Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാനം വേണോ, ഭീകരരെ കശ്മീരിലേക്ക് അയയ്ക്കാതിരിക്കൂ: പാക്കിസ്ഥാനോട് ഇന്ത്യ

General Bipin Rawat ബിപിൻ റാവത്ത്

ശ്രീനഗർ∙ ജമ്മു കശ്മീരിൽ സമാധാനം തുടരുകയാണെങ്കിൽ സൈനിക നീക്കങ്ങള്‍ നിർത്തിവച്ചതുമായി മുന്നോട്ടുപോകാൻ തയാറാണെന്നു സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ ഭീകരരുടെ ഭാഗത്തു നിന്നുണ്ടായാൽ പുനരാലോചന വേണ്ടിവരും. സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാക്കിസ്ഥാൻ ഭീകരരെ ജമ്മു കശ്മീരിലേക്കയയ്ക്കരുതെന്നും റാവത്ത് വ്യക്തമാക്കി. 

സമാധാനത്തിന്റെ ആദ്യപടിയായി ഇതിനെ കാണണം. വെടിനിർത്തൽ ലംഘനങ്ങൾ ഏറ്റവും നടക്കുന്നതു നുഴഞ്ഞുകയറ്റങ്ങൾ തടയാനാണ്. അതിർത്തിയിൽ ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാൻ നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങൾ ജനജീവിതം ഇല്ലാതാക്കുകയാണ്. അപ്പോഴാണു തിരിച്ചടിക്കേണ്ടിവരുന്നത്– സൈനിക മേധാവി അറിയിച്ചു.

നുഴഞ്ഞുകയറ്റവും പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരവാദവും അവസാനിപ്പിച്ചാൽ അതിർത്തിയിൽ സമാധാനം ഉണ്ടാകുമെന്ന് ഉറപ്പു തരുന്നു. സമാധാനത്തിന്റെ ഗുണങ്ങൾ  ജനങ്ങൾക്കു മനസ്സിലാക്കുന്നതിനാണു തീവ്രവാദികള്‍ക്കെതിരായ നീക്കങ്ങൾ നിർത്തിവച്ചത്. ജനങ്ങൾക്ക് അതിൽ വളരെ സന്തോഷമുണ്ട്– അദ്ദേഹം പറഞ്ഞു. റമസാൻ മാസത്തിൽ ജമ്മു കശ്മീരിൽ സൈനിക നീക്കങ്ങൾ ഒഴിവാക്കുകയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം മേയ് 16നാണ് അറിയിച്ചത്. ഉപാധികളോടെ വെടിനിർത്തലും പ്രഖ്യാപിച്ചിരുന്നു.