Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറക്കും കുറുക്കന്റെ ചിറകേറി നിപ്പ; വീഴ്ത്താൻ എത്തുന്നു പേരില്ലാത്ത പോരാളി

Bats

കോട്ടയം∙ നിപ്പ വൈറസ് പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന ആന്റിബോഡി ഔഷധത്തിനു വേണ്ടി കേരളം നടത്തിയ ശ്രമത്തിന് ഓസ്ട്രേലിയയുടെ പച്ചക്കൊടി. രാജ്യത്തു നിന്ന് 50 ഡോസ് മരുന്ന് കേരളത്തിനു നൽകാമെന്ന്ഓസ്ട്രേലിയ അറിയിച്ചു. നിപ്പയെ പ്രതിരോധിക്കാനുള്ള എം 102.4 ഹ്യൂമൻ മോണോ ക്ലോണൽ ആന്റിബോഡി എന്ന ഔഷധമാണു സംസ്ഥാനത്തിനു നൽകുക. ഏറ്റവും അടുത്ത ദിവസം ഇതു സംസ്ഥാനത്തെത്തും.

കേന്ദ്ര സർക്കാരിന്റെയും ലോകാരോഗ്യ സംഘടനയുടെയും നേതൃത്വത്തിലാണ് ശ്രമം. മഹാമാരിയായ നിപ്പ, ഹെൻഡ്ര വൈറസ് പകർച്ചവ്യാധികളെ തുരത്താൻ ഓസ്ട്രേലിയ നടത്തിയ ശ്രമങ്ങളാണ് ഏറ്റവും ഫലപ്രദമെന്നു കരുതുന്ന എം 102.4 എന്ന ഔഷധത്തിൽ എത്തിനിൽക്കുന്നത്. 

നിപ്പയും ഹെൻഡ്രയും

ഒരമ്മ പെറ്റ മക്കളാണ് നിപ്പയും ഹെൻഡ്രയും. ഹെൻഡ്ര വൈറസും (എച്ച്ഇവി) നിപ്പ വൈറസും (എൻഐവി) ഹെനിപ്പവൈറസ് എന്ന ജീനസിൽ പെടുന്നവയാണ്; പാരമൈക്സോവൈറിഡേ എന്ന കുടുംബത്തിലും. ഇരുവരും തമ്മിൽ സാദൃശ്യങ്ങൾ ഏറെയായതിനാൽ മറുമരുന്നും ഒരേ തരത്തിൽ മതി. 1994 ൽ ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് പ്രവിശ്യയിലെ ഹെൻഡ്രയിലാണ് ആദ്യമായി ഹെൻഡ്ര വൈറസ് കണ്ടെത്തിയത്. കുതിരകളിലും കുതിരക്കാരനിലും അസുഖം കണ്ടെത്തി. 

1995 ൽ മലേഷ്യയിൽ പെറാക്കിലെ നിപ്പയിൽ പന്നികളിൽ വൈറസ് ബാധ കണ്ടെത്തി. ആദ്യം ഹെൻഡ്ര പോലുള്ള വൈറസ് എന്നാണു പറഞ്ഞതും. പിന്നീട് നിപ്പ എന്നു പേരിട്ടു. രണ്ടിടത്തും ടെറോപസ് വവ്വാലുകളിൽ നിന്നാണ് രോഗബാധയുണ്ടായത്. രണ്ടു വൈറസിലും രോഗബാധയുടെ ലക്ഷണങ്ങൾ ഒരുപോലെ. പക്ഷേ നിപ്പയാണു കൂടുതൽ മാരകം. ഹെൻഡ്ര ബാധിച്ചാൽ മരണ സാധ്യത 60 ശതമാനമെങ്കിൽ നിപ്പയ്ക്ക് ഇത് 75 ശതമാനമാണ്. 

എം 102.4 

എം 102.4 ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡി വാസ്തവത്തിൽ പൂർണമായും മരുന്നല്ല. പരീക്ഷണങ്ങൾ ഇപ്പോഴും നടന്നുവരുന്നതിനാൽ മരുന്നിനു പേരില്ല, നമ്പർ മാത്രം. പേരിന് ഇനിയും കടമ്പകളുണ്ട്. ശരീരത്തിലെ വൈറസിനെ തുരത്തുന്ന ആന്റിബോഡികളുള്ള രാസവസ്തുവാണ് എം102.4. ക്വീൻസ് ലാൻഡിൽ ഹെൻഡ്ര ബാധ വന്നതിനെ തുടർന്ന് അവർ നടത്തിയ ഗവേഷണമാണ് മറുമരുന്നിൽ എത്തിയത്. രോഗം ബാധിച്ച 620 പേരിൽ 322 പേരും മരിച്ചു. പിന്നീട് 13 ഓസ്ട്രേലിയക്കാരിലും ഒരു അമേരിക്കക്കാരനിലും മരുന്ന് ഉപയോഗിച്ചു. അടിയന്തര പരീക്ഷണം എന്ന നിലയിലാണ് ഇത് ഉപയോഗിച്ചത്.

മോണോക്ലോണൽ ആന്റിബോഡിയും പേവിഷ ചികിത്സയും

രൂക്ഷമായ വൈറസ് ബാധയ്ക്കുള്ള ചികിത്സയിലെ അറ്റകൈയാണ് മോണോക്ലോണൽ ആന്റിബോഡി. വൈറസ് വരുത്തുന്ന പേവിഷ ബാധയ്ക്ക് ഇതേപോലെ മറ്റൊ‌രു മോണോക്ലോണൽ ആന്റിബോഡി ഉപയോഗിക്കുന്നു. 

കുരങ്ങുകളിലെ ആദ്യപരീക്ഷണം വിജയം

ആഫ്രിക്കൻ ഗ്രീൻ മങ്കി എന്ന വിഭാഗത്തിൽപ്പെട്ട കുരങ്ങുകളിൽ ഹെൻഡ്ര ബാധയെ ആന്റിബോഡി ഫലപ്രദമായി പ്രതിരോധിച്ചു.

പറക്കും കുറുക്കൻ

പറക്കും കുറുക്കൻ എന്നറിയപ്പെടുന്ന ടെറോപസ് വവ്വാലുകളാണ് വൈറസ് വാഹകർ. ആഫ്രിക്ക, ഏഷ്യ–പസിഫിക്, ഫിലിപ്പൈൻസ് മേഖലകളിൽ ഇവ കാണപ്പെടുന്നു.