Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശങ്കയുയർത്തി നിപ്പാ വൈറസ്, മരണം ഒൻപതായി; പരിശോധിക്കാൻ കേന്ദ്രസംഘം

Astro Bat വവ്വാലുകളുടെ സ്പർശമേറ്റ പഴങ്ങളിൽ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു വൈറസ് കടക്കാം. രോഗം ബാധിച്ച മനുഷ്യരിൽനിന്നു മറ്റുള്ളവരിലേക്കും പകരും.

പേരാമ്പ്ര ∙ കേരളത്തിൽ നിപ്പാ വൈറസ് ബാധയെന്നു സ്ഥിരീകരണം. കഴിഞ്ഞദിവസം കോഴിക്കോട് മരിച്ച രണ്ടുപേരിലും ചികില്‍സയിലുള്ള ഒരാളിലുമാണു വൈറസ് കണ്ടെത്തിയത്. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണു വൈറസ് സ്ഥിരീകരിച്ചത്. അതിനിടെ, പനിബാധിച്ച് ആറുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ ഒൻപതായി.

പേരാമ്പ്ര ഉള്‍പ്പെടെയുളള പനിബാധിത സ്ഥലങ്ങള്‍ കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും തിങ്കളാഴ്ച സന്ദര്‍ശിക്കും. തിങ്കളാഴ്ച സന്ദര്‍ശിക്കും. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതം മരിച്ചു. മുന്നിയൂര്‍, ചട്ടിപ്പറമ്പ്, തെന്നല സ്വദേശികളാണു മരിച്ചത്. ഇവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കൂട്ടാലിട സ്വദേശി ഇസ്മായില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണു മരിച്ചത്. ചികില്‍സയില്‍ കഴിയുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്ക് പുറമെ 25 പേര്‍ രോഗലക്ഷണങ്ങളുമായി ചികില്‍സയിലുണ്ട്.‌ പനിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കും. പനി നേരിടാൻ സംസ്ഥാനതലത്തിൽ കൺട്രോൾ റൂം തുറന്നു. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.

മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രോഗമേഖലയിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ യോഗവും ചേർന്നു. ഇതിനു പിന്നാലെയാണു പ്രത്യേക ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയത്. അവശ്യസാഹചര്യം മുൻനിർത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ കൂടുതൽ വെന്റിലേറ്ററുകൾ സ്ഥാപിക്കും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിക്കും. വവ്വാലിൽനിന്നു പകരുന്ന ‘നിപ്പാ വൈറസ്’ പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്കജ്വരമാണു മരണകാരണം.

പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിൽ അപൂർവ വൈറസ് രോഗം ബാധിച്ച് മൂന്നുപേരാണ് ആദ്യം മരിച്ചത്. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവർക്കു പിന്നാലെ മൂസയുടെ സഹോദരൻ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. സാലിഹിന്റെ നവവധു ആത്തിഫയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

നെഞ്ചുരോഗാശുപത്രിയിലെ അഞ്ചുപേരടക്കം ആറുപേരാണ് മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. കൊച്ചിയിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയ രണ്ടു പേരുടെ ആരോഗ്യനിലയും ആശങ്കയുണ്ടാക്കുന്നതാണ്. ബീച്ച് ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനിയും സമാന രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി. അടിയന്തര സാഹചര്യം നേരിടാന്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നിരീക്ഷണ സംവിധാനം തുടങ്ങി. വൈറല്‍പനി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് 0495 2376063 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാം.

നിപ്പാ വൈറസ് (എൻഐവി)

1998ൽ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിൽ പടർന്നു പിടിച്ച മാരക മസ്തിഷ്ക ജ്വരത്തിനു കാരണമായ വൈറസ്. അന്നാണ് ആദ്യം കണ്ടെത്തിയത്. പഴങ്ങൾ ഭക്ഷിക്കുന്ന വാവലുകളിൽ നിന്നാണു മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരുന്നത്. മലേഷ്യയിൽ പന്നിവളർത്തു കേന്ദ്രങ്ങളിൽ അവയുമായി ഇടപഴകിയവർക്കാണ് ഏറെയും രോഗ ബാധയുണ്ടായത്. വാവലുകളുടെ സ്പർശമേറ്റ പഴങ്ങളിൽ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം. രോഗം ബാധിച്ച മനുഷ്യരിൽനിന്നു മറ്റുള്ളവരിലേക്കും പകരും. വാക്സിൻ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്കജ്വരത്തിലെത്തുന്നതാണു ലക്ഷണങ്ങൾ. രോഗികളാകുന്നവരിലെ ശരാശരി മരണനിരക്ക് 74.5%.