Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചകക്കാരനായി ചമഞ്ഞ് പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി; ഇന്ത്യക്കാരൻ പിടിയിൽ

Spy Representative Image

ലക്നൗ∙ പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രജ്ഞന്റെ വീട്ടില്‍ പാചകക്കാരനായി ജോലിചെയ്തിരുന്നയാൾ പാക്ക് ചാരനായിരുന്നുവെന്ന് കണ്ടെത്തൽ. ഉത്തരാഖണ്ഡ് സ്വദേശിയായ രമേശ് സിങ് കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. പാക്ക് ചാരസംഘടനനയായ ഐഎസ്ഐയ്ക്കു വേണ്ടി ഇയാൾ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നു കഴിഞ്ഞ ദിവസം കണ്ടെത്തി. ഇതേത്തുടർന്ന് ചൊവ്വാഴ്ച രാത്രിയിൽ സിങ്ങിനെ അറസ്റ്റു ചെയ്തു.

2015–2017 കാലയളവിലാണ് സിങ് പാചകക്കാരനായി നയതന്ത്രജ്ഞന്റെ വീട്ടിൽ ജോലി ചെയ്തത്. പാക്കിസ്ഥാനിലെത്തിയതിനുശേഷമാണ് സിങ് ഐഎസ്ഐയുമായി ബന്ധത്തിലാകുന്നത്. നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് നിർണായകവിവരങ്ങൾ ചോർത്തി നൽകിയാൽ പണം നൽകാമെന്ന വാഗ്ദാനത്തിൽ സിങ് വീണുപോകുകയായിരുന്നു. ഉദ്യോഗസ്ഥന്റെ ഡയറിയും ചില രേഖകളും ഇയാൾ ഐഎസ്ഐയ്ക്കു കൈമാറിയതായാണു വിവരം.

ഉത്തർപ്രദേശിലെ ഭീകരവാദവിരുദ്ധ സ്ക്വാഡും സൈനിക രഹസ്യാന്വേഷണ വിഭാഗവും ഉത്തരാഖണ്ഡ് പൊലീസും സംയുക്തമായി നടത്തിയ നടപടിക്കൊടുവിലാണ് ഇയാളെ പിത്തോരഖണ്ഡിലെ ഗരലി ഗ്രാമത്തില്‍നിന്ന് പിടികൂടിയത്. ബുധനാഴ്ച കോ‌ടതിയിൽ ഹാജരാക്കിയ സിങ്ങിനെ റിമാൻഡ് ചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് മാസങ്ങൾക്കു മുൻപുതന്നെ ഉത്തരാഖണ്ഡ് ഡിജിപി തങ്ങളുടെ സഹായം തേടിയിരുന്നുവെന്ന് എടിഎസ് ഐജി: അസിം അരുൺ പറഞ്ഞു. സിങ്ങിന്റെ മുതിർന്ന സഹോദരൻ ഇന്ത്യൻ സൈന്യത്തിലെ ഉദ്യ‌ോഗസ്ഥനാണ്.