Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ തിരഞ്ഞെടുപ്പു ക്രമക്കേട്; അന്വേഷണം വേണം: യെഡ‍ിയൂരപ്പ

BS-Yeddyurappa ബി.എസ്.യെഡ്യൂരപ്പ

ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ക്രമക്കേടു നടന്നെന്ന ആരോപണവുമായി ബിജെപി നേതാവ് ബി.എസ്. യെഡ‍ിയൂരപ്പ. ഇതു സംബന്ധിച്ച് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. വിജയപുര ജില്ലയിലെ ആളൊഴിഞ്ഞ ഒരു ഷെഡിൽ, തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന എട്ട് വിവിപാറ്റ് മെഷീനുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് യെഡിയൂരപ്പയുടെ ആരോപണം. 

‘കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായാണു നടത്തിയതെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ വാദം പൊള്ളയാണെന്നു തെളിയിക്കുന്നതാണ് ഈ സംഭവം’ - മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഒ.പി. റാവത്തിന് അയച്ച കത്തിൽ യെഡിയൂരപ്പ പറഞ്ഞു. തിര‍ഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കോൺഗ്രസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പല ഉദ്യോഗസ്ഥരും കോൺഗ്രസ് നേതാക്കളുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണു പ്രവർത്തിക്കുന്നത്. പല മണ്ഡലങ്ങളിലും ബിജെപിയുടെ എതിരാളികൾ പണവും കായികശേഷിയും മദ്യവും ഉപയോഗിച്ചു തിരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ ഇതിനെതിരെ നിശബ്ദത പാലിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും യെഡിയൂരപ്പ ആവശ്യപ്പെട്ടു.

അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ അരങ്ങു തകർക്കുന്ന കർണാടകയിൽ ഇതു പുതിയ കോളിളക്കങ്ങൾക്കു വഴിവയ്ക്കുകയാണ്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനു പിന്നാലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പയ്ക്ക് ഭൂരിപക്ഷമില്ലാത്തതിന്റെ പേരിൽ രണ്ടു ദിവസത്തിനു ശേഷം രാജി വയ്ക്കേണ്ടിവന്നിരുന്നു. 

അതേസമയം, ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് വിവിപാറ്റ് മെഷീനുകളല്ലെന്നും അവയുടെ പെട്ടികളാണെന്നും കർണാടക ചീഫ് ഇലക്ട്രറൽ ഓഫിസർ സഞ്ജീവ് കുമാർ പറഞ്ഞു. വിവിപാറ്റ് മെഷീനുകൾക്ക് എട്ടക്ക ബാർ കോഡ് ഉണ്ടാവും. അവ തിരിച്ചറിയാൻ എളുപ്പമാണ്. വിജയപുരയിൽ കണ്ടെത്തിയ പെട്ടികൾക്ക് ബാർ കോഡ് ഉണ്ടായിരുന്നില്ലെന്നും സഞ്ജീവ് കുമാർ പറഞ്ഞു.

വിജയപുര ജില്ലയിൽ റോഡ് നിർമാണ തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട മെഷീനുകൾ കണ്ടെത്തിയത്. ഈ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ബസനഗൗഡ ആർ. പാട്ടീലാണ് വിജയി. മെഷീനുകൾ കണ്ടെത്തിയതിനെത്തുടർന്ന്, തിരഞ്ഞെടുപ്പിൽ‌ ബിജെപി കൃത്രിമം കാട്ടിയെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. 

വിവി പാറ്റ്

വോട്ട് ഏതു സ്‌ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്നുവെന്നു വോട്ടർക്കു കാണാവുന്ന സംവിധാനമാണു വിവി പാറ്റ്. വോട്ടിങ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രിന്റർ, വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പർ എന്നിവ പ്രിന്റ് ചെയ്തു സ്‌ലിപ് പ്രദർശിപ്പിക്കും. എന്നാൽ, തിരുത്താൻ അവസരമില്ല. ഇതു പരിശോധിക്കാൻ വോട്ടർ‌ക്ക് ഏഴു സെക്കൻഡ് സമയം ലഭിക്കും. വോട്ടിങ്ങിനെക്കുറിച്ചു പരാതി ഉയർന്നാൽ സ്‌ലിപ്പുകൾ എണ്ണി പരിഹാരം കാണാം.

related stories