Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനം വൈകിയാൽ റീഫണ്ട്, നഷ്ടപരിഹാരം: ബുക്കിങ്ങിൽ പുതിയ നിർദേശങ്ങളുമായി കേന്ദ്രം

Flight പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി∙ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചും കണക്‌ഷൻ വിമാനം കിട്ടിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചും കരടു വിമാനയാത്രാ നയം. ആഭ്യന്തര സർവീസുകൾക്ക് ബാധകമാകുന്ന രീതിയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് കരടുരേഖ പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാൽ ഇത് പ്രാബല്യത്തിലാകും.

ബുക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ കാൻസലേഷൻ‍ ഫീസ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാൻ അവസരം നൽകുന്ന ‘ലോക് ഇൻ ഓപ്ഷൻ’ എന്ന സൗകര്യമാണ് ഇതിൽ പ്രധാനം. എന്നാൽ, വിമാനം പുറപ്പെടുന്ന സമയത്തിന്റെ 96 മണിക്കൂർ (നാലു ദിവസം) പരിധിക്കുള്ളിലാണ് ടിക്കറ്റ് ബുക് ചെയ്യുന്നതെങ്കിൽ ഈ അവസരം ലഭ്യമല്ല. മാത്രമല്ല, കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് വിമാനം വൈകുന്നതെങ്കിൽ വിമാനക്കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവുമുണ്ടായിരിക്കില്ലെന്നും കരടുരേഖ എടുത്തുപറയുന്നു.

മറ്റു നിർദേശങ്ങൾ:

∙ ടിക്കറ്റ് ബുക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് ടിക്കറ്റിലെ പേരുമാറ്റൽ, യാത്രാ തീയതി മാറ്റൽ തുടങ്ങിയവ സൗജന്യമായി ചെയ്യാം.

∙ വിമാനം റദ്ദാക്കിയതായുള്ള വിവരം രണ്ടാഴ്ചയ്ക്കകവും 24 മണിക്കൂർ മുൻപുമാണ് അറിയിക്കുന്നതെങ്കിൽ യാത്രക്കാരന്റെ അനുമതിയോടെ രണ്ടു മണിക്കൂറിനുള്ളിൽ പുറപ്പെടുന്ന മറ്റൊരു വിമാനത്തിലേക്കു ബുക്കിങ് മാറ്റി നൽകാം. ടിക്കറ്റ് തുക തിരിച്ചു ചോദിക്കാനും (റീഫണ്ട്) യാത്രക്കാർക്ക് അവകാശമുണ്ടാകും.

∙ നിശ്ചയിച്ച സമയത്തേക്കാൾ നാലു മണിക്കൂർ വിമാനം വൈകിയാൽ ടിക്കറ്റിന്റെ മുഴുവൻ തുകയും കമ്പനികൾ മടക്കി നൽകണം. വൈകുന്ന കാര്യം 24 മണിക്കൂർ മുമ്പ് അറിയിക്കണം.

∙ 3–4 മണിക്കൂർ വരെ വിമാനം വൈകി കണക്‌ഷൻ സർവീസ് നഷ്ടപ്പെടുന്ന യാത്രക്കാർക്ക് 5000 രൂപ നഷ്ടപരിഹാരം ലഭിക്കും. 4–12 മണിക്കൂർ വൈകിയാൽ 10,000 രൂപ, 12 മണിക്കൂറിൽ കൂടുതൽ വൈകിയാൽ 20,000 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരത്തുക.

∙ ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുമ്പോൾ യാതൊരു ചാർജും ഈടാക്കരുത്. വിമാനക്കമ്പനിയോ ഏജന്റുമാരോ പ്രാഥമിക ചാർജുകൾക്കു പുറമെ യാതൊരു തുകയും ഈടാക്കരുത്. കാൻസലേഷൻ ചാർജുകൾ‌ ടിക്കറ്റിൽ അച്ചടിച്ചിരിക്കണം.

∙ ടേക്ക് ഓഫ് ചെയ്താൽ വിമാനത്തിനുള്ളിൽ ഇന്റർനെറ്റ് ഉപയോഗിക്കാം. മൊബൈൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഫ്ലൈറ്റ് മോഡിലേക്കു മാറ്റണം. 3,000 മീറ്റർ ഉയരത്തിലെത്തുമ്പോൾ മൊബൈൽ ഉപയോഗിക്കാനാകും.

ടിക്കറ്റ് ബുക്ക് ചെയ്യാനും റദ്ദാക്കാനും മറ്റുമായി എയർസേവ എന്ന മൊബൈൽ, വെബ് ആപ്ലിക്കേഷൻ പുതുക്കും. സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി എയർസേവ ഉപയോഗിക്കാം. ആകാശയാത്രകളിൽ വോയിസ്–ഡേറ്റാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. രാജ്യാന്തര തലത്തിൽ മുപ്പതിലധികം വിമാനക്കമ്പനികളിൽ ഈ സൗകര്യമുണ്ട്.

30 കോടി യാത്രക്കാരാണ് ഇക്കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത് വിമാനയാത്ര നടത്തിയത്. രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന 22 ശതമാനം. തൊട്ടു മുൻപുള്ള വർഷം ഇത് 21.24 ശതമാനമായിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന 8.33 ശതമാനമാണ്. മുൻവർഷം ഇത് 7.72 ശതമാനം. 2020 ഓടെ ഇന്ത്യയിലെ വിമാന യാത്രക്കാരുടെ എണ്ണം 37 കോടിയായി ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഏതാണ്ട് 550 വാണിജ്യ യാത്രാ വിമാനങ്ങൾ നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്നുണ്ട്.