Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ വൈറസ്: കേരളത്തിലെ ഇന്നത്തെ മുന്നൊരുക്കം ഇങ്ങനെ

nipah-virus

തിരുവനന്തപുരം∙ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമായതിനാല്‍ മറ്റു വകുപ്പുകളുടെ പൂര്‍ണ സഹകരണം ആരോഗ്യവകുപ്പിനു ലഭിക്കുന്നുണ്ട്. നിപ്പ വൈറസിനെതിരെ സംസ്ഥാനത്ത് ഇന്നു നടന്ന പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ:

∙ കോഴിക്കോട് മലപ്പുറം ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം കോഴിക്കോട് ഡിഎംഒയ്ക്ക്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ കോഴിക്കോട് ക്യാംപ് ചെയ്തു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. കോഴിക്കോട് കലക്ടറുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതം.

∙ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. എങ്കിലും രോഗം പടര്‍ന്നാലുള്ള സാഹചര്യങ്ങളെ നേരിടാന്‍ കൂടുതല്‍ മരുന്നു സംഭരിക്കുന്നു. കോഴിക്കോട് മാത്രം 8,000 ഗുളികകള്‍ സംഭരിച്ചു. രോഗം ബാധിച്ചവരെ പരിചരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കു സുരക്ഷാ കിറ്റുകളും മരുന്നുകളും വിതരണം ചെയ്യും. ഇതിന്റെ കണക്കെടുക്കാന്‍ കേരള െമഡിക്കല്‍ കോര്‍പറേഷനോടു സര്‍ക്കാര്‍ നിര്‍ദേശിച്ചു.

∙ പേരാമ്പ്രയ്ക്കു പുറമേ കോഴിക്കോട് ആശുപത്രിയില്‍ രോഗികളുമായി സഹകരിച്ചവരാണു മരിച്ചത്. മരിച്ച രോഗികളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവരെ ആരോഗ്യവകുപ്പ് പ്രത്യേകം നിരീക്ഷിക്കുന്നു. ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നു.

∙ രോഗം നിയന്ത്രണവിധേയമാണെങ്കിലും അധിക ശ്രദ്ധ വേണമെന്നുള്ളവര്‍ക്ക് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലൂടെയുള്ള യാത്ര ഒഴിവാക്കാവുന്നതാണെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

∙ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും വിനോദ സഞ്ചാര വകുപ്പ്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ആശങ്ക പടര്‍ത്തുന്നത് ഒഴിവാക്കണം. വിനോദ സഞ്ചാരികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്നു വൈകിട്ടോടെ പുറത്തിറക്കും.

∙ ഭക്ഷ്യസുരക്ഷാ വകുപ്പ് പഴ വര്‍ഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധന ആരംഭിച്ചു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ലാബുകളിലാണു പരിശോധന. പഴവര്‍ഗങ്ങളില്‍ ഇതുവരെ വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

∙ മൃഗങ്ങളില്‍ വൈറസ് ബാധിച്ചിട്ടുണ്ടോയെന്നറിയാന്‍ മൃഗസംരംക്ഷണവകുപ്പിന്റെ പരിശോധന തുടരുന്നു. ഇതുവരെയുള്ള പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രോഗലക്ഷണങ്ങളുള്ള മൃഗങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ മൃഗാശുപത്രികള്‍ക്കും നിര്‍ദേശം. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും പ്രത്യേക സെല്‍ രൂപീകരിച്ചു.