കിമ്മിന് ‘വൈരവും വിദ്വേഷവും’; ഉച്ചകോടി പിന്നീടാവാമെന്ന് ട്രംപ്

ഡോണൾഡ് ട്രംപ്, കിം ജോങ് ഉൻ.

വാഷിങ്ടൻ∙ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂൺ 12നു സിംഗപ്പൂരിൽ നടത്താൻ നിശ്ചയിച്ച ഉച്ചകോടിയിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻമാറി. അടുത്തിടെ ഉത്തര കൊറിയ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ കണ്ട ‘തുറന്ന വൈരവും വിദ്വേഷവുമാണ്’ ഈ നിലപാടിനിടയാക്കിയതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു.

വിദ്വേഷം നിറഞ്ഞ സാഹചര്യത്തിൽ ജൂൺ 12ന് സിംഗപ്പൂരിൽ നിശ്ചയിച്ച ഉച്ചകോടി നടത്തുന്നത് ഉചിതമാകില്ലെന്നു പ്രസ്താവനയിൽ ട്രംപ് വ്യക്തമാക്കി. ഇനി എതെങ്കിലും ദിവസം കൂടിക്കാണാനാകുമെന്ന പ്രതീക്ഷയും കിമ്മിനുള്ള കത്തിൽ ട്രംപ് സൂചിപ്പിക്കുന്നുണ്ട്. 

ആണവ നിരായുധീകരണ വിഷയത്തിൽ ഉത്തരകൊറിയയുടെ നിലപാടിലുള്ള അതൃപ്തിയിൽ ഉച്ചകോടി മാറ്റിവച്ചേക്കുമെന്നു നേരത്തെ സൂചനകൾ പരന്നിരുന്നു. ദക്ഷിണകൊറിയ–യുഎസ് സംയുക്ത സൈനികാഭ്യാസത്തിൽ ഉത്തരകൊറിയ അതൃപ്തി അറിയിച്ചതാണ് വൈറ്റ്ഹൗസിനെ മാറ്റിചിന്തിപ്പിച്ചതെന്നാണു വിലയിരുത്തൽ.