Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭാ തർക്കത്തിൽ സമാധാനത്തിനു ശ്രമിക്കും: പാത്രിയർക്കീസ് ബാവാ

bava-at-kochi- ഇന്ത്യ സന്ദർശനത്തിനെത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവയെ നെടുമ്പാശേരി വിമാനത്താവളത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ സ്വീകരിക്കുന്നു.

നെടുമ്പാശേരി ∙ മലങ്കര സഭയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തുകയാണ് തന്റെ സന്ദർശന ലക്ഷ്യമെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ. ഇന്ന് രാവിലെ ഒൻപതിനാണ് തന്റെ രണ്ടാം ശ്ലൈഹിക സന്ദർശനത്തിനായി പരിശുദ്ധ പാത്രിയർക്കീസ് ബാവ കേരളത്തിലെത്തിയത്. തങ്ങളുടെ വിശ്വാസത്തിലധിഷ്ഠിതമായ ആരാധന നടത്തുന്നതിന് ഇവിടെ എല്ലാ ജനങ്ങൾക്കും അവകാശമുണ്ടെന്നും ബാവ ചൂണ്ടിക്കാട്ടി. രാജ്യത്തെ വിവിധ ഭരണാധികാരികളുമായി നടത്തുന്ന ചർച്ചകളിൽ തനിക്ക് ശുഭപ്രതീക്ഷയാണുള്ളത്.

വിമാനത്താവളത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സഭയിലെ മെത്രാപ്പൊലീത്തമാരും രാഷ്ട്രീയ, സാമുദായിക നേതാക്കളും ചേർന്ന് ബാവായെ സ്വീകരിച്ചു. വൈദികരുടെയും വിശ്വാസികളുടെയും വലിയ സംഘം സ്വീകരണത്തിനു വിമാനത്താവളത്തിലെത്തിയിരുന്നു.

bava-at--kochi-2 ഇന്ത്യ സന്ദർശനത്തിനെത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ നൽകിയ സ്വീകരണം.

കൊച്ചിയിലെ ഹോട്ടലിൽ വിശ്രമിക്കുന്ന ബാവ ഉച്ചയ്ക്കു ശേഷം പുത്തൻകുരിശ് പാത്രിയർക്കാ സെൻററിൽ വിവിധ സഭാ സമിതികളുടെ യോഗത്തിൽ പങ്കെടുക്കും. രാത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. രാവിലെ എട്ടിന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച. തുടർന്ന് കാർ മാർഗം മഞ്ഞനിക്കര ദയറായിലേക്ക് പോകും. വൈകിട്ട് ആറിന് പുത്തൻകുരിശ് പാത്രിയർക്കാ കത്തീഡ്രലിൽ കുർബാനയർപ്പിക്കും. രാത്രി ഒൻപതിന് മലേക്കുരിശ് ദയറാ സന്ദർശിക്കും. 24 നു ഡൽഹിയിലെത്തി രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ബാവ കാണുന്നുണ്ട്. ഇവരുമായുള്ള കൂടിക്കാഴ്ച 25ന് ആണു നടക്കുന്നതെങ്കിൽ പരിശുദ്ധ ബാവ 24നു കൂടി കേരളത്തിലുണ്ടാകുമെന്നു പബ്ലിസിറ്റിയുടെ ചുമതലയുള്ള കുര്യാക്കോസ് മാർ തെയോഫിലോസ് അറിയിച്ചു. 26 നു രാവിലെ പരിശുദ്ധ ബാവ ലബനനിലേക്കു പോകും.

bava ഇന്ത്യ സന്ദർശനത്തിനെത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ നെടുമ്പാശേരി വിമാനത്താവളത്തിൽ

സഭാതർക്കം നിർണായക ഘട്ടത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള ചർച്ചകൾ ലക്ഷ്യം വച്ചാണു പരിശുദ്ധ പാത്രിയർക്കീസിന്റെ സന്ദർശനം. ‌ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു പരിശുദ്ധ പാത്രിയർക്കീസ് ബാവാ കത്തയച്ചിരുന്നു.