സന്തോഷമില്ലെന്നതു രഹസ്യമല്ല. അമിത് ഷായും ഏറെക്കുറെ ഈ നിലപാടുള്ളയാളാണ്. അഴിമതി ആരോപണങ്ങൾ ഏറെ നേരിട്ടയാളാണു യെഡിയൂരപ്പ. അദ്ദേഹം ഭരണത്തിലിരിക്കുമ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതു പാർട്ടിക്കു തലവേദനയാകുമെന്ന തോന്നൽ ഷായ്ക്കുണ്ടത്രെ. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ സംഭവവികാസവും യെഡിയൂരപ്പയുടെ രാജിയും ‘ഉർവശീ ശാപം ഉപകാരം’ എന്നതു പോലെയായോ ബിജെപിക്ക് എന്നതേ അറിയാനുള്ളൂ.

related stories