Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഹി നിപ്പ ഭീഷണി പ്രദേശമെന്നു സർക്കാർ; കോഴിക്കോട് 2000 ഗുളികകൾ

Nipah virus

കോഴിക്കോട്∙ കേരളത്തിൽ 13 പേർക്ക് നിപ്പ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. 22 പേരാണു രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിൽസ തേടിയത്. മലപ്പുറത്തുള്ളവർക്കു കോഴിക്കോട്ടുനിന്നാണു വൈറസ് ബാധിച്ചതെന്നും കണ്ടെത്തി. പരിശോധനാഫലം വന്ന 22 കേസുകളിൽ 13 പേർക്ക് നിപ്പ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ.സരിത പറഞ്ഞു. അതിനിടെ, മാഹിയെ നിപ്പ ഭീഷണി പ്രദേശമായി പുതുച്ചേരി സർക്കാർ പ്രഖ്യാപിച്ചു.

സുരക്ഷാമുൻകരുതലുകൾ എടുക്കാത്തവരെയാണ് നിപ്പ ബാധിച്ചതെന്നു കോഴിക്കോട് ഡിഎംഒ പറഞ്ഞു. ഇപ്പോൾ നെഗറ്റീവ് ഫലം വന്നാലും വൈറസ് ബാധയേറ്റിട്ടില്ലെന്നു പറയാനാകില്ല. വൈറസിനെ കണ്ടെത്താൻ  60 ദിവസം വരെ വേണ്ടി വരുമെന്നും ഡിഎംഒ പറഞ്ഞു. 

രോഗം ബാധിച്ചവരിൽ 10 പേരാണു മരിച്ചത്. ബാക്കി മൂന്നുപേരിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള ആളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ബാക്കി രണ്ടുപേരുടെ നില ഗുരുതരമാണെങ്കിലും കൂടുതൽ മോശമാകുന്നില്ലെന്നും സരിത പറഞ്ഞു. എന്നാൽ, നിപ്പ ബാധിച്ച് മരിച്ചവരുടെ മൊത്തം എണ്ണം 11 ആണ്. ആദ്യം മരിച്ചയാളുടെ സാംപിൾ ലാബ് പരിശോധനയിലൂടെ സ്ഥിരീകരിക്കാത്തതിനാലാണു മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി 10 എന്നു കണക്കാക്കുന്നത്. ആദ്യം മരിച്ചയാളുടെ രോഗലക്ഷണങ്ങളിൽനിന്നു നിപ്പയാണെന്ന് ആരോഗ്യപ്രവർത്തകർ ഉറപ്പിക്കുന്നുണ്ട്. മലപ്പുറത്തു നിപ്പ ബാധിച്ചു മരിച്ച തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭർത്താവ് ഉബീഷിനും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ് ഉബീഷ്.

നിപ്പ ബാധിതരെ ചികിൽസിക്കുന്നതിന്റെ ഭാഗമായി 2000 റിബവൈറിൻ ടാബ്‌ലെറ്റുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. 8000 ടാബ്‌ലെറ്റുകൾ കൂടി കെഎംസിഎൽ വഴി എത്തിക്കുമെന്ന് എൻഎച്ച്എം സംസ്ഥാന ഡയറക്ടർ കേശവേന്ദ്ര കുമാർ അറിയിച്ചു. റിബവൈറിൻ മറ്റുപല രോഗങ്ങൾക്കും ഉപയോഗിക്കുന്നതാണെങ്കിലും നിപ്പ ബാധിതരിൽ എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല. ദോഷകരമായ പല പാർശ്വഫലങ്ങളുള്ള മരുന്നാണിതെന്നു പബ്ലിക് ഹെൽത്ത് അഡി. ഡയറക്ടർ കെ.ജെ.റീന പറഞ്ഞു. നിപ്പ ബാധിതർക്കു വലിയ ഡോസിൽ മരുന്ന് നൽകേണ്ടിവരും. ഒരു കോഴ്സിൽ 250 ടാബ്‌ലെറ്റുകൾ വേണ്ടിവരുമെന്നും റീന അറിയിച്ചു.

മാഹിയിലും കണ്ണൂരും നിപ്പ സാന്നിധ്യം

നിപ്പ വൈറസ് ബാധയെത്തുടർന്നു മൂന്നുപേർ മരിച്ച മലപ്പുറം ജില്ലയിലെ മൂർക്കനാട്, മൂന്നിയൂർ, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളിൽ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. നിപ്പ വൈറസ് ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ച നാദാപുരം സ്വദേശി അശോകൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ സാഹചര്യത്തിൽ കണ്ണൂരിൽ അതീവ ജാഗ്രത പുലർത്താൻ തീരുമാനിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉൾപ്പെടുത്തി കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലെടുക്കാൻ നിർദേശം നൽകി.

തലശ്ശേരി ആശുപത്രിയിൽ അശോകനെ പരിചരിച്ച നഴ്സിനു പനി ബാധിച്ചതു ഗൗരവമായെടുക്കാനും അവരെ ഒറ്റപ്പെട്ട പ്രത്യേക വാർഡിലേക്കു മാറ്റാനും നിർദേശിച്ചിട്ടുണ്ട്. അശോകനെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറെയും രോഗലക്ഷണമുണ്ടെന്ന സംശയത്തെത്തുടർന്നു പ്രത്യേക വാർഡിലേക്കു മാറ്റും. ആശുപത്രിയിൽ മറ്റു ജീവനക്കാർക്ക് ആർക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും.

അതിനിടെ, മാഹിയെ നിപ്പ ബാധിത പ്രദേശമായി പുതുച്ചേരി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട് മേഖലയിൽനിന്നുള്ളവർ തുടർച്ചയായി മാഹി സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണു തീരുമാനം. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്.പ്രേംകുമാറിനെ കൺട്രോളിങ് ഓഫിസറായി നിയമിച്ചു. പനിയെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളിന് നിപ്പ ബാധിച്ചതായ ലക്ഷണങ്ങള്‍ നിലവിലില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.