Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോദി പ്രഭാവ’ത്തിൽ നാലു വർഷം: ചില ചുവടു മുന്നോട്ട്; പല ചുവടു പിന്നോട്ട്

Narendra Modi

ന്യൂഡൽഹി∙ നാലു വർഷത്തെ ഭരണത്തിനു മാർക്കിടാനൊരുങ്ങുമ്പോൾ ബിജെപി മുന്നോട്ടുവയ്ക്കുന്നത് മറ്റൊരു കണക്ക്: ‘48 വർഷവും 48 മാസവും’. നരേന്ദ്ര മോദിയുടെ 48 മാസത്തെ കോൺഗ്രസിന്റെ 48 വർഷ‌വുമായി താരതമ്യപ്പെടുത്തുക എന്നു വ്യംഗ്യം. ഒരേസമയം, വെല്ലുവിളിയും അഭ്യർഥനയുമാണിത്. 

രാഷ്ട്രീയനേട്ടങ്ങൾ

മോദി പ്രഭാവമായിരുന്നു നാലു വർഷവും. 1984 നു ശേഷം ആദ്യമായി ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള പാർട്ടിയുടെ അധിപനായാണു നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. നാലു വർഷത്തിനിടെ നേടിയതു 14 സംസ്ഥാനങ്ങളിലെ ഭരണം. ആദ്യമായി വടക്കുകിഴക്കൻ സം‌സ്ഥാനങ്ങളിലും ബിജെപി ആധിപത്യമുറപ്പിച്ചു. പ്രതിപക്ഷം ബംഗാൾ, പഞ്ചാബ്, കർണാടക, ഡൽഹി തുടങ്ങിയ തു‌രുത്തുകളിലൊതുങ്ങി. എങ്കിലും ഒന്നിച്ചു നിന്നാൽ പ്രതിപക്ഷം വെല്ലുവിളിയാകുമെന്ന് ഈയിടെ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളും കർണാടക നിയമസഭാ തിരഞ്ഞെടുപ്പും ബിജെപിക്കു മുന്നറിയിപ്പു നൽകുന്നു. 

ഭരണനേട്ടങ്ങൾ‌

രാജ്യത്തെ 10.7 കോടി ദരിദ്ര കുടുംബങ്ങൾക്കും 50 കോടി ജനങ്ങൾക്കുമുള്ള ആരോഗ്യപരിരക്ഷാ പദ്ധതിയാണു മോദി സർക്കാരിന്റെ വലിയ വാ‌ഗ്ദാനം. യുപിഎ കാലത്തു പ്രതിദിനം 10 കിലോമീറ്ററിൽ താഴെയായിരുന്ന റോഡ് നിർമാണം നിലവിൽ 25 കിലോമീറ്ററിലേറെ. റെയിൽവേയെ നഷ്ടത്തിൽ നിന്നു കരകയറ്റാനും സുരക്ഷ ഉറപ്പാക്കാനുമുള്ള തീവ്രശ്രമം. ‘ആർക്കും പറക്കാ’മെന്ന ആശയം അതിവേഗം യാഥാർഥ്യത്തിലേക്കു നീങ്ങുന്ന വ്യോമയാന മേഖല.

‘സ്വച്ഛ് ഭാരത്, ശ്രേഷ്ഠ് ഭാരത്, ബേഠി ബചാവോ, ബേഠി പഠാവോ...’ എന്നിങ്ങനെ ഇന്ദിരായുഗത്തിനു ശേഷം ശ്രദ്ധേയമായ ചില മുദ്രാവാക്യങ്ങൾ മുഴങ്ങിയതും ഇക്കാലത്താണ്. സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്താമെന്നതും, കാലഹരണപ്പെട്ട 1,175 നിയമങ്ങൾ ഒഴിവാക്കിയതും ജനന സർട്ടിഫിക്കറ്റില്ലെങ്കിലും പാസ്പോർട്ട് നൽകാമെന്നതും ചില്ലറ നേട്ടങ്ങളുടെ കൂട്ടത്തിൽ. മുൻ സർക്കാരിന്റെ ആധാർ, തൊഴിലുറപ്പ്, നഗരവികസന പദ്ധതികൾ തുടരാനുള്ള സന്നദ്ധതയും ഗുണം ചെയ്തു. 

വിദേശയാത്ര, നയമാറ്റം

കുറഞ്ഞ കാലത്തിനകം ഏറ്റവുമധികം വിദേശരാജ്യങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രിയെന്ന റെക്കോർഡിലേക്കാണ് നരേന്ദ്രമോദിയുടെ യാത്ര. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ചതിനൊപ്പം ചിരപരിചിത വിദേശനയ രീതികളിൽ നിന്നു രാജ്യം ചുവടുമാറ്റുന്നതും കണ്ടു. റഷ്യയ്ക്കു പകരം യുഎസും പലസ്തീനു പകരം ഇസ്രയേലും സുഹൃദ് രാജ്യങ്ങളായി. പാകിസ്ഥാനോടും ചൈനയോടും കാട്ടിയ വഴിവിട്ട സ്നേഹം പലപ്പോഴും തിരിച്ചടിയായി. 

തിരിച്ചടിച്ച പരിഷ്കാരങ്ങൾ

നോട്ട് റദ്ദാക്കൽ, ജിഎസ്ടി: സമ്പദ്‌വളർച്ച പിന്നാക്കം പോയി. ചെറുകിട വ്യവസായങ്ങൾ തകർന്നു. തൊഴിലില്ലായ്മ രൂക്ഷമായി. കള്ളപ്പണവും ഭീകരവാദവും ഇല്ലാതായില്ല. ജിഎസ്ടി വാഗ്ദാനം ചെയ്തത് എല്ലാവർക്കും ജയവും കേന്ദ്ര, ‌സംസ്ഥാനങ്ങൾക്കു സംയുക്ത വളർച്ചയും. എന്നാൽ, ജിഎസ്ടിയുടെ ആഘാതത്തിൽ നിന്നു രാജ്യം ഇനിയും കരകയറിയിട്ടില്ല.

ബാങ്കിങ്, കൃഷി: ബാങ്കുകളുടെ കിട്ടാക്കടം 10 ലക്ഷം കോടി രൂപയിലെത്തിയിരിക്കുന്നു. ബാങ്കിങ് മേഖല തന്നെ അപകടത്തിലാകുമ്പോൾ രക്ഷാമാർഗം കാണാനില്ല. കർഷകർക്കും സാധാരണക്കാർക്കും വിദ്യാർഥികൾക്കും വായ്പാലഭ്യതയ്ക്കുള്ള അവസരം കുറയുന്നു. നാലു വർഷത്തിനകം കർഷകവരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനിടെ കാർഷിക പ്രതിസന്ധി തുടരുന്നു. 

അവസാന ലാപ്പിൽ

തുടർച്ചയായി ആ‌ക്രമിക്കപ്പെടുന്ന ദലിത് സമൂഹത്തിന്റെ പ്രതിഷേധം മാറ്റമില്ലാതെ തുടരുന്നു. വിദേശത്തുനിന്നു കൊണ്ടുവരുമെന്നു പറഞ്ഞ കള്ളപ്പണമെവിടെ, ‌ഓരോ വർഷവും ഉറപ്പു നൽകിയ ഒരു കോടി വീതം തൊഴിലെവിടെ, പെട്രോളിയം വില അനുദിനം കുതിക്കുമ്പോൾ കൈ കെട്ടി നിൽക്കുന്നതെന്ത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും മറുപടിയില്ല. 

related stories