Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഠ്‌വ പീഡനം: രക്ഷപ്പെടാൻ പ്രതി വ്യാജ തെളിവുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച്

kathua-rape-protest കഠ്‍വ കൂട്ടമാനഭംഗക്കേസിൽ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവർ. (ഫയൽ ചിത്രം)

ശ്രീനഗർ∙ ജമ്മുവിലെ കഠ്‌വയിൽ എട്ടുവയസ്സുകാരിയെ സംഘം ചേർന്നു പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽനിന്ന് രക്ഷപ്പെടാന്‍ പ്രതികളിലൊരാള്‍ വ്യാജ തെളിവുണ്ടാക്കിയതായി ഫോറന്‍സിക് പരിശോധനാ റിപ്പോർട്ട്. വിശാല്‍ ജംഗോത്രയാണു കുറ്റകൃത്യം നടക്കുന്ന സമയത്ത് സ്ഥലത്തില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചതെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു.

സംഭവസമയത്തു താന്‍ മീററ്റിലെ കോളജില്‍ പരീക്ഷ എഴുതുകയായിരുന്നു എന്നുകാണിച്ചു രക്ഷപ്പെടാനാണു വിശാല്‍ ശ്രമിച്ചത്. എന്നാല്‍ പരീക്ഷാപേപ്പറിലെയാണെന്നു പറഞ്ഞു കോടതിയില്‍ വിശാൽ സമര്‍പ്പിച്ച ഒപ്പ് ഇയാളുടേതല്ലെന്നു സെൻട്രൽ ഫൊറൻസിക് സയൻസസ് ലബോറട്ടറി (സിഎഫ്എസ്എൽ) കണ്ടെത്തി. സഹപാഠികളായ സുഹൃത്തുക്കളാരോ വ്യാജ ഒപ്പ് ഇട്ടെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം. വിശാലിന്റെ മൂന്നു സുഹൃത്തുക്കളോടു ഹാജരാവാന്‍ അന്വേഷണസംഘം നിര്‍ദ്ദേശിച്ചു. എട്ടു പ്രതികളാണ് കേസില്‍ അറസ്റ്റിലായത്.

‌കേസിന്റെ വിചാരണ പഞ്ചാബിലെ പഠാൻകോട്ട് ജില്ലാ സെഷൻസ് കോടതിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ജമ്മു കശ്മീരിൽ പ്രാബല്യത്തിലുള്ള രൺബീർ ശിക്ഷാ നിയമത്തിന്റെ (ആർപിസി) അടിസ്ഥാനത്തിലാവും പഠാൻകോട്ട് കോടതിയിൽ വിചാരണ.