Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യക്കുപ്പിയിലെ ഹോളോഗ്രാം: കമ്പനിയെ കൊണ്ടു വരാനുള്ള നീക്കം മന്ത്രി അറിയാതെ

Kerala Secretariat

തിരുവനന്തപുരം∙ കർണാടക തിരസ്കരിച്ച മദ്യക്കുപ്പിയിലെ ഹോളോഗ്രാം ലേബൽ നിർമാണ കമ്പനിയെ കേരളത്തിലേക്കു കൊണ്ടു വരാൻ ഉന്നത ഉദ്യോഗസ്ഥർ നീക്കം നടത്തിയതു എക്സൈസ് മന്ത്രിയുടെ ഓഫിസ് അറിയാതെ. ഇതേത്തുടർന്നു ബന്ധപ്പെട്ട ഫയൽ മന്ത്രിയുടെ ഓഫിസിൽ വിളിച്ചു വരുത്തി പരിശോധിച്ചു. കഴിഞ്ഞ സർക്കാർ 2016 ൽ ഇറക്കിയ ഉത്തരവു നടപ്പാക്കാനായി നികുതി വകുപ്പ് നിര്‍ദേശം നൽകിയത് എന്തിനാണെന്നു പരിശോധിക്കാൻ എക്സൈസ് കമ്മീഷണർക്കു മന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. അതുവരെ നടപടികൾ മരവിപ്പിക്കാനാണു നിർദ്ദേശം.

സർക്കാർ സ്ഥാപനമായ സി–ഡിറ്റിനെ മറയാക്കി സംസ്ഥാനത്തിനു പുറത്തുള്ള സ്വകാര്യ കമ്പനിയെ ലേബൽ നിർമാണം ഏൽപ്പിക്കാനുള്ള നീക്കം നേരത്തേ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ എക്സൈസ് കമ്മീഷണർ അധ്യക്ഷനായുള്ള വിദഗ്ധ സമിതി യോഗം ചേർന്നു പുതിയ ഹോളോഗ്രാം ലേബൽ നിർമാണ പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. ഇതിനുള്ള ശുപാർശ സർക്കാരിന് ഉടൻ നൽകുമെന്നാണു സൂചന.

മാധ്യമങ്ങളിലെ വാർത്ത ശ്രദ്ധിക്കേണ്ടതില്ലെന്നും മുൻ സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ പുതിയ ലേബൽ നിർമാണത്തിനു നടപടിയെടുത്തപ്പോൾ ഇവർ വിവാദമുണ്ടാക്കിയതാണെന്നും എക്സൈസിലെ ചില ഉന്നതർ അഭിപ്രായപ്പെട്ടു. എന്നാൽ പൊതുമേഖലാ സ്ഥാപനമായ സിഡിറ്റിനെ ഒഴിവാക്കി സ്വകാര്യ കമ്പനിയെ ഇതേൽപ്പിക്കേണ്ടതില്ലെന്നു യോഗത്തിൽ പങ്കെടുത്ത രണ്ടു പേർ പറഞ്ഞു. 

സ്വകാര്യ കമ്പനിയെ ലേബൽ നിർമാണം ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ സിഡിറ്റിലെ സിപിഎം സംഘടനയായ സിഡിറ്റ് എംപ്ളോയീസ് അസോസിയേഷൻ രംഗത്തെത്തി. 2016ൽ ഇറക്കിയ സർക്കാർ ഉത്തരവു പിൻവലിക്കണമെന്നും യുഡിഎഫ് സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയെ പിരിച്ചു വിടണമെന്നും അസോസിയേഷൻ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടു. സമിതി നൽകിയ എല്ലാ ശുപാർശയും തള്ളിക്കളയണമെന്നും 10 വർഷത്തേക്കു സിഡിറ്റിനു ലേബൽ നിർമാണ കരാർ പുതുക്കി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയാണു സിഡിറ്റിന്റെ ചെയർമാൻ. 

നിലവിൽ എക്സൈസ് വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണു സിഡിറ്റിൽ ലേബൽ നിർമാണം നടക്കുന്നത്. എന്നാൽ കഴിഞ്ഞ സർക്കാർ സിഡിറ്റിനെ മുന്നിൽ നിർത്തിയാണു ടെണ്ടർ വിളിക്കാൻ ഉത്തരവിട്ടത്. അന്നു സിപിഎം സമരത്തിന്റെ ഫലമായി ആ നീക്കം ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ എക്സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥർ സ്വകാര്യ കമ്പനിയുമായി ചേർന്ന് അതീവ രഹസ്യമായാണു ഫയൽ നീക്കിയതെന്ന് അസോസിയേഷൻ ആരോപിച്ചു. കർണാടകയിലെ സ്വകാര്യ കമ്പനിയുടെ പ്രസ് സിഡിറ്റിൽ സ്ഥാപിച്ചു ലേബൽ നിർമിക്കുകയും സിഡിറ്റിലെ ജീവനക്കാർക്ക് ആ ലേബൽ കുപ്പിയിൽ ഒട്ടിക്കുന്ന പണി ഏൽപ്പിക്കാനുമാണ് ആലോചന. അതിനായി സിഡിറ്റിനെ കൊണ്ടു തന്നെ ടെണ്ടർ വിളിപ്പിക്കാനായിരുന്നു നീക്കം. 

ഇന്റാഗ്ളിയോ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ ഹോളോഗ്രാം നിർമാണം അവിടെ ഒരു കമ്പിനിയുടെ കുത്തകയാണ്. അതിനാൽ ടെണ്ടർ വിളിച്ചാലും ഈ കമ്പനിക്കു തന്നെ നിർമാണ ചുമതല ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. എന്നാൽ ഇതു വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലും സുരക്ഷാ ലേബൽ നിർമാണത്തിന് ഈ സാങ്കേതിക വിദ്യ ആവശ്യമില്ലാത്തതിനാലും കർണാടക അതുപേക്ഷിച്ചിരുന്നു.  മാത്രമല്ല കേരളത്തിൽ ബവ്റിജസ് കോർപറേഷൻ പുതിയ സുരക്ഷാ സാങ്കേതിക വിദ്യ നടപ്പാക്കാൻ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അതിന്റെ വിശദാംശം അറിയിക്കാനും എക്സൈസ് മന്ത്രിയുടെ ഓഫിസ് നിർദേശിച്ചിട്ടുണ്ട്.