Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസഞ്ചറിന്റെ ‘കരുണയില്‍’ എക്സ്പ്രസ്; വൈകിയോട്ടത്തിന്റെ നാണക്കേടിൽ എറണാകുളം ജംക്‌ഷൻ

railway train ernakulam junction

കൊച്ചി∙എറണാകുളം ജംക്‌ഷൻ സ്റ്റേഷനിൽ 43 ശതമാനം ട്രെയിനുകളും വൈകിയാണ് എത്തിച്ചേരുന്നതെന്നു കണ്ടെത്തൽ‍. പകുതിയോളം ട്രെയിനുകൾ പതിവായി വൈകിയാണു സ്റ്റേഷനിലെത്തുന്നത്. കഴിഞ്ഞ മൂന്നു മാസമായി ഏറ്റവും കൂടുതൽ വൈകിയോടിയതു 12511 ഗോരഖ്പൂർ തിരുവനന്തപുരം രപ്തി സാഗർ എക്സ്പ്രസാണ്(22 മണിക്കൂർ).

വൈകിയോട്ടത്തിൽ മുന്നിലുള്ള മറ്റു ട്രെയിനുകൾ: പട്ന–എറണാകുളം (15 മണിക്കൂർ), നിസാമുദ്ദീൻ–എറണാകുളം മംഗള (14.5 മണിക്കൂർ), പുണെ–എറണാകുളം (10.5 മണിക്കൂർ), ന്യൂഡൽഹി–തിരുവനന്തപുരം കേരള (9.5 മണിക്കൂർ) എന്നിവയാണ്. സ്വകാര്യ ആപ്പായ റെയിൽയാത്രിയാണു പഠനം നടത്തിയത്. 15 മിനിറ്റിൽ താഴെ മാത്രം വൈകുന്ന ചില ട്രെയിനുകളുമുണ്ട്. കാരയ്ക്കൽ എറണാകുളം എക്സ്പ്രസ്, നിസാമുദ്ദീൻ–തിരുവനന്തപുരം എക്സ്പ്രസ്, പോർബന്തർ–കൊച്ചുവേളി എക്സ്പ്രസ്, മുംബൈ സിഎസ്ടി–തിരുവനന്തപുരം എന്നിവയാണവ.

എറണാകുളം സ്റ്റേഷനിലെ പ്ലാറ്റ്ഫോം ലഭ്യത കുറവും യാഡിലെ വേഗ കുറവും ട്രെയിനുകൾ വൈകാനിടയാക്കുന്നുണ്ട്. കേരളത്തിൽ ട്രെയിനുകൾ സ്റ്റേഷനുകളിൽ നിശ്ചിത സമയത്തിൽ കൂടുതൽ നിർത്തുന്നതും വേഗക്കുറവും വൈകിയോട്ടത്തിനു കാരണമാകുന്നു. എറണാകുളം യാഡിലെ വേഗം 20 കിലോമീറ്ററാണ്. അതേ സമയം ദീർഘദൂര ട്രെയിനുകളുടെ സ്റ്റോപ്പ് കുറയ്ക്കാതെ കൃത്യസമയത്തു ട്രെയിനോടിക്കാൻ കഴിയില്ലെന്നു റയിൽവേ അധികൃതർ പറയുന്നു.

വേണാട്, വഞ്ചിനാട്, പാലരുവി ട്രെയിനുകൾക്കു അധിക സ്റ്റോപ്പുകൾ നൽകിയതോടെയാണു അവ കൃത്യസമയത്ത് ഒാടാതായത്. ട്രെയിനുകൾക്കു  മണ്ഡലത്തിൽ ഉടനീളം സ്റ്റോപ്പ് അനുവദിക്കുന്നതാണു റെയിൽവേ വികസനമെന്ന ചില എംപിമാരുടെ തെറ്റിദ്ധാരണയാണു കേരളത്തിൽ ഇത്രമാത്രം അനാവശ്യ സ്റ്റോപ്പുകളുണ്ടാകാൻ കാരണം. 

തിരുവനന്തപുരത്തു നിന്നു വൈകിട്ടുള്ള അഞ്ച് എക്സ്പ്രസ് ട്രെയിനുകൾ ഉച്ചയ്ക്കു 2.55 പുറപ്പെടുന്ന നാഗർകോവിൽ–കോട്ടയം പാസഞ്ചറിനു പിന്നിൽ‍ വൈകിയോടുകയാണ്. 100 പേരുളള പാസഞ്ചറിനു പുറകിൽ 5000 പേർ കാത്തു കിടക്കേണ്ട സ്ഥിതിയാണ്. കൊച്ചുവേളി–ബെംഗളൂരു, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, തിരുവനന്തപുരം–ഗുരുവായൂർ ഇൻർസിറ്റി, തിരുവനന്തപുരം–എറണാകുളം വഞ്ചിനാട്, തിരുവനന്തപുരം–മംഗളൂരു മലബാർ എന്നിവയാണു പാസഞ്ചറിനു വേണ്ടി വഴി നീളെ പിടിച്ചിടുന്നത്. പാസഞ്ചർ ഒരു ദിവസം പോലും കൃത്യസമയത്തു തിരുവനന്തപുരത്തു നിന്നു പുറപ്പെടാറില്ല. 

വൈകിയോടുന്ന പാസഞ്ചറിനു തുടർന്നുള്ള ഒാട്ടത്തിൽ ലഭിക്കുന്ന അമിത പ്രാധാന്യമാണു കാര്യങ്ങൾ വഷളാക്കുന്നത്. എക്സ്പ്രസ് ട്രെയിനുകൾ ഈ പാസഞ്ചറിനെ മറികടക്കാൻ പാടില്ലെന്ന അലിഖിത നിയമമാണു തിരുവനന്തപുരം ഡിവിഷനിലെ ഒാപ്പറേറ്റിങ് വിഭാഗം പിന്തുടരുന്നത്. ഈ ട്രെയിന്റെ സമയം മാറ്റിയാൽ വൈകിട്ടുള്ള എക്സ്പ്രസ് ട്രെയിനുകളുടെ വൈകിയോട്ടം അവസാനിക്കും. ഡിവിഷനിലെ മോശം കൺട്രോളിങ് ആണു ട്രെയിനുകൾ തുടർച്ചയായി വൈകാനിടയക്കുന്നതെന്നു റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ തന്നെ പറയുന്നു.