Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാനശ്രമം ഹൃദയത്തിൽനിന്നു വേണമെന്ന് പാത്രിയർക്കീസ് ബാവ; മുഖ്യമന്ത്രിയെ കണ്ടു

Ignatius-Aphrem-2-Patriarch-visits-Pinarayi-Vijayan പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താനെത്തിയപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ അഞ്ചു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിൽ രാവിലെ എട്ടുമണിയോടെയായിരുന്നു കൂടിക്കാഴ്ച. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രിയെ പാത്രിയർക്കീസ് ബാവ അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലും അതിന്റെ ഭാഗമായി തനിക്ക് അയച്ച കത്തും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ignatius Aphrem 2 Patriarch visits Pinarayi Vijayan പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽനിന്നു വരേണ്ടതാണെന്നു പാത്രിയർക്കീസ് ബാവ പറഞ്ഞു. തർക്കം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ദമാസ്കസിൽനിന്ന് താൻ ഇവിടെ വന്നത്. ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് സമാധാനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് പാത്രിയർക്കീസ് ബാവ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി.

Ignatius Aphrem 2 Patriarch visits Pinarayi Vijayan പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ, മുഖ്യമന്ത്രി പിണറായി വിജയൻ, തോമസ് പ്രഥമൻ ബാവ എന്നിവർ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

സഭാവിശ്വാസികളിൽ ബഹുഭൂരിഭാഗവും തർക്കങ്ങൾ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതുകൊണ്ട് സമാധാന ശ്രമങ്ങൾ പരിശുദ്ധ പാത്രിയർക്കീസ് ബാവ തുടരണം. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകും. തർക്കങ്ങൾക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതിനാൽ ചർച്ചകൾ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ അതിനോട് താൻ യോജിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ട്. കാരണം വിശ്വാസികൾക്ക് സമാധാനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മാർ തിയോഫിലോസ് ജോർജ് സലിബ, മാർ തിമോത്തിയോസ് മത്താ അൽഹോറി തുടങ്ങിയവരും പാത്രിയർക്കീസ് ബാവയോടൊപ്പം ഉണ്ടായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

related stories