Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ പരന്നതിനു കാരണം വവ്വാലുകളെന്നു പറയാനാകില്ല: കേന്ദ്രമൃഗ സംരക്ഷണവകുപ്പ്

Bat

കോഴിക്കോട്∙ പത്തുപേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് പകർത്തിയത് വവ്വാലുകളാണെന്നു പറയാനാകില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. സാംപിളുകൾ ഭോപ്പാലിലെ അതിസുരക്ഷാ ലാബിൽ പരിശോധിക്കും. മൃഗങ്ങളിൽ ഇതുവരെ വൈറസ് ബാധ കണ്ടെത്താനായിട്ടില്ല. വൈറസിന്റെ ഉറവിടം സംബന്ധിച്ച് വെള്ളിയാഴ്ച സ്ഥിരീകരണം നൽകുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

നിപ്പ വൈറസ് ബാധയെക്കുറിച്ചു ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയിൽ തെറ്റായ സന്ദേശങ്ങൾ തയ്യാറാക്കുന്നവർക്കും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കേസെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇത്തരക്കാർക്കെതിരെ കേസ് എടുക്കാൻ ക്രൈം ബ്രാഞ്ച് മേധാവിയോടു നിർദേശിച്ചിട്ടുണ്ട്.

കേരളത്തിലെ നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കും. സെക്രട്ടറി പ്രീതി സുദൻ, ഡിജി (ഐസിഎംആർ) ഡോ. ബൽറാം ഭാർഗവ എന്നിവരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ കാര്യങ്ങൾ ചർച്ച ചെയ്തു സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

അതേസമയം, ലാബ് പരിശോധനയിൽ 12 പേർക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 10 പേരാണു മരിച്ചത്. എട്ടുപേർ കോഴിക്കോട് ജില്ലക്കാരും രണ്ടുപേർ മലപ്പുറത്തുനിന്നുള്ളവരുമാണ്. രണ്ടുപേർ ഇപ്പോൾ ചികിൽസയിലുണ്ട്. മൊത്തം 18 പേരുടെ സാംപിൾ പരിശോധിച്ചതിൽ ആറുപേർക്ക് വൈറസ് ബാധയില്ലെന്നും കണ്ടെത്തി.

എല്ലാ വവ്വാലുകളും വൈറസ് വാഹകരല്ല

നിപ്പ വൈറസിനെക്കുറിച്ച് ആശങ്ക വേണ്ടെന്നു ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. വൈറസ് ബാധ പ്രാദേശികമായി ഒതുങ്ങുന്നതാണെന്നു ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഡി.ടി.മൗര്യ പറഞ്ഞു. എല്ലാ വവ്വാലുകളും വൈറസ് വാഹകരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വവ്വാലുകളിൽത്തന്നെ വളരെ ചെറിയൊരു വിഭാഗം മാത്രമാണു നിപ്പ വൈറസ് വാഹകരാകുന്നത്. ഈ വൈറസുകൾ വവ്വാലുകൾക്കു രോഗമുണ്ടാക്കുന്നില്ലെന്നും ഡോ. മൗര്യ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക പ്രദേശത്തുള്ള മൃഗങ്ങളിലും മനുഷ്യരിലും മാത്രമൊതുങ്ങുകയെന്നതാണു നിപ്പ വൈറസ് ബാധയുടെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. വവ്വാൽ വിസർജ്യവുമായി നേരിട്ടു സമ്പർക്കമുണ്ടായാൽ മാത്രമേ രോഗം ബാധിക്കുകയുള്ളൂ.