Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി സർക്കാർ വാർഷികം: കൈപ്പുസ്തകം പുറംചട്ട മാറ്റിയതെന്ന് ആക്ഷേപം

pinarayi-handbook-controversy പിണറായി വിജയൻ, ഉമ്മൻചാണ്ടി സർക്കാരുകളുടെ കൈപുസ്തകങ്ങൾ.

കണ്ണൂർ∙ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ ‘സർക്കാർ ധനസഹായ പദ്ധതികൾ’ എന്ന പുസ്തകം മുൻ സർക്കാർ ഇറക്കിയ പുസ്തകത്തിന്റെ പുറംചട്ട മാറ്റിയിറക്കിയതാണെന്ന് ആരോപണം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോയാണ് പഴയ പുസ്തകത്തിന്റെ പുറംചട്ട സഹിതം സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്.

പി.ടി.ചാക്കോയുടെ പോസ്റ്റ് ഇങ്ങനെ: 

ഇടതുസർക്കാരിന്റെ രണ്ടാം വാർഷികം കണ്ണൂരിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തപ്പോൾ അവിടെ പ്രകാശനം ചെയ്‌ത ബുക്കാണ്‌ ‘സർക്കാർ ധനസഹായ പദ്ധതികൾ’. ഒരു വയോധികയോടൊപ്പം ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ്‌ കവറിൽ കൊടുത്തിരിക്കുന്നത്‌. സർക്കാരിന്റെ വിവിധ വിവിധ ധനസഹായ പദ്ധതികളാണ്‌ ഇതിൽ വിവരിച്ചിരിക്കുന്നത്‌. വളരെ പ്രയോജനകരമായ നല്ല പുസ്‌തകം. 

പക്ഷേ, ഒരു കല്ലുകടിയുണ്ട്‌. ഈ പുസ്‌തകം ഇതേ തലക്കെട്ടിൽ 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രസിദ്ധീകരിച്ചതാണ്‌ !!. അതിൽ മുഖ്യമന്ത്രിയുടെ പടത്തിനു പകരം ഒരു സിംബോളിക്‌ പടമേ കൊടുത്തിട്ടുള്ളു. സർക്കാരിന്റെ ധനസഹായ പദ്ധതികൾ ഒരു തുടർ പ്രക്രിയ ആയതിനാൽ അതിൽ തന്റെ പടം വേണ്ടെന്ന്‌ അന്നത്തെ മുഖ്യമന്ത്രി തന്നെയാണു നിർദേശിച്ചത്‌. അന്ന്‌ 342 പേജുകൾ. ഇന്ന്‌ 348 പേജുകൾ. പിണറായി സർക്കാർ അതേ പുസത്‌കം ചില്ലറ മാറ്റങ്ങളോടെ പുന:പ്രസിദ്ധീകരിച്ചപ്പോൾ പരിഷ്‌കരിച്ച പതിപ്പ്‌ എന്നു ചേർത്താൽ ഉചിതമായിരുന്നു. അതിന്റെ കവർ ചിത്രമായി മുഖ്യമന്ത്രിയുടെ തന്നെ പടം കൊടുക്കണമോ എന്നത്‌ കാഴ്‌ചപ്പാടു പോലെയിരിക്കും. രാജ്യത്തെ തന്നെ ഏറ്റവും വലിയ മീഡിയ ടീം ഉള്ളത്‌ കേരള മുഖ്യമന്ത്രിക്കാണ്‌. പിആർഡിയിൽ മിടുക്കന്മാരായ ഓഫീസർമാരുമുണ്ട്‌. സർക്കാരിന്റെ വാർഷികത്തിന്‌ ഒരു പുതിയ സംഭവം ഇറക്കാമായിരുന്നു. 

പതിവുപോലെ പരസ്യങ്ങൾ രൂപകല്‌പന ചെയ്‌തതു മൈത്രി തന്നെ! 

ഇതിനു പുതിയ പുസ്തകത്തിന്റെ എഡിറ്റർ മനോജ് കെ. പുതിയവിള മറുപടി പറയുന്നത് ഇങ്ങനെ:

‘ശ്രീ.പി റ്റി ചാക്കോ പറയുന്നതുപോലെ പഴയ പുസ്തകത്തിന്റെ പുനഃപ്രകാശനമല്ല പുതിയ പുസ്തകം. ഇപ്പോഴത്തെ മന്ത്രിസഭ അധികാരമേറ്റശേഷം എല്ലാ ക്ഷേമപ്പെൻഷനും ഇരട്ടിയാക്കി. വിവിധ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു. പല പദ്ധതികളുടെയും വരുമാനപരിധി ഉയർത്തി കൂടുതൽപേരെ ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാക്കി. പുതിയ പദ്ധതികളും പലതു തുടങ്ങി. അതെല്ലാം ചേർത്തതാണു പുസ്തകം. 

സർക്കാർ ധനസഹായപദ്ധതികൾ 'ഇ-ബുക്ക്', പിഡിഎഫ് തുടങ്ങിയ ഇലക്ട്രോണിക് രൂപങ്ങളിലും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിന്റെ ഇലക്ട്രോണിക് പതിപ്പുകൾ www.prd.kerala.gov.in എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. കൂടുതൽപേരിലേക്ക് എത്തിക്കാൻ ഇവ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുപകരം മുഖച്ചിത്രത്തിൽ ചർച്ച കേന്ദ്രീകരിച്ചത് ഉചിതമായില്ല. വേറെയും പുതുമകളും പ്രത്യേകതകളും ഉണ്ട് ഈ പുസ്തകത്തിന്. 

ഓരോ വകുപ്പും നടൽകുന്ന സഹായങ്ങളുടെ പേരുകൾ ചേർത്ത് ഉള്ളടക്കം വിപുലീകരിച്ചു സമഗ്രമാക്കി. ഏതാണ്ടെല്ലാ പദ്ധതിയുടെയും പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ടവിധവും വിലാസവുമെല്ലാം ഏകരൂപമായ മാതൃകയിൽ, പ്രത്യേക ഫോർമാറ്റിൽ നൽകിയിട്ടുണ്ട്. 

പല വിഭാഗങ്ങൾക്കുവേണ്ടി പല വകുപ്പുകളും സമാനസ്വഭാവമുള്ള പദ്ധതികൾ നടത്തുന്നുണ്ട്. ഭവനപദ്ധതികൾ, പെൻഷൻ പദ്ധതികൾ, സ്വയംതൊഴിൽ പദ്ധതികൾ തുടങ്ങിയവ ഉദാഹരണം. ഇവ അതതു വകുപ്പുകളുടെ അദ്ധ്യായത്തിൽ ആയതിനാൽ, പല ഭാഗത്തായി ചിതറിക്കിടപ്പാണ്. ആ പ്രശ്നം പരിഹരിക്കാൻ ഇതിന്റെ അവസാനഭാഗത്തുള്ള സവിശേഷമായ പദസൂചിക സഹായിക്കുന്നു. ഓരോ പദ്ധതിയുടെയും പേര് അകാരാദിക്രമത്തിൽ ഇവിടെയുണ്ട്; ഒപ്പം പേജുനമ്പരും. 

അക്കാദമികപുസ്തകങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ടെൿ (TeX) എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചു രൂപകല്പന ചെയ്തതിന്റെ സാങ്കേതികമികവ് പുസ്തകത്തെ കൂടുതൽ ഉപയോക്തൃമിത്രം ആക്കിയിട്ടുണ്ട്. 

ഇ-ബുക്കിലും ഇന്ററാക്റ്റീവ് പിഡിഎഫിലും ഉള്ളടക്കത്താളിലും പദസൂചികയിലും നിന്ന് ഒറ്റ ക്ലിക്കിൽ അതതുപദ്ധതി സംബന്ധിച്ച താളിലേക്കു പോകാം. ഇ-ബുക്കിൽ പുസ്തകത്തിലെന്നപോലെ അടയാളപ്പെടുത്താനും ഹൈലൈറ്റ് ചെയ്യാനും ആവശ്യമായ വിവരങ്ങൾ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് ഉപയോഗിക്കാനും മറ്റുള്ളവർക്ക് അയയ്ക്കാനും ഒക്കെ കഴിയും. പദ്ധതിയുടെ പേരും മറ്റും ടൈപ്പ് ചെയ്തു സേർച്ച് ചെയ്യാനും ഇ-ബുക്കിലും പിഡിഎഫിലും സൗകര്യവുമുണ്ട്. ഇലക്ട്രോണിക് പ്രസിദ്ധീകരണത്തിൽ വിവിധ പദ്ധതികളുടെ അപേക്ഷാഫോമിന്റെ ലിങ്കുകൾ ചേർത്തിട്ടുണ്ട്. അവയിൽ ക്ലിൿ ചെയ്താൽ ആ ഫോം കാണാം. ആ ഫോം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്തു പൂരിപ്പിച്ച് അപേക്ഷ അയയ്ക്കാം. ചില ലിങ്കുകളിൽ ഓൺലൈനായി അപേക്ഷ അയയ്ക്കാനുള്ള സൗകര്യവുമുണ്ട്. 

ഈ പുസ്തകം യൂണിക്കോഡിൽ തയ്യാറാക്കിയതിനാൽ ശ്രവണവൈകല്യമുള്ളവർക്ക് ഇ-പതിപ്പുകൾ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ശബ്ദമാക്കിമാറ്റി കേൾക്കാനും കഴിയും. സ്വതന്ത്രപകർപ്പവകാശനിയമമായ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരമാണ് ഈ പുസ്തകവും ഇലക്ട്രോണിക് പതിപ്പുകളും പ്രസിദ്ധീകരിക്കുന്നത്.