Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പയ്യന്നൂർ സംഘർഷം: സിപിഎം സൈബർ സംഘത്തിന്റെ സൃഷ്ടിയെന്ന് ബിജെപി

CPM - BJP പ്രതീകാത്മക ചിത്രം.

കണ്ണൂർ∙ പയ്യന്നൂർ സംഘർഷത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി ബിജെപി. സിപിഎം പ്രവർത്തകനെതിരെ ആക്രമണമെന്ന വ്യാജകഥയുണ്ടാക്കി പയ്യന്നൂർ മേഖലയിൽ രാഷ്ട്രീയ സംഘർഷം അഴിച്ചുവിടുകയാണു സിപിഎം ചെയ്തതെന്നു ബിജെപി സംസ്ഥാന സെൽ കോ–ഓർഡിനേറ്റർ കെ.രഞ്ജിത്ത്, ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് എന്നിവർ ആരോപിച്ചു.‌

കഴിഞ്ഞ ദിവസം പയ്യന്നൂരിൽ ആർഎസ്എസ് ആക്രമിച്ചെന്ന പേരിൽ സിപിഎം പ്രവർത്തകൻ ഡി.ഷിനുവിനെ (30) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.‌ തുടർന്ന് ഈ ആക്രമണത്തിനു പ്രതികാരമെന്ന പേരിൽ ആർഎസ്എസ് പ്രവർത്തകൻ രജിത്തിനെ ആക്രമിച്ചു. ആരും ആക്രമിച്ചിട്ടില്ല എന്നാണു വിശദമായ ചോദ്യം ചെയ്യലിൽ ഷിനു പൊലീസിനോടു വ്യക്തമാക്കിയത്. ഇയാൾക്കെതിരെയുള്ള ആക്രമണത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം, രജിത്തിനെ ആക്രമിച്ചതിനും ബിജെപി ഓഫിസ് ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

ബിജെപിയുടെ ആരോപണം:

സംഭവമുണ്ടായ സമയം മുതൽ സിപിഎമ്മിന്റെ സൈബർ പോരാളികൾ പ്രത്യാക്രമത്തിന് ആഹ്വാനം ചെയ്തു പ്രചാരണം തുടങ്ങിയിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണു സിപിഎം ആക്രമത്തിൽ രജിത്തിനു ജീവൻ നഷ്ടപ്പെടാതിരുന്നത്. രജിത്തിന്റെ മൂന്നു പവൻ മാലയും അക്രമികൾ പൊട്ടിച്ചെടുത്തു. തുടർന്നു ബിജെപിയുടെ പയ്യന്നൂർ ഓഫിസിനു നേരെ ബോംബേറുണ്ടായി.

ആർഎസ്എസ് വിട്ട് ഷിനു സിപിഎമ്മിൽ ചേർന്നതിനു പ്രതികാരമായാണു ആക്രമിച്ചതെന്നാണു സിപിഎം പ്രചരിപ്പിച്ചത്. എന്നാൽ ഷിനുവിന്റെ ഒരു സുഹൃത്ത് ആർഎസ്എസുകാരനായിരുന്നു എന്നതു മാത്രമാണ് ആർഎസ്എസുമായി ഇയാൾക്കുണ്ടായിരുന്ന ബന്ധം. രണ്ടു വർഷം മുമ്പ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി.ധനരാജ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്നു ബിജെപി പ്രവർത്തകരുടെ വീടുകൾക്കു നേരെ വ്യാപക ആക്രമണമുണ്ടായി. കഴിഞ്ഞവർഷം ഒന്നാം വാർഷികത്തിനും ഇതേ രീതിയിൽ വീടുകൾ തകർത്തു.

ജൂലൈയിൽ ഇതിന്റെ രണ്ടാം വാർഷികം വരാനിരിക്കെ പയ്യന്നൂർ പ്രദേശത്തെ സംഘർഷത്തിലേക്കു തള്ളിവിടുന്നതിനു തിരക്കഥയൊരുക്കുകയാണു സിപിഎം. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിപിഎം ഓഫിസുകൾ അവർ തന്നെ ആക്രമിച്ചു ബിജെപിയുടെ മേൽ കുറ്റാരോപണം നടത്തിയെന്നിരിക്കും. അതുകൊണ്ടു സംഘർഷം ആസൂത്രണം ചെയ്യാതിരിക്കാൻ സിപിഎം ഓഫിസുകൾക്ക് അടിയന്തര പൊലീസ് കാവൽ ഏർപ്പെടുത്തണം. പയ്യന്നൂരിലെ സഹകരണ ആശുപത്രികൾ സിപിഎം ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയാണ്.

ഒരു പരുക്കുമേൽക്കാത്ത ഷിനുവിനെ അതിതീവ്രപരിചരണ വിഭാഗത്തിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെത്തിച്ചപ്പോൾ തലകറങ്ങി വീണുവെന്നാണു കാരണം പറയുന്നത്. ചെറിയ പരുക്കുകളെ ബാൻഡേജിൽ പൊതിഞ്ഞു പർവതീകരിച്ചു മാധ്യമങ്ങൾക്കു മുൻപിൽ പ്രദർശിപ്പിക്കാൻ ആശുപത്രികൾ കൂട്ടുനിൽക്കുന്നു. സിപിഎം ക്രിമിനലുകൾക്ക് ഒളിത്താവളമൊരുക്കാനും ഈ ആശുപത്രികൾ കൂട്ടുനിൽക്കുന്നുണ്ട്. പയ്യന്നൂരിലെ സഹകരണ ആശുപത്രികളെക്കുറിച്ചു വിശദമായി അന്വേഷിക്കാൻ പൊലീസ് തയാറാകണം.