Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഒരാഴ്ച: കണക്കുകൾ കൂട്ടിയും കിഴിച്ചും പാർട്ടികൾ; ചെങ്ങന്നൂരിൽ ആര്?

susmitha-dev യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ അഖിലേന്ത്യാ അധ്യക്ഷ സുസ്മിത ദേവിനെ സ്ഥാനാർഥി വിജയകുമാറും കൊടിക്കുന്നിൽ സുരേഷ് എംപിയും സ്വീകരിക്കുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, എബി കുര്യാക്കോസ് തുടങ്ങിയവർ സമീപം.

ചെങ്ങന്നൂര്‍∙ രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും നിലപാടു വ്യക്തമാക്കിയതോടെ ചെങ്ങന്നൂരിന്റെ രാഷ്ട്രീയ ചിത്രം കൂടുതല്‍ തെളിഞ്ഞു. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ പരമ്പരാഗത, അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുന്നതിനോടൊപ്പം ക്രിസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കാനായാല്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു. കഴിഞ്ഞ തവണത്തെ പ്രകടനം മെച്ചപ്പെടുത്താനാകുമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി.

യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ ഒരേ സ്വരത്തില്‍ പറയുന്ന കാര്യമുണ്ട് - ബിജെപി വോട്ടുകള്‍ നിര്‍ണായകമാണ്. ഒപ്പം സമുദായ വോട്ടുകളും. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ചെറിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ നേടുന്ന വോട്ടുകള്‍പോലും നിര്‍ണായകമായേക്കാം. മേയ് 28നാണ് വോട്ടെടുപ്പ്. 31നു വോട്ടെണ്ണല്‍. മത്സരിക്കുന്നത് 17 സ്ഥാനാര്‍ഥികൾ.

∙ വിശ്വാസം അതല്ലേ എല്ലാം

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമാണു ചെങ്ങന്നൂരെന്ന ‘ചരിത്രമാണ്’ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും എറ്റവും വലിയ ആത്മവിശ്വാസം. 1957, 1967, 1987, 2016 വര്‍ഷങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫിനു വിജയിക്കാന്‍ കഴിഞ്ഞത്. 2006ല്‍ ഇടതു തരംഗം ഉണ്ടായപ്പോള്‍പ്പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിന് 5,132 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി. 2011ല്‍ ഭൂരിപക്ഷം 12,500 വോട്ടായി. കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍ നായരുടെ മുന്നില്‍ വിഷ്ണുനാഥിന് അടിപതറി. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളാണു തോല്‍വിക്കു കാരണമെന്നും അതു പരിഹരിക്കാനായെന്നും പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നു.

Chengannur Election വെണ്മണിയിൽ തിരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുന്ന രമേശ് ചെന്നിത്തല. ചിത്രം: ആർ.എസ്.ഗോപൻ

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍നായര്‍ക്കു ലഭിച്ചത് 52,880 വോട്ടാണ്. പി.സി. വിഷ്ണുനാഥിനു 44,897 വോട്ടും ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് 42,682 വോട്ടും . ഭൂരിപക്ഷം 7,983 വോട്ട്.

വിഷ്ണുനാഥിന് 2011ല്‍ കിട്ടിയ 65,156 വോട്ടുകള്‍ 44,897 ആയി കുറഞ്ഞു. 20,259 വോട്ടുകളുടെ കുറവ്. 2011ല്‍ സിപിഎം സ്ഥാനാര്‍ഥി സി.എസ്. സുജാതയ്ക്കു കിട്ടിയ വോട്ട് 52,656. രാമചന്ദ്രന്‍നായര്‍ക്കു 2016ല്‍ കൂടിയത് 224 വോട്ട്. ബിജെപിക്കാണ് ഏറ്റവും വലിയ േനട്ടമുണ്ടാനായത് 2011ല്‍ ബിജെപി സ്ഥാനാര്‍ഥി ബി.രാധാകൃഷ്ണമേനോന് ലഭിച്ച 6,062 വോട്ടുകള്‍ 42,682 ആയി ഉയര്‍ന്നു. 36,620 വോട്ടുകളുടെ വര്‍ധന.

Sasi Tharoor തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കോൺഗ്രസ് എംപി ശശി തരൂർ. ചിത്രം: ആർ.എസ്.ഗോപൻ

കോണ്‍ഗ്രസിനു പരമ്പരാഗതമായി ലഭിച്ചിരുന്ന ഹൈന്ദവ വോട്ടുകളില്‍ വലിയൊരു വിഭാഗം വോട്ടുകള്‍ ബിജെപിയിലേക്കു പോയെന്നു നേതൃത്വം വിശ്വസിക്കുന്നു. ഈ വോട്ടുകള്‍ തിരികെ വരികയും നിലവിലുള്ള വോട്ട് നിലനിര്‍ത്തുകയും െചയ്താല്‍ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നു നേതൃത്വം കരുതുന്നു. ഹൈന്ദവ സംഘടനകള്‍ക്കിടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിനുള്ള സ്വാധീനവും ഈ വിശ്വാസത്തിനു പിന്നിലുണ്ട്. 25,000 വോട്ടുകള്‍ക്കപ്പുറം ബിജെപി പോകില്ലെന്നാണു കണക്കുകൂട്ടല്‍. പോയാല്‍ ചോരുന്നതു കോണ്‍ഗ്രസ് വോട്ടുകളാകുമെന്ന ആശങ്കയുമുണ്ട്. മാണി വിഭാഗം പിന്തുണ പ്രഖ്യാപിച്ചതും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

∙ മണ്ഡലം ‘കൈ’ വിടുമെന്ന വിശ്വാസത്തില്‍ സിപിഎം

മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളില്‍ അഞ്ചിടത്ത് ഇടതാണ് ഭരിക്കുന്നത്. കെ.കെ. രാമചന്ദ്രന്‍നായര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഇടതു ഭരണം വരേണ്ട ആവശ്യകതയാണ് എല്‍ഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. പ്രധാന ആയുധം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ്. മണ്ഡലത്തിലെ പുതിയ പാലങ്ങളും റോഡുകളും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതുമെല്ലാം ഇടതു മുന്നണി പ്രചാരണ ആയുധമാക്കുന്നു. കെകെആര്‍ സഹതാപ തംരംഗത്തെ വോട്ടാക്കി മാറ്റുന്നതിനും ശ്രമം നടക്കുന്നു. മണ്ഡലത്തില്‍ എല്ലായിടത്തും മുന്‍ എംഎൽഎയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ സജീവമാണ്. സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്റെ സാന്ത്വന ചികില്‍സാ രംഗത്തെ പ്രവര്‍ത്തനങ്ങളും ജൈവകൃഷി പദ്ധതികളും പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

നായര്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഈഴവ, ക്രൈസ്തവ വിഭാഗങ്ങള്‍ക്കു വോട്ടു ബാങ്കുണ്ട്. ഈ വിഭാഗങ്ങളിലെ വോട്ടുകള്‍ വിഭജിക്കപ്പെടാതിരിക്കുകയും അത‌ു സിപിഎമ്മിനു ലഭിക്കുകയും ചെയ്താല്‍ വിജയിക്കാന്‍ കഴിയുമെന്നു പാര്‍ട്ടി വിശ്വസിക്കുന്നു. സാമുദായിക സംഘടനകളുടെ വോട്ടുറപ്പാക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടക്കുന്നു. മാണി വിഭാഗം യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും അതു ബാധിക്കില്ലെന്ന വിശ്വാസത്തിലാണു മുന്നണി. 3,000 വോട്ടുകള്‍ മാണി വിഭാഗത്തിനു മണ്ഡലത്തിലുണ്ടെന്നാണു കണക്ക്. കേരള കോണ്‍ഗ്രസ് (ബി) നേതൃത്വത്തിന്റെ പിന്തുണ യുഡിഎഫിനാണെങ്കിലും പ്രവര്‍ത്തകരുടെ പിന്തുണ എല്‍ഡിഎഫിനാണെന്ന് അവര്‍ അവകാശപ്പെടുന്നു. ഒപ്പം, മാണി യുഡിഎഫിനു പിന്തുണ കൊടുത്തതു സാമുദായിക തലത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ബിഡിജെഎസ് ബിജെപിയുമായി അകന്നു നില്‍ക്കുന്നതും എസ്എന്‍ഡിപി തങ്ങളെ സഹായിക്കുന്നവര്‍ക്കു വോട്ടു നല്‍കുമെന്നു പ്രഖ്യാപിച്ചതും സിപിഎം സാധ്യതകളെ സജീവമാക്കുന്നു.

∙ താമര വിരിയും പൂക്കും

കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണു ബിജെപി. മണ്ഡലത്തോട് ഇരുമുന്നണികളും കാട്ടിയ അവഗണനയാണു പ്രധാന പ്രചാരണായുധം. കുടിവെള്ള പ്രശ്നമടക്കമുള്ളവ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണ ബിജെപിക്കു ലഭിച്ച സാമുദായിക വോട്ടുകള്‍ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണു മുന്നണി. വോട്ടു ചോര്‍ച്ച ഒഴിവാക്കാന്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ഇതു പ്രചാരണത്തിലും പ്രതിഫലിക്കുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ 24നും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് േദവ് 25നും ചെങ്ങന്നൂരിലെത്തും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തില്‍ നിര്‍ണായകഘടകങ്ങളിലൊന്നായ ബിഡിജെഎസുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതു തിരിച്ചടിയാണ്. എസ്എന്‍ഡിപി ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാത്തത് ആശ്വാസവും.