Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തു തെളിയിക്കാൻ ഇന്ത്യ; ചൈനയ്ക്കു പിന്നാലെ മോദി റഷ്യയിൽ

Narendra-Modi-Russian-Visit റഷ്യയിലേക്കുള്ള യാത്രയ്ക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി.

സോചി∙ അനൗപചാരിക ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. കരിങ്കടലിന്റെ തീരനഗരമായ സോചിയിലാണു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള മോദിയുടെ ചർച്ചകൾ. ഇറാനുമായുള്ള ആണവകരാറിൽ നിന്ന് യുഎസ് പിന്മാറിയ സാഹചര്യത്തില്‍ ഉൾപ്പെടെ ചർച്ചയ്ക്ക് നിർണായക പ്രധാന്യമുണ്ട്. കഴിഞ്ഞ മാസം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഒരു ലോകനേതാവുമായി മോദി വീണ്ടും ചർച്ച നടത്തുന്നത്.

പുടിൻ അധികാരത്തിലെത്തിയതിനു ശേഷം സൗഹൃദ സന്ദർശനമെന്ന നിലയിലാണ് മോദിയുടെ വരവ്. എന്നാൽ രാജ്യാന്തര–പ്രാദേശിക വിഷയങ്ങളിൽ ഐക്യമുണ്ടാക്കി പരസ്പര വിശ്വാസം വളർത്തുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യവുമുണ്ട്. ഏകദിന സന്ദർശനത്തിനിടെ നാലു മുതൽ ആറു മണിക്കൂർ വരെയായിരിക്കും മോദി–പുടിൻ ചർച്ച നീളുകയെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. 

റഷ്യയിലെ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് യാത്രയ്ക്കു മുൻപേ മോദി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കുന്നതായിരിക്കും ചർച്ചകളെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനുമായുള്ള ആണവകരാറിൽ നിന്ന് യുഎസ് പിന്മാറുന്നത് എത്തരത്തിലാണ് ഇന്ത്യയെയും റഷ്യയെയും സാമ്പത്തികമായി ബാധിക്കുകയെന്ന് ഇരുനേതാക്കളും വിശകലനം ചെയ്യും.

സൗദിക്കും ഇറാഖിനും ശേഷം ഇന്ത്യയിലേക്ക് ഏറ്റവുമധികം ഇന്ധനം ഇറക്കുമതി ചെയ്യുന്നത് ഇറാനിൽ നിന്നാണ്. അതിനാൽത്തന്നെ യുഎസിന്റെ ഉപരോധം ഇന്ത്യയെയും ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇന്ത്യയുടെ ഉൾപ്പെടെ സാമ്പത്തിക പിന്തുണയോടെ ഇറാൻ നിർമിക്കുന്ന ചാബഹാർ തുറമുഖത്തിന്റെ തുടർ വികസനത്തെ കരാർ ബാധിക്കുമോയെന്നും ഇന്ത്യ ഉറ്റുനോക്കുന്നു. 

അഫ്ഗാനിലെയും സിറിയയിലെയും സാഹചര്യങ്ങൾ വിലയിരുത്തുന്ന യോഗം ഭീകരവാദത്തിനെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്താനുമുള്ള തീരുമാനവുമെടുക്കും. വരാനിരിക്കുന്ന എസ്‌സിഒ (ഷാങ്ഹായ് കോ–ഓപറേഷൻ ഓർഗനനൈസേഷൻ), ബ്രിക്സ് ഉച്ചകോടികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകും. സമീപകാലത്തു റഷ്യയ്ക്കു നേരെ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങളിന്മേലും ഇന്ത്യയ്ക്ക് ആശങ്കയുണ്ട്.

ഇന്ത്യ–റഷ്യ ആയുധ ഇടപാടിനെ ഉപരോധം ബാധിക്കുമോയെന്നാണു പ്രധാനമായും അറിയേണ്ടത്. ഇതിന്മേലും വ്യക്തത വരുത്തുകയെന്ന ലക്ഷ്യവുമുണ്ട് മോദിയുടെ സന്ദർശനത്തിന്. ഈ വർഷം അവസാനം പുടിൻ ഇന്ത്യ സന്ദർശിക്കുമെന്നും സൂചനയുണ്ട്. 2000 മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ശക്തമായി തുടരുകയാണ്.  രാജ്യാന്തര തലത്തിൽ നിർണായക ശക്തിയാകാനുള്ള നീക്കങ്ങൾ ഇന്ത്യ ശക്തമാക്കിയിരിക്കെ വരുംനാളുകളിൽ കൂടുതൽ ലോകനേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും.