Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കണം: ഗുജറാത്തിൽ ‘നിപ്പ’ ജാഗ്രതാ നിർദേശം

Nipah Virus നിപ്പ വൈറസ് ഭീഷണിയുടെ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള കാഴ്ച. ചിത്രം: പിടിഐ

അഹമ്മദാബാദ്∙ കേരളത്തിൽ നിപ്പ വൈറസ് ബാധ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ അവിടെ നിന്നെത്തുന്നവരെ നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു ഗുജറാത്ത് സർക്കാരിന്റെ നിർദേശം. കേരളത്തിൽ നിന്നു ഗുജറാത്തിലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തുന്നവരെ ആവശ്യമെങ്കിൽ പരിശോധിക്കാനും മെഡിക്കൽ ഓഫിസർമാർക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നൽകി. സംസ്ഥാനമെമ്പാടും ജാഗ്രതാ നിർദേശത്തിനും ഉദ്യോഗസ്ഥർക്കു സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

ജാഗ്രതയോടെയിരിക്കാൻ ജില്ലാ കലക്ടർമാർ, വികസന ഓഫിസർമാർ, ജില്ലാ ആരോഗ്യവകുപ്പ് തലവന്മാർ തുടങ്ങിയവരോടു ദേശീയ ആരോഗ്യ മിഷന്റെ സംസ്ഥാന ഡയറക്ടർ ഗൗരവ് ദാഹിയ നിർദേശം നൽകി. ‘ഗുജറാത്തിലെ സ്ഥിതിഗതികളെല്ലാം നിയന്ത്രണവിധേയമാണ്. കേരളത്തിലെ രണ്ടു ജില്ലകളിൽ മാത്രമാണു നിലവിൽ നിപ്പ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. പക്ഷേ ജാഗ്രതയോടെയിരിക്കാൻ ജില്ലാ ആരോഗ്യവകുപ്പു തലവന്മാർക്കു നിർദേശം നൽകിയിട്ടുണ്ട്’–ദാഹിയ പറഞ്ഞു.

കേരളത്തിൽ നിന്നു ഗുജറാത്തിലേക്കെത്തുന്ന ജനങ്ങളെ നിരീക്ഷിക്കാനായി നിർദേശം നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും ആരോഗ്യനിലയിൽ സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചതായും ദാഹിയ പറഞ്ഞു. ആർക്കെങ്കിലും രോഗലക്ഷണം കണ്ടെത്തിയാൽ ഉടനടി നിരീക്ഷണത്തിനും പ്രാഥമിക ചികിത്സയ്ക്കും വിധേയമാക്കാനും നിർദേശമുണ്ട്. ആവശ്യമെങ്കിൽ മറ്റുള്ളവരിൽ നിന്നു മാറ്റി ചികിത്സ ഉറപ്പാക്കും.

രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ പുണെയിലെ വൈറോളജി ലാബിലേക്കു രക്തസാംപിളുകൾ വൈകാതെ അയയ്ക്കാനും നിർദേശമുണ്ട്. നിപ്പ വിഷയത്തിൽ നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളുമായി സംസ്ഥാനം നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യവകുപ്പ് യോഗവും ചേർന്നു. രോഗത്തിനെതിരെ മുൻകരുതൽ നടപടികളെക്കുറിച്ച് എല്ലാവരെയും ബോധവൽകരിച്ചിട്ടുണ്ടെന്നും ദാഹിയ പറഞ്ഞു.