Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭച്‌ഛിദ്രം: ഹിതപരിശോധന കഴിഞ്ഞു; അയർലൻഡ് ‘യെസ്’ പറയുമോ?

IRELAND-ABORTION അയർലൻഡിൽ ഗർഭച്‌ഛിദ്രം അനുവദിക്കണമോയെന്ന വിഷയത്തിലുള്ള ഹിതപരിശോധയ്ക്ക് വോട്ടു ചെയ്യാനെത്തിയ യുവതി മകൾക്കൊപ്പം. ചിത്രം: എഎഫ്പി

ഡബ്ലിൻ∙ ഗർഭച്‌ഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ഹിതപരിശോധനയിൽ അയർലൻഡിൽ മികച്ച പ്രതികരണം. ജനം വൻതോതിൽ വോട്ടു ചെയ്യാനെത്തിയതോടെ ഗർഭച്‌ഛിദ്രത്തിന് അനുകൂലമായിട്ടായിരിക്കും ഫലം പുറത്തുവരികയെന്ന് ഏറെക്കുറെ ഉറപ്പായി. ഗർഭച്‌ഛിദ്രം തടയുന്ന നിലവിലെ നിയമത്തെ മാറ്റിമറിക്കാൻ പോന്നതായിരിക്കും ഹിതപരിശോധനാഫലം എന്ന ആത്മവിശ്വാസം ഇന്ത്യൻ വംശജനും ഡോക്ടറുമായ അയർലൻഡ് പ്രധാനമന്ത്രി ലീയോ വരാഡ്‌കറും പ്രകടിപ്പിച്ചു. ഗർഭച്‌ഛിദ്രാനുകൂലികൾക്കൊപ്പമാണ് പ്രധാനമന്ത്രി. 

നഗരപ്രദേശങ്ങളിൽ നിന്നു വൻതോതിലാണു ജനം വോട്ടു ചെയ്യാനെത്തിയത്. ഇതാണ് ഫലം അനുകൂലമാകുമെന്ന പ്രതീക്ഷ നൽകിയത്. അഭിപ്രായ സർവേകളും ഹിതപരിശോധന ഗർഭച്‌ഛിദ്രത്തിന് അനുകൂലമാക്കുമെന്ന സൂചനകളാണു നൽകുന്നത്. അനുകൂലമാണു ഹിതപരിശോധനാഫലമെങ്കിൽ ഭരണഘടനാ ഭേദഗതി വേണ്ടിവരും.

റോമൻ കത്തോലിക്കാ വിശ്വാസപാതയിലുള്ള രാജ്യം 2015ൽ ഹിതപരിശോധനയിലൂടെ സ്വവർഗവിവാഹം നിയമവിധേയമാക്കിയിരുന്നു. അന്ന് 61 ശതമാനം പേരാണ് സ്വവർഗവിവാഹത്തെ അനുകൂലിച്ചത്. ട്രെൻഡുകൾ നോക്കുകയാണെങ്കിൽ ഇത്തവണ ഇതിനേക്കാളുമേറെ പേർ ഗർഭച്‌ഛിദ്രത്തെ അനുകൂലിക്കുമെന്നാണു വ്യക്തമാകുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ എട്ടിനാണു വോട്ടെണ്ണൽ ആരംഭിക്കുക. ഉച്ചയോടു കൂടി ആദ്യഫലങ്ങൾ പുറത്തുവരും. 

അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള തുല്യ അവകാശം നൽകുന്ന ഭരണഘടനാഭേദഗതി 1983ലാണ് രാജ്യത്തുണ്ടായത്. ഗർഭച്‌ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയർലൻഡിൽ 2013 ൽ മാത്രമാണ് അമ്മയുടെ ജീവൻ അപകടത്തിലാണെങ്കിൽ മാത്രം ഗർഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്. ഇന്ത്യക്കാരിയായ യുവതിയുടെ മരണത്തെത്തുടർന്നായിരുന്നു അത്.

പല ദശകങ്ങൾക്കിടയിൽ ഈ വിഷയത്തിൽ മൂന്നുവട്ടം ഐറിഷ് ജനത വോട്ട് ചെയ്തുകഴിഞ്ഞു. അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിനായി വലിയൊരു വിഭാഗം രംഗത്തുള്ളപ്പോൾ തന്നെ ഗർഭസ്ഥശിശുവിനും ഇതേ അവകാശമുണ്ടെന്ന വാദവുമായി മറുപക്ഷവും ബലാബലത്തിനുണ്ട്. മുൻപ് അയർലൻഡുകാർ ഗർഭച്‌ഛിദ്രത്തിനായി ബ്രിട്ടനിലേക്കാണു പോയിരുന്നത്. എന്നാൽ ഇന്റർനെറ്റ് വഴിയുള്ള ഗർഭച്‌ഛിദ്രമരുന്നുകൾ വ്യാപകമായതോടെ ആ സ്ഥിതിക്കു മാറ്റം വന്നു. 

ഹിതപരിശോധന സവിതയുടെ സ്മരണയിൽ

ഹിതപരിശോധനയിൽ ഗർഭച്‌ഛിദ്രാനുകൂലികളുടെ മുഖ്യപ്രചാരണായുധം ഡോ. സവിതയുടെ മരണം. ഗർഭച്‌ഛിദ്രം നിഷേധിക്കപ്പെട്ടതു‌മൂലം ആരോഗ്യസ്ഥിതി വഷളായാണു 2012ൽ അയർലൻഡിലെ ഗാൽവേയിൽ കർണാടകയിലെ ബെളഗാവി സ്വദേശി ഡോ. സവിത ഹാലപ്പനാവർ മരിച്ചത്. സവിത മരിച്ചതിനു പിന്നാലെ അയർലൻഡിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതെത്തുടർന്നാണ് അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടായാൽ ഗർഭച്‌ഛിദ്രം അനുവദിക്കുന്ന നിയമം 2013ൽ പ്രാബല്യത്തിൽ വന്നത്.

ഗർഭച്‌ഛിദ്രം വിലക്കുന്ന നിയമത്തിനെതിരെ വോട്ട് ചെയ്യാൻ സവിതയുടെ പിതാവ് അന്ദനപ്പ യാലഗി അയർലൻഡിലെ വോട്ടർമാരോട് അഭ്യർഥിച്ചിരുന്നു. സവിതയുടെ മരണത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തിയ സംഘത്തിന്റെ തലവനായ പ്രഫ. സർ സഭാരത്നം അരുൾകുമാരനും ഇതേ അഭ്യർഥന നടത്തി. സവിതയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ അയർലൻഡിലെങ്ങും കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.