Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്വേഷണങ്ങൾക്ക് അറുപതു ദിവസം; ആർക്കും പിടികൊടുക്കാതെ ജെസ്ന

jesna-maria-james ജെസ്ന മറിയം ജെയിംസ്

പത്തനംതിട്ട ∙ ഒരു സൂചനപോലും അവശേഷിപ്പിക്കാതെ ജെസ്ന ജയിംസ് എവിടെയാണു മറഞ്ഞിരിക്കുന്നത്? മാർച്ച് 22നു രാവിലെ 10.30നു കൊല്ലമുള സന്തോഷ്കവലയിലെ കുന്നത്തു വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ‍ജെസ്നയെ കാണാതായിട്ട് ഇന്ന് 60 ദിവസം. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർഥിനിയായ ജെസ്നയുടെ തിരോധാനം സംബന്ധിച്ചു ദുരൂഹതകളും നിറംപിടിപ്പിച്ച കഥകളും നിറഞ്ഞു നിൽക്കുമ്പോഴും പെൺകുട്ടി എവിടെയെന്ന ചോദ്യത്തിനു മാത്രം വ്യക്തമായ ഉത്തരമില്ല. 60 ദിവസമായി പൊലീസുകാർ സംഘം ചേർന്നും സംഘം തിരിഞ്ഞും അന്വേഷിക്കുകയാണ്.

വാർത്താ മാധ്യമങ്ങളിൽ മുഴുവൻ ജെസ്നയ്ക്കായി എഴുതി. അവിടെയും ഇവിടെയുമൊക്കെ ചില കണ്ടെത്തലുകൾ സംബന്ധിച്ച വിളികൾ വീട്ടുകാർക്കും പൊലീസിനും ലഭിച്ചു. മകൾക്കായി കാത്തിരിക്കുന്ന പിതാവും സഹോദരിക്കായി കാത്തിരിക്കുന്ന കൂടെപ്പിറപ്പുകളും ഓരോ വിളികളും പ്രതീക്ഷയോടെയാണു ശ്രവിക്കുന്നത്. ഒരുനാൾ ജെസ്നയുടെ വിളി തേടിയെത്തുമെന്നും അവർ വിശ്വസിക്കുന്നു. വീടു വിട്ടിറങ്ങിയ ദിവസം മുതൽ ജെസ്ന ദുരൂഹതയുടെ ഇരുൾ മുറിയിലേക്കാണു മറഞ്ഞത്. 

എവിടേക്കു പോകുന്നുവെന്നു വീട്ടുകാരോടു പോലും പറഞ്ഞില്ല. ആന്റിയുടെ വീട്ടിലേക്കു പോകുന്നുവെന്ന് അയൽവാസിയോടു പറഞ്ഞെങ്കിലും എവിടെയുള്ള ആന്റിയാണെന്നു വ്യക്തമാക്കിയില്ല. മുണ്ടക്കയത്തേക്കുള്ള ബസിൽ ജെസ്ന സഞ്ചരിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പുഞ്ചവയലിലെ ആന്റിയുടെ വീട്ടിലേക്കാവും ജെസ്ന പോയതെന്ന അനുമാനത്തിലാണു വീട്ടുകാർ. ഈ വഴിക്കുള്ള കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യത്തിൽ ശിവഗംഗ എന്ന ബസിൽ ജെസ്ന ഇരിക്കുന്നതിന്റെ ചിത്രം ബന്ധുക്കൾ അന്വേഷണ സംഘത്തിനു കൈമാറി. എന്നാൽ, അന്വേഷണം ആ വഴിയെ അധികം മുന്നോട്ടു പോയില്ല. െജസ്ന മൊബൈൽ ഫോൺ കയ്യിൽ കരുതാത്തതു വലിയ തിരിച്ചടിയായി.

കേരള പൊലീസിന്റെ അന്വേഷണ മികവ് ജെസ്ന കേസിൽ ഓരോ ദിവസവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ജെസ്നയെക്കുറിച്ചു വിവരം നൽകുന്നവർക്കു രണ്ടു ലക്ഷം രൂപ പ്രതിഫലം വരെ പൊലീസ് പ്രഖ്യാപിച്ചു. രണ്ടു ലക്ഷത്തിനായി ഒരുപാടു പേർ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ വിളിച്ചെങ്കിലും ആ വിളികളൊന്നും െജസ്നയിൽ എത്തിയില്ല. 

പ്രശ്നം രാഷ്ട്രീയമായി കോൺഗ്രസ് ഏറ്റെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജെസ്നയുടെ വീട്ടിലെത്തി, എംപി ആന്റോ ആന്റണിയും വിഷയത്തിൽ ഇടപെട്ടു. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. ജെസ്നയുടെ തിരോധാനത്തിന്റെ 60–ാം ദിവസമായ ഇന്നു നടക്കുന്ന എസ്പി ഓഫിസ് മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 

ഇതിനിടെ ജെസ്നയെ ബെംഗളൂരുവിൽ ഒരു ചെറുപ്പക്കാരനൊപ്പം കണ്ടെത്തിയെന്ന വിവരം കാട്ടുതീ പോലെ പടർന്നു. ആന്റോ ആന്റണി എംപിയും അന്വേഷണ സംഘവും വിവരം ലഭിച്ച സ്ഥലത്ത് എത്തി. ആദ്യമെത്തിയ എംപി വിവരം നൽകിയ ആളിന്റെ മൊഴി വിഡിയോയിൽ പകർത്തി ജെസ്നയുടെ വീട്ടിലേക്കും മാധ്യമ പ്രവർത്തകർക്കുമായി നൽകി. ജെസ്ന ബെംഗളൂരുവിൽ ഉണ്ടെന്നു സ്ഥിരീകരിച്ചതായും വാർത്തകൾ വന്നു. അന്വേഷണ സംഘം ദിവസങ്ങൾ തങ്ങി ബെംഗളൂരുവിൽ അന്വേഷിച്ചെങ്കിലും സൂചനയൊന്നും ലഭിക്കാതെ മടങ്ങി. ബെംഗളൂരു നിംഹാൻസ്, ധർമരാമിലെ ആശ്രമം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ദിവസങ്ങളോളം പരിശോധിച്ചു. ജെസ്നയെ കണ്ടെന്നു പറഞ്ഞ പൂവരണി സ്വദേശിയെ വിശദമായി ചോദ്യം ചെയ്തു. അദ്ദേഹം മൊഴി മാറ്റിയില്ലെങ്കിലും ജെസ്നയിലേക്ക് എത്താൻ വഴി തുറന്നില്ല. ഇതിനിടെ തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശിയായ യുവാവാണ് ജെസ്നയ്ക്കൊപ്പം എന്നൊരു വാർത്ത കൂടി പരന്നു. പൊലീസ് തൃശൂരിലും അന്വേഷിച്ചു, അവിടെയും തുമ്പില്ലാതെ മടങ്ങേണ്ടി വന്നു. 

ജെസ്നയെ കാണാതായ സമയത്തെ ഫോൺ വിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. തിരോധാനത്തിന്റെ 60–ാം ദിവസവും അന്വേഷണ സംഘം ഇരുളിൽ തന്നെയാണ്, ആ ഇരുട്ടിനപ്പുറത്തെവിടെയോ ജെസ്നയുണ്ട്. വെളിച്ചം വീഴുന്നില്ലെന്നു മാത്രം.