Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂരിൽ മാണി യുഡിഎഫിനൊപ്പം; ജയത്തെ ബാധിക്കില്ലെന്ന് സജി ചെറിയാൻ

Kerala Congress M leaders പാലായിലെ വീട്ടിൽ ഉപസമിതി യോഗത്തിനുശേഷം കെ.എം. മാണിയും കേരള കോൺഗ്രസ് എം നേതാക്കളും മാധ്യമങ്ങളോടു സംസാരിക്കുന്നു. ചിത്രം: റിജോ ജോസഫ്.

കോട്ടയം ∙ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറിനെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനം. രാവിലെ പത്തരയ്ക്ക് പാലായിൽ കെ.എം. മാണിയുടെ വീട്ടിൽ ചേർന്ന പാർ‌ട്ടി ഉപസമിതി യോഗത്തിലാണ് തീരുമാനം. കേരള കോൺഗ്രസ് യുഡിഎഫ് മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനം എടുത്തിട്ടുള്ളത്.

വൈകിട്ട് ആറിന് ചെങ്ങന്നൂർ നിയോജകമണ്ഡലം യോഗം ചേർന്ന് തീരുമാനം പ്രവർത്തകരെ അറിയിക്കും. ജോസ് കെ. മാണി എംപി യോഗത്തിൽ പങ്കെടുക്കും. മലപ്പുറം വേങ്ങര മോഡൽ സഹകരണമാണ് ഉണ്ടാകുക. യുഡിഎഫ് കൺവൻഷനിൽ കേരള കോൺഗ്രസ് പങ്കെടുക്കില്ല. പകരം കേരള കോൺഗ്രസ് പ്രത്യേക തിരഞ്ഞെടുപ്പു കൺവൻഷൻ വിളിച്ച് യുഡിഎഫ് സ്ഥാനാർഥിയെ ഇവിടെ വിളിച്ച് പങ്കെടുപ്പിക്കും. 24 ന് കേരള കോൺഗ്രസിന്റെ ആദ്യ തിരഞ്ഞെടുപ്പ് കൺവൻഷൻ ചെങ്ങന്നൂരിൽ ചേരും. പാർട്ടി ലീഡർ കെ.എം. മാണിയും പി.ജെ. ജോസഫും പങ്കെടുക്കും. യുഡിഎഫിനോടുള്ള ശത്രുത അവസാനിച്ചോ എന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ശത്രുകളോടുപോലും ക്ഷമിക്കുന്നതാണ് തന്റെ രീതിയെന്ന് കെ.എം. മാണി പറഞ്ഞു.

Kerala Congress M Leaders ഉപസമിതി യോഗത്തിനുശേഷം കെ.എം. മാണിയും കേരള കോൺഗ്രസ് എം നേതാക്കളും. ചിത്രം: റിജോ ജോസഫ്

യോഗത്തിനുമുൻപ് പി.ജെ. ജോസഫും കെ.എം. മാണിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മാണിയെയും ജോസഫിനെയും കൂടാതെ ജോസ് കെ. മാണി, ജോയ് ഏബ്രഹാം, റോഷി അഗസ്റ്റിൻ, പി.ടി. ജോസ്, സി.എഫ്. തോമസ്, തോമസ് ജോസഫ്, മോൻസ് ജോസഫ്, എൻ. ജയരാജ് തുടങ്ങിയവരാണ് ഉപസമിതിയിലുള്ളത്. ഉപതിരഞ്ഞെടുപ്പിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം നൽകണമെന്ന നിലപാടിലായിരുന്നു ജോസ് കെ. മാണി വിഭാഗം. എന്നാൽ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നൽകണമെന്ന നിലപാടിൽ ജോസഫ് വിഭാഗം ഉറച്ചുനിന്നതോടെയാണ് പ്രശ്നപരിഹാരത്തിന് ഉപസമിതിയെ ചുമതലപ്പെടുത്തിയത്.

km-mani പാലായിലെ വീട്ടിൽ ഉപസമിതി യോഗത്തിനു മുൻപായി കെ.എം. മാണി മാധ്യമങ്ങളോടു സംസാരിക്കുന്നു. ചിത്രം: റിജോ ജോസഫ്

യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ ഇന്നലെ വൈകിട്ട് കെ.എം.മാണിയെ വീട്ടിലെത്തി കണ്ടതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി എന്നിവരാണു മാണിയെ സന്ദർശിച്ചത്. ഒന്നേകാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ജോസ് കെ.മാണി എംപിയും പങ്കെടുത്തു. കേരള കോൺഗ്രസ് യുഡിഎഫിലേക്കു തിരികെ വരണമെന്നു നേതാക്കൾ അഭ്യർഥിച്ചു. കെ.എം. മാണി തിരികെ വരണമെന്ന് യുഡിഎഫ് ഒന്നടങ്കം യോഗം ചേർന്നു തീരുമാനം എടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

ജയത്തെ ബാധിക്കില്ലെന്ന് സജി ചെറിയാൻ

കേരള കോൺഗ്രസ് യുഡിഎഫിനെ പിന്തുണച്ചാലും തന്റെ ജയത്തെ ബാധിക്കില്ലെന്നു ചെങ്ങന്നൂരിലെ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാൻ. ചെങ്ങന്നൂരിൽ കേരള കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളുണ്ട്. എന്നാൽ പേടിയില്ല. പാർട്ടി എന്തു തീരുമാനിച്ചാലും നേതാക്കളും പ്രവർത്തകരും തനിക്കൊപ്പമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.

തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് ഹസൻ

ചെങ്ങന്നൂർ ∙ ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള കേരള കോൺഗ്രസിന്റെ തീരുമാനത്തെ സഹർഷം സ്വാഗതം ചെയ്യുന്നെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. കെ.എം.മാണിയുടെ കൂടി പിന്തുണ ലഭിച്ചതോടെ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം വർധിക്കും. മാണി യുഡിഎഫിലേക്കു മടങ്ങി വരണമെന്ന തങ്ങളുടെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ഹസൻ ചെങ്ങന്നൂരിൽ പറഞ്ഞു.