Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവിൽ പൊലീസ് ഒാഫിസർ പരീക്ഷ മാറ്റിവച്ചു; 60,000 പേർ ഹാൾടിക്കറ്റെടുത്തിട്ടില്ല

ഷാജി പൊന്നോല
Kerala-Police

തിരുവനന്തപുരം∙ സിവിൽ പൊലീസ് ഒാഫിസർ / വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയ്ക്ക് 26നു നടത്താനിരുന്ന പരീക്ഷ പിഎസ്‌സി മാറ്റിവച്ചു. 31–05–2018 വരെ കോഴിക്കോട് ജില്ലയിൽ നടക്കാനിരുന്ന പൊതുപരിപാടികൾ നിർത്തിവയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു പരീക്ഷ മാറ്റിവച്ചത്. കോഴിക്കോട് ഉൾപ്പെടെയുള്ള എല്ലാ ജില്ലകളിലും പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് പിഎസ്‌സി പരീക്ഷാ കേന്ദ്രം ക്രമീകരിച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

∙ 60,000 പേർ ഇനിയും ഹാൾടിക്കറ്റെടുത്തിട്ടില്ല

സിവിൽ പൊലീസ് ഒാഫിസർ / വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയുടെ പൊതുപരീക്ഷയിൽ ഇനിയും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാനുള്ളത് 60,000 പേർ. 6,56,058 പേർ അപേക്ഷ നൽകിയിരുന്നെങ്കിലും ഇവരിൽ 5,25,352 പേരാണു രണ്ടു പരീക്ഷകളും എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയത്. ഇതിൽതന്നെ 4,65,352 പേർ മാത്രമാണ് ഇതുവരെ ഹാൾടിക്കറ്റ് പിഎസ്‌സിയുടെ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തടുത്തിരിക്കുന്നത്. പരീക്ഷാ നടക്കുന്ന ദിവസം വരെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. കൺഫർമേഷൻ നൽകിയിട്ടുള്ള ഉദ്യോഗാർഥികൾ ഇതിനകം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പിഎസ്‌സി അധികൃതർ വ്യ‌ക്തമാക്കി.

∙ പരീക്ഷയ്ക്ക് റിവൈസ്ഡ് ഹാൾടിക്കറ്റ് വേണം

07–05–2018 മുതൽ പരീക്ഷാ തീയതിവരെ ഡൗൺലോഡ് ചെയ്തെടുക്കുന്ന റിവൈസ്ഡ് ഹാൾടിക്കറ്റുമായി വരുന്നവർക്കു മാത്രമേ സിവിൽ പൊലീസ് ഒാഫിസർ / വനിതാ സിവിൽ പൊലീസ് ഒാഫിസർ പരീക്ഷ എഴുതാൻ കഴിയൂ. 24-04-2018നു മുൻപു ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റുമായി വരുന്ന ഉദ്യോഗാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. രണ്ടു തസ്തികകൾക്കും അപേക്ഷ നൽകിയ ഉദ്യോഗാർഥികൾ 22-04-2018 മുതൽ 06–05–2018 വരെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യണമെന്നാണ് പിഎസ്‌സി ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഒരേ സമയം ജനറേറ്റ് ചെയ്തവർക്ക് അടുത്തടുത്ത റജിസ്റ്റർ നമ്പരും ഒരേ പരീക്ഷാകേന്ദ്രവും ലഭിച്ചതു വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്ന പരിഷ്ക്കാരം പിഎസ്‌സി അവസാനിപ്പിച്ചു. പകരം കൺഫർമേഷൻ നൽകണമെന്നു വ്യക്തമാക്കി.

ഏപ്രിൽ 22 മുതൽ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യാമെന്നാണു പിഎസ്‌സി അറിയിച്ചിരുന്നതെങ്കിലും 21 മുതലേ വെബ്സൈറ്റിൽ ഹാൾടിക്കറ്റ് ലഭിച്ചു തുടങ്ങി. ഏപ്രിൽ 23 വരെ ഈ സൗകര്യം ലഭ്യമായിരുന്നു. മൂന്നു ദിവസംകൊണ്ട് 2,32,000 പേർ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്തു. ഇവരിൽ ഭൂരിഭാഗത്തിനും അടുത്തടുത്ത റജിസ്റ്റർ നമ്പർ ലഭിക്കുകയും ചെയ്തു. 23ന് ഉച്ചയ്ക്കുശേഷം ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്ന രീതി പിഎസ്‌സി നിർത്തലാക്കി. അന്നു വരെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്തവർ കൺഫർമേഷൻ നൽകിയതായി കണക്കാക്കും. ഇവർക്കു ജനറേറ്റ് ചെയ്ത ഹാൾടിക്കറ്റ് ഉപയോഗിച്ചു പരീക്ഷ എഴുതാനാവില്ല. ഈ ഹാൾടിക്കറ്റിലെ റജിസ്റ്റർ നമ്പരും പരീക്ഷാകേന്ദ്രവും റദ്ദാക്കുകയും ചെയ്തു. ഇവർ ഇനി റിവൈസ്ഡ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്െതടുത്തു മാത്രമേ പരീക്ഷയ്ക്കു ഹാജരാകാൻ പാടുള്ളൂ. ഹാൾടിക്കറ്റ് പിഎസ്‌സിയുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷകർക്കു തങ്ങളുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിലെ അഡ്മിഷൻ ടിക്കറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാൾടിക്കറ്റ് ലഭിക്കും. ഇതു ഡൗൺലോഡ് ചെയ്ത് എ4 സൈസ് പേപ്പറിൽ പ്രിന്റെടുത്തുവേണം പരീക്ഷയ്ക്കു ഹാജരാകാൻ.