Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഗുജറാത്ത് ദലിതർക്ക് സുരക്ഷിതമല്ല’: ഞെട്ടിക്കുന്ന വിഡിയോയുമായി മേവാനി

Rajkot-Gujarat-Dalit-Beaten-Up മുകേഷിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ (ജിഗ്നേഷിന്റെ ട്വീറ്റിൽ നിന്ന്)

ന്യൂഡൽഹി∙ ഓടി രക്ഷപ്പെടാൻ സമ്മതിക്കാതെ കെട്ടിയിട്ട കയറിന്റെ അറ്റം വലിച്ചുപിടിച്ചു കൊണ്ട് ഒരാൾ. മറ്റൊരാൾ നീളൻ വടി കൊണ്ട് തലങ്ങും വിലങ്ങും തല്ലുന്നു. മർദനമേൽക്കുന്നയാൾ അതിദയനീയമായി കരഞ്ഞിട്ടും മർദനം നിർത്തുന്നില്ല. കയ്യുയർത്തി തടയാൻ ശ്രമിച്ചപ്പോൾ പിന്നീടൊരിക്കൽ കൂടി കൈ ഉയർത്താൻ സമ്മതിക്കാത്ത വിധം കനത്ത മർദനം വീണ്ടും. മർദിച്ച് തളർന്നപ്പോൾ അയാൾക്കു പകരം ബലിഷ്ഠനായ മറ്റൊരാൾ. മർദനമേറ്റത് മുകേഷ് വണിയ എന്ന ദലിത് യുവാവിന്. അദ്ദേഹം വൈകാതെ തന്നെ മരിച്ചു. ഒപ്പം മർദനമേറ്റ ഭാര്യയാകട്ടെ ഗുരുതരാവസ്ഥയിലും.

എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയാണ് ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നുള്ള ഈ ഞെട്ടിക്കുന്ന വിഡിയോ പങ്കുവച്ചത്. മുകേഷ് ജോലി ചെയ്തിരുന്ന ഫാക്ടറിയിലെ ജീവനക്കാരാണ് ഉടമയുടെ നിർദേശപ്രകാരം മർദിച്ചത്. മുകേഷിന്റെ ഭാര്യയ്ക്കും അതിക്രൂരമായ മർദനമേറ്റെന്ന് മേവാനി ട്വീറ്റ് ചെയ്തു. വിവിധ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടാണ് ‘ഗുജറാത്ത് ദലിതർക്ക് സുരക്ഷിതമല്ല’ എന്ന ഹാഷ്‌ടാഗോടെയുള്ള മേവാനിയുടെ ട്വീറ്റ്. വിഷയം ദേശീയതലത്തിൽ ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണ്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. അഞ്ചു പേരെ പിടികൂടി ചോദ്യം ചെയ്യുകയാണ്. ഗുജറാത്തിലെ ഉനയിൽ 2016ൽ നാലു ദലിതരെ നഗ്നരാക്കി മര്‍ദിച്ചതു വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പശുവിന്റെ തോലുരിഞ്ഞു വിറ്റുവെന്നാരോപിച്ചാണു ഗോസംരക്ഷകരെന്നു പറയുന്നവർ നാലു പേരെ മര്‍ദിച്ചത്. ഉന സംഭവത്തേക്കാൾ ഭീകരമാണു രാജ്കോട്ടിലെ മർദനമെന്നും മേവാനി സമൂഹമാധ്യമത്തിലെ പോസ്റ്റിൽ കുറിച്ചു. ‘ഉനയിൽ നിരപരാധികളെ മറ്റുള്ളവർക്കു മുന്നിലിട്ട് മർദിച്ച് നാണം കെടുത്തുകയാണുണ്ടായത്. എന്നാൽ ഇവിടെ ജാതിയുടെ പേരിലുള്ള ആക്രമണത്തിൽ ഒരാൾക്കു ജീവൻ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പഴയകാല തെറ്റുകളിൽ നിന്നു ഗുജറാത്ത് സർക്കാർ ഇനിയും പാഠം പഠിച്ചിട്ടില്ല...’ മേവാനി കുറിച്ചു.