Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12 പേർക്ക് നിപ്പ വൈറസ്, 10 പേർ മരിച്ചു; രണ്ടുപേർ ചികിൽസയിൽ: ആരോഗ്യമന്ത്രി

Nipah Virus നിപ്പ വൈറസ് ബാധ കണ്ടെത്തിയ മേഖലയിൽ വവ്വാലിനെ പിടിക്കുന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ.

കോഴിക്കോട്∙ ലാബ് പരിശോധനയിൽ 12 പേർക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ. ഇതിൽ 10 പേരാണു മരിച്ചത്. എട്ടുപേർ കോഴിക്കോട് ജില്ലക്കാരും രണ്ടുപേർ മലപ്പുറത്തുനിന്നുള്ളവരുമാണ്. രണ്ടുപേർ ഇപ്പോൾ ചികിൽസയിലുണ്ട്. മൊത്തം 18 പേരുടെ സാംപിൾ പരിശോധിച്ചതിൽ ആറുപേർക്ക് വൈറസ് ബാധയില്ലെന്നും കണ്ടെത്തി. വൈറസ് ബാധിച്ചവർ എല്ലാവരും ഏതെങ്കിലും തരത്തിൽ അടുത്തിടപഴകിയിട്ടുള്ളവരാണെന്നും മന്ത്രി പറഞ്ഞു. ഇന്നുരാവിലെ മരിച്ച രണ്ടുപേർക്കും ഇന്നലെ മരിച്ച നഴ്സ് ലിനിക്കും നിപ്പ വൈറസ് ബാധിച്ചിരുന്നതായും സ്ഥിരീകരിച്ചി‌ട്ടുണ്ട്. എയിംസ് സംഘവും ഇപ്പോൾ കോഴിക്കോട്ടെത്തിയിട്ടുണ്ട്. മന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം സംഘം പേരാമ്പ്രയിലേക്കു തിരിക്കും. നിപ്പ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്തും ഇന്ന് ഉച്ചകഴിഞ്ഞു യോഗം നടക്കും.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി മാടമ്പള്ളി മീത്തൽ രാജൻ (47), ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാദാപുരം ഉമ്മത്തൂർ സ്വദേശി അശോകൻ എന്നിവരാണു ഇന്നു രാവിലെ മരിച്ചത്. നിപ്പ പിടിപെട്ടു മരിച്ച സൂപ്പിക്കടയിലെ സഹോദരങ്ങൾ ചികിത്സയിലിരുന്ന പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ അതേസമയത്തു രാജനും ചികിത്സയിലുണ്ടായിരുന്നു.

അതേസമയം, അശോകന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായി. സാങ്കേതികത്തകരാർ കാരണം മാവൂരിലെ വൈദ്യുതി ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാനാവില്ലെന്നു നടത്തിപ്പുകാര്‍ അറിയിച്ചു. ഇവിടെത്തന്നെയുള്ള സാധാരണ ശ്മശാനത്തിലെ ജീവനക്കാരും മൃതദേഹം സംസ്കരിക്കാന്‍ തയാറായില്ല. കലക്ടർ ഇടപെട്ടതിനെത്തുടർന്ന് പിന്നീട് മൃതദേഹം സംസ്കരിച്ചു. സംസ്കാരം നടത്താൻ മാവൂർ റോഡ് ശ്മശാനത്തിലെ ജീവനക്കാർ വിസമ്മതിച്ചതിനെത്തുടർന്ന് പാലക്കാട് ഐവർമഠത്തിൽനിന്നുള്ള സംഘമെത്തിയാണ് മൃതദേഹം സംസ്കരിച്ചത്. തൊഴിലാളികളുടെ നിസ്സഹകരണം കാരണം സംസ്കാരം ഏഴുമണിക്കൂർ വൈകി.

Nipah virus | KK Shailaja meet കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിൽ എയിംസിലെ വിദഗ്ധരുമായി മന്ത്രി കെ.കെ. ശൈലജ ചർച്ച നടത്തുന്നു. ചിത്രം: സജീഷ് ശങ്കർ.

ആശങ്കയുണ്ടാക്കി ഡെങ്കിപ്പനി

നിപ്പ വൈറസിനൊപ്പം മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി പടരുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. നിലമ്പൂര്‍ കരുളായില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. 38 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം കാളികാവ് പഞ്ചായത്തില്‍ മാത്രം 80 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇപ്രാവശ്യം മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് എട്ടു പേര്‍ക്കാണു ഡെങ്കിപ്പനി കണ്ടെത്തിയത്. കൂടുതല്‍ പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും കാളികാവ് സിഎച്ച്സിയിലുമായി ചികില്‍സയിലുണ്ട്.

പൂങ്ങോട്ട് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഇനിയും ഉയരാനാണു സാധ്യത. ഈ ഭാഗത്ത് ടാപ്പിങ് നിര്‍ത്തിവച്ച രണ്ടു റബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലെ വെളളത്തില്‍ കൊതുകു നിറഞ്ഞതാണു കാരണമായി കരുതുന്നത്. കാളികാവ് സിഎച്ച്സിയില്‍ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചേമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. വനമേഖലയോട് ചേര്‍ന്ന നിലമ്പൂര്‍ കുറുമ്പലങ്ങോട് ഭാഗത്തും ഒട്ടേറെപ്പര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പനി ബാധിച്ച് ഒരു മരണം സംഭവിച്ചു. കന്യാകുമാരി സ്വദേശി ശ്രീകാന്താണ് (39) മരിച്ചത്. നിപ്പ രോഗലക്ഷണങ്ങളില്ലെന്നു അധികൃതർ അറിയിച്ചു.

എയിംസിൽനിന്നുൾപ്പെടെ വിദഗ്ധ സംഘമെത്തി

നിപ്പ വൈറസ് ഭീതി തുടരുന്ന കോഴിക്കോട്ട് കൂടുതല്‍ വിദഗ്ധര്‍ പരിശോധന നടത്തി. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) വിദഗ്ധരും എത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി സംഘം ചർച്ച നടത്തി. ദേശീയ രോഗനിര്‍വ്യാപന കേന്ദ്രത്തിലെ വിദഗ്ധ സംഘമാണു രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ അനുമാനത്തിലെത്തിയത്. ചെങ്ങരോത്തെ മൂസയുടെ വീട്ടില്‍നിന്നു പിടികൂടിയ വവ്വാലുകളുടെ പരിശോധന റിപ്പോര്‍ട്ട് കിട്ടിയാലേ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ചു വ്യക്തമാകൂ.

ചെങ്ങരോത്ത് മൂസയുടെ വീടിന് സമീപത്തെ 60 പേരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗികളുടെ ഒരു മീറ്ററിനുള്ളില്‍ വായുവില്‍ രോഗാണുക്കളുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയേറെയായതിനാൽ അടുത്ത് ഇടപെടുമ്പോള്‍ മുന്‍കരുതൽ സ്വീകരിക്കാൻ കേന്ദ്ര സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയിംസ് സംഘത്തോടപ്പം കേന്ദ്ര മൃഗപരിപാലന സംഘവും പേരാമ്പ്രയിലെത്തി. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നു.

അതേസമയം, കാസര്‍ഗോഡ് ചെറുവത്തൂരിലെ മനോഹരൻ എന്ന ആൾക്ക് നിപ്പ വൈസ് ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരണം. പൊലീസും ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങി. വാർത്ത വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.