Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഗറിനു പിന്നാലെ ‘മേകുനു’; വഴിമാറില്ല കേരളത്തിലെ മഴ

വർഗീസ് സി. തോമസ്
Cyclone Representative Image

പത്തനംതിട്ട∙ സാഗറിനു പിന്നാലെ വരുന്നത് മേകുനു. ലക്ഷദ്വീപിനോടു ചേർന്ന് തിങ്കളാഴ്ച രൂപപ്പെട്ട ന്യൂനമർദം ചൊവ്വാഴ്ച ചുഴലിക്കാറ്റായി മാറിയാൽ ഇടാൻ പോകുന്ന പേരാണിത്. ലോക കാലാവസ്ഥാ സംഘടന (ഡബ്ലിയുഎംഒ) തയാറാക്കിയ പട്ടികയിൽനിന്നാണ് ഈ സീസണിൽ രൂപമെടുക്കാൻ പോകുന്ന രണ്ടാമത്തെ ചുഴലിക്കു പേരിടുന്നത്.

‘സാഗർ’ എന്ന പേര് ഇന്ത്യയുടെ സംഭാവനയായിരുന്നുവെങ്കിൽ ‘മേകുനു’ എന്ന പേര് അയൽ രാജ്യമായ മാലിദ്വീപിന്റേതാണ്. ചുഴലി‘പ്പേരുവിളി’യിലെ അടുത്ത ഊഴം മ്യാൻമാറിനാണ്. തുടർച്ചയായി ചുഴലി രൂപപ്പെട്ട് ഈർപ്പം മുഴുവൻ പടിഞ്ഞാറൻ തീരത്തേക്കു പോയാലും മൺസൂണിനു കരുത്തു കുറയില്ല എന്നാണു നിഗമനം.

കന്യാകുമാരി തീരത്ത് ഒരാഴ്ചമുമ്പ് രൂപപ്പെട്ട ആദ്യ ന്യൂനമർദം കേരളതീരത്തെ അധികം ബാധിക്കാതെ വടക്കുപടിഞ്ഞാറൻ ദിശയിലേക്കു സഞ്ചരിച്ചു സാഗർ എന്ന പേരെടുത്ത ചുഴലിയായി മാറി ആഫ്രിക്കൻ തീരത്തെത്തുകയായിരുന്നു. സൊമാലിയ തീരത്തും ഇത്യോപ്യയിലും വീശിയടിച്ച ചുഴലി കെട്ടടങ്ങി.  തൊട്ടുപുറകെ അറബിക്കടലിൽ ലക്ഷദ്വീപിനടുത്തു തിങ്കളാഴ്ച പുതിയ ചുഴലി രൂപപ്പെടുന്നത് ഈ വർഷത്തെ മൺസൂണിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണു നിരീക്ഷകർ.

സാഗറിന്റെ അതേ പാതയിൽ ഒമാൻ തീരത്തേക്കാവും മേകുനുവിന്റെ പ്രയാണം. കേരളത്തിൽ പെയ്യേണ്ട മഴയുടെ വലിയൊരു ഭാഗം ഈ രണ്ടു ചുഴലികളുംകൂടി വലിച്ചെടുത്ത് ഒമാനിലേക്കു കടത്തിയേക്കും. അവിടെയെത്തിയാൽ ചുഴലിയുടെ ശക്തികുറയും. അപ്പോഴേക്കും മൂന്നാമത്തെ ന്യൂനമർദം വൈകാതെ കേരളത്തിനു തെക്കു വീണ്ടും രൂപപ്പെടും. തെക്കു പടിഞ്ഞാറൻ ദിശയിൽനിന്നു വീശിത്തുടങ്ങുന്ന കാറ്റിന്റെ ചിറകിലേറി കാലവർഷം എത്താനാണ് ഇപ്പോഴത്തെ സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം കരുതുന്നു.

ആൻഡമാൻ ദ്വീപുസമൂഹങ്ങളിൽ ചൊവ്വാഴ്ച മഴയെത്തുമെന്നാണു വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ രാമേശ്വരം തീരത്ത് തിങ്കളാഴ്ച രാവിലെയോടെ ആകാശത്തു വൻ മേഘസാന്നിധ്യമുണ്ടായിരുന്നു. കൊച്ചി, ചെന്നൈ വിമാനത്താവളങ്ങളിൽനിന്നു കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളെല്ലാം പാമ്പൻ –ജാഫ്ന – പോർട്ബ്ലെയർ രാജ്യാന്തര റൂട്ടിൽനിന്ന് അൽപ്പം മാറി സഞ്ചരിക്കേണ്ടി വന്നതായി വ്യോമയാന വൃത്തങ്ങൾ അറിയിച്ചു.

ബംഗാൾ ഉൾക്കടലിലും ശക്തമായ ന്യൂനമർദം രൂപപ്പെടുന്നതിന്റെ സൂചനയാണിത്. ഇതിന്റെ ഫലമായി കേരളത്തിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെറിയ തോതിൽ മഴ വീണ്ടും പെയ്തു തുടങ്ങും. അങ്ങനെ വന്നാൽ ഈയാഴ്ച അസാനത്തോടെ അറബിക്കടിലിലൂടെയും ബംഗാൾ ഉൾക്കടലിലൂടെയും  ഈ വർഷത്തെ മൺസൂണിന്റെ രംഗപ്രവേശത്തിനു രാജ്യം സാക്ഷ്യം വഹിക്കും.