Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പയും വൃത്തിഹീനമായ അന്തരീക്ഷവും; മലപ്പുറത്ത് അച്ചാർ കടകൾക്ക് പൂട്ട് വീണു

pickle Representative Image

മലപ്പുറം∙ മക്കരപ്പറമ്പ് കാച്ചിനിക്കാട്ട് ഉപ്പിലിട്ടതും പലതരം അച്ചാറുകളും വിറ്റ താൽക്കാലിക കടകൾ ജില്ലാഭരണകൂടം കൂട്ടത്തോടെ അടച്ചുപൂട്ടി. ആരോഗ്യ, ഭക്ഷ്യസുരക്ഷ, റവന്യൂ വകുപ്പുകൾ നടത്തിയ മിന്നൽപരിശോധനയിലാണു നടപടി. വൃത്തിഹീനമായ അന്തരീക്ഷത്തിലാണു കടകൾ പ്രവർത്തിച്ചിരുന്നതെന്ന് സംഘം പറഞ്ഞു. റമസാൻ തുടങ്ങിയതിനു പിന്നാലെ കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കാച്ചിനിക്കാട്ട് ‘ലൈവ് അച്ചാർ’ വിൽക്കുന്ന കടകൾ സജീവമായിരുന്നു. ജില്ലയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യംകൂടി പരിഗണിച്ചാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

വൈകിട്ട് യുവാക്കൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം ആംബുലൻസ് വഴിയിൽ കുടങ്ങുകയും ചെയ്തു. പൊലീസ് ഇടപെട്ട്, കച്ചവടം അടുത്തുള്ള പാടത്തേക്കു മാറ്റി. അതോടെ പാടത്തിന് ‘അച്ചാർപാടം’ എന്നുപേരു വീണു. 

തദ്ദേശഭരണസ്ഥാപനത്തിന്റെയും ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെയും ലൈസൻസ്, വിൽപനക്കാർക്ക് ആരോഗ്യസാക്ഷ്യപത്രം എന്നിവയുണ്ടെങ്കിലേ വിൽപ്പന അനുവദിക്കൂ. ഡപ്യൂട്ടി കലക്ടർ  ജെ.ഒ.അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റമസാൻ ആയതോടെ മലബാറിൽ പലയിടത്തും ഇത്തരം കടകൾ സജീവമാണ്.