Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനെ ‘എറിഞ്ഞു വീഴ്ത്തി’ കൊൽക്കത്ത രണ്ടാം ക്വാളിഫയറിന്

piyush-chawla-catch രാജസ്ഥാൻ താരം രാഹുൽ ത്രിപാഠിയെ ക്യാച്ചെടുത്തു പുറത്താക്കുന്ന പിയുഷ് ചാ‌വ്‌ല. (ട്വിറ്റർ ചിത്രം)

കൊൽക്കത്ത∙ എലിമിനേറ്ററിന്റെ ആവേശം ആവോളം നിറഞ്ഞ മൽസരത്തിൽ രാജസ്ഥാന്റെ പോരാട്ടവീര്യത്തെ വീരോചിതം മറികടന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ പതിനൊന്നാം സീസണിലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മൽസരത്തിൽ വിജയമുറപ്പിച്ചു മുന്നേറുകയായിരുന്ന രാജസ്ഥാനെ അവസാന ഓവറുകളിലെ മുറുക്കമുള്ള ബോളിങ്ങിലൂടെയാണ് കൊൽക്കത്ത വീഴ്ത്തിയത്.

170 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ കൊൽക്കത്തയ്ക്ക് സ്വന്തമായത് 25 റൺസ് വിജയം, രണ്ടാം ക്വാളിഫയറിന് യോഗ്യതയും. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് കൊൽക്കത്തയുടെ എതിരാളികൾ.

പ്രതീക്ഷ നൽകി രഹാനെ, സഞ്ജു

കൊൽക്കത്ത ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഒന്നാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്ത രഹാനെ–ത്രിപാഠി സഖ്യവും രണ്ടാം വിക്കറ്റിൽ 62 കൂട്ടിച്ചേർത്ത രഹാനെ–സഞ്ജു സഖ്യവും പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് മൽസരം കൈവിടുകയായിരുന്നു. 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ രാജസ്ഥാൻ. എന്നാൽ, പിന്നീട് മികച്ച ബോളിങ്ങുമായി കളം നിറഞ്ഞ ആതിഥേയർ മൽസരം സ്വന്തമാക്കി.

രാഹുൽ ത്രിപാഠി 13 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 20 റൺസെടുത്തു. രഹാനെ 41 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 46 റൺസെടുത്തപ്പോൾ, സഞ്ജു സാംസൺ 38 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 50 റൺസെടുത്ത് പുറത്തായി. ഇവർ പുറത്തായ ശേഷമെത്തിയ ഹെൻറിക് ക്ലാസൻ (18 പന്തിൽ പുറത്താകാതെ 18), സ്റ്റ്യുവാർട്ട് ബിന്നി (മൂന്നു പന്തിൽ പൂജ്യം), കൃഷ്ണപ്പ ഗൗതം (ഏഴു പന്തിൽ ഒൻപത്) എന്നിവർക്ക് വമ്പനടികൾക്ക് സാധിക്കാതെ പോയതാണ് മൽസരം കൊൽക്കത്തയ്ക്ക് അനുകൂലമാക്കിയത്.

കൊൽക്കത്തയ്ക്കായി പിയൂഷ് ചാവ‍്‍ല നാല് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റും കുൽദീപ് യാദവ് നാല് ഓവറിൽ 18 റൺസ് വഴങ്ങിയും പ്രാസിദ് കൃഷ്ണ നാല് ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റും വീഴ്ത്തി. മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങിയ ആന്ദ്രെ റസലും മികച്ച പ്രകടനം നടത്തി.

താങ്ങായി കാർത്തിക്, തകർത്തടിച്ച് റസൽ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 24 റൺസിനിടെ അവരുടെ മൂന്നു പ്രമുഖ താരങ്ങൾ പവലിയനിൽ തിരിച്ചെത്തി. ഒന്നാം ഓവർ എറിയാനെത്തിയ കൃഷ്ണപ്പ ഗൗതത്തിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി മികച്ച തുടക്കമിട്ട ഓപ്പണർ സുനിൽ നരെയ്ൻ രണ്ടാം പന്തിൽ പുറത്തായി. ഗൗതത്തെ കയറിയടിക്കാൻ ശ്രമിച്ച നരെയ്നെ വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസൻ സ്റ്റംപു ചെയ്തു പുറത്താക്കി.

സ്കോർ പതിനേഴിലെത്തിയപ്പോൾ ഉത്തപ്പയും മടങ്ങി. ഏഴു പന്തിൽ മൂന്നു റൺസെടുത്ത റോബിൻ ഉത്തപ്പയെ ഗൗതം സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്തു പുറത്താക്കി. തൊട്ടുപിന്നാലെ അഞ്ചു പന്തിൽ മൂന്നു റൺസുമായി നിതീഷ് റാണയും മടങ്ങിയതോടെ കൊൽക്കത്ത പ്രതരോധത്തിലായി. ജോഫ്ര ആർച്ചറിന്റെ പന്തിൽ ഉനദ്കടിന് ക്യാച്ച് സമ്മാനിച്ചായിരുന്നു റാണയുടെ മടക്കം.

നാലാം വിക്കറ്റിൽ ക്രിസ് ലിൻ–ദിനേഷ് കാർത്തിക് സഖ്യം പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 50 കടന്നതിനു പിന്നാലെ ലിൻ പുറത്തായി. ശ്രേയസ് ഗോപാലിന്റെ പന്തിൽ അദ്ദേഹത്തിനുതന്നെ ക്യാച്ച് നൽകിയായിരുന്നു ലിന്നിന്റെ പുറത്താകൽ. അഞ്ചാം വിക്കറ്റിൽ ഒരുമിച്ച കാർത്തിക്–ശുഭ്മാൻ ഗിൽ സഖ്യം കൊൽക്കത്ത സ്കോർ 100 കടത്തി. അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 55 റൺസ്.

വ്യക്തിഗത സ്കോർ 28ൽ നിൽക്കെ ഗില്ലിനെ ആർച്ചർ മടക്കി. 17 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ഗിൽ 28 റൺസെടുത്തത്. അർധസെഞ്ചുറി പൂർത്തിയാക്കി ദിനേഷ് കാർത്തിക്കും പുറത്തായി. 38 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്ത കാർത്തിക്കിനെ ലാഫ്‍‌ലിന്റെ പന്തിൽ രഹാനെ ക്യച്ചെടുത്തു പുറത്താക്കി.

അവസാന ഓവറുകളിൽ വമ്പൻ അടികളിലൂടെ റൺസ് അടിച്ചുകൂട്ടിയ ആന്ദ്രെ റസലാണ് കൊൽക്കത്ത സ്കോർ 160 കടത്തിയത്. 25 പന്തുകൾ നേരിട്ട റസൽ മൂന്നു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 49 റൺസെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാനായി കൃഷ്ണപ്പ ഗൗതം, ജോഫ്ര ആർച്ചർ, ബെൻ ലാഫ്‍ലിൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.