Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു ഡോക്ടർമാരുടെ സംശയം തുണച്ചു; പേരാമ്പ്രയിൽ നിപ്പ പിടിയിലായി

ഡോ. അനൂപ് കുമാർ, ഡോ. ജയകൃഷ്ണൻ, ഡോ. അരുൺ കുമാർ ഡോ. അനൂപ് കുമാർ, ഡോ. ജയകൃഷ്ണൻ, ഡോ. അരുൺ കുമാർ

കോഴിക്കോട് ∙ പേരാമ്പ്രയിൽ പനി പരത്തിയ നിപ്പ വൈറസിനെ അതിവേഗം തിരിച്ചറിയുന്നതിൽ നിർണായക പങ്കുവഹിച്ചതു മൂന്നു ഡോക്ടർമാർ. ബംഗ്ലദേശിൽ മൂന്നുവർഷമെടുത്താണു നിപ്പയെ തിരിച്ചറിഞ്ഞതെങ്കിൽ രണ്ടാമത്തെ മരണമുണ്ടായി രണ്ടുദിവസത്തിനുള്ളിൽ പേരാമ്പ്രയിലെ വൈറസിനെ തിരിച്ചറിയാൻ കഴിഞ്ഞു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. എ.എസ്.അനൂപ് കുമാർ, ന്യൂറോളജി വിഭാഗത്തിലെ ഡോ. സി.ജയകൃഷ്ണൻ, മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറൽ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി.അരുൺകുമാർ എന്നിവരാണു നിപ്പയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്.

പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയുടെ മകൻ മുഹമ്മദ് സാലിഹിനെ 17നു പുലർച്ചെ രണ്ടരയ്ക്കാണു ബേബിയിലെത്തിച്ചത്. ഡോ. അജിത് കെ.ഗോപാൽ, ഡോ. ജി.ഗംഗപ്രസാദ് എന്നിവരാണ് ആദ്യം നോക്കുന്നത്. മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനാൽ എംആർഐ സ്കാൻ എടുത്തു. നട്ടെല്ലിലെ നീരെടുത്തു പരിശോധിച്ചു. എന്നാൽ, സംശയകരമായി ഒന്നും കണ്ടെത്തിയില്ല. പക്ഷേ, രണ്ടാഴ്ച മുൻപു കുടുംബത്തിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നറി‍ഞ്ഞു ഡോക്ടർമാർ കൂടുതൽ വിവരങ്ങൾ തിരഞ്ഞു. തുടർന്നാണു ഡോ. അനൂപും ജയകൃഷ്ണനും പരിശോധനയ്ക്കിറങ്ങുന്നത്. സാലിഹിന്റെ പിതാവ് മൂസയെയും അടുത്ത ബന്ധുവിനെയും മൂസയുടെ സഹോദരഭാര്യ മറിയത്തെയും ആശുപത്രിയിലേക്കു വിളിപ്പിച്ചു.

സാലിഹിനെ ഡോക്ടർമാർ കൂടുതലായി നിരീക്ഷിച്ചു. യുവാവിന്റെ രക്തസമ്മർദം കൂടുന്നു. ഹൃദയമിടിപ്പു കൂടുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം വിയർക്കുന്നു. ചില ഭാഗങ്ങളിൽ മാത്രം മിടിപ്പു കൂടുന്നു. സാധാരണ പനി വരുമ്പോൾ രക്തസമ്മർദവും മറ്റും താഴുന്നതാണു പതിവെങ്കിലും ഇവിടെയെല്ലാം വിപരീതം. പഠനത്തിന്റെ ഭാഗമായി രണ്ടുദിവസം മുൻപു താൻ വായിച്ച പുസ്തകത്തിലെവിടെയോ കണ്ട നിപ്പ എന്നൊരു വൈറസിനെപ്പറ്റിയുള്ള പരാമർശം ജയകൃഷ്ണന്റെ മനസ്സിലെത്തി. അനൂപുമായി പങ്കുവച്ചപ്പോൾ സംശയം ബലപ്പെട്ടു. തുടർന്നു സാലിഹിന്റെ ബന്ധുവിന്റെ കൈവശം ഉടൻതന്നെ സ്രവം മണിപ്പാലിലേക്ക് അയച്ചു. വൈകുന്നേരമായപ്പോൾ മൂസ, മറിയം എന്നിവരുടെ നില ഗുരുതരമായി.

പിറ്റേദിവസം ഉച്ചയോടെ സാലിഹ് മരിച്ചു. മണിപ്പാലിലെ പരിശോധനയിലൂടെ നിപ്പയാണു വൈറസെന്ന് ഏറെക്കുറെ ഉറപ്പിച്ചു. അന്നു രാത്രിതന്നെ ഡോ. അരുൺ പേരാമ്പ്രയിലെത്തി തുടർപഠനങ്ങൾ നടത്തി. ഞായർ വൈകുന്നേരത്തോടെ പുണെയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിപ്പ സാന്നിധ്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 

അകറ്റിനിർത്തൽ വേണ്ട

∙ നിപ്പ വൈറസ് ബാധയുടെ പേരിൽ ആരെയും മാറ്റിനിർത്തരുത്. 

∙ വൈറസ് ബാധിച്ചാൽ 21 ദിവസം വരെ ലക്ഷണങ്ങളുണ്ടാകില്ല (ഇൻകുബേഷൻ സമയം). ഈ സമയത്ത് വൈറസ് പകരില്ല. 

∙ രോഗം കണ്ടെത്തിയ പ്രദേശത്തെ ആളുകളെയും ആശുപത്രി ജീവനക്കാരെയും അകറ്റിനിർത്തുന്നതിൽ യുക്തിയില്ല. 

∙ എന്നാൽ, രോഗലക്ഷണങ്ങൾ ഉള്ളവരുമായി ഇടപഴകുമ്പോൾ മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ വേണം. 

(ഡോ. ആർ.എൽ.സരിത, ആരോഗ്യവകുപ്പ് ഡയറക്ടർ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.