Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഫീൽ ഖാൻ തൽക്കാലം വരേണ്ടെന്ന് കേരള സർക്കാർ; വിഷമമുണ്ടെന്ന് ഡോക്ടർ

Pinarayi--Kafeel-Khan പിണറായി വിജയൻ, ഡോ.കഫീൽ ഖാൻ

കോഴിക്കോട്∙ കേരളത്തില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനുപിന്നാലെ ഇവിടെയെത്താൻ താൽപര്യം പ്രകടിപ്പിച്ചു, ഗോരഖ്പൂരിലെ ‍ശിശുരോഗ വിദഗ്ധൻ ഡോക്ടർ കഫീൽ ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ സന്തോഷപൂർവം അദ്ദേഹത്തെ സ്വാഗതം ചെയ്തു. എന്നാൽ കേരളത്തിലേക്കുള്ള യാത്ര തൽക്കാലം മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ.

സർക്കാരിന്റെ ഈ നിർദേശത്തിൽ വളരെയധികം വിഷമമുണ്ടെന്ന്് കഫീൽ ഖാൻ പറഞ്ഞു. നിപ്പ ബാധിതപ്രദേശങ്ങളില്‍ സന്നദ്ധപ്രവർത്തനത്തിനു തയാറാണെന്നായിരുന്നു ഖാൻ അറിയിച്ചിരുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സോഷ്യലിസ്റ്റായി നിലകൊള്ളുകയെന്നത് അത്ര എളുപ്പമുള്ള ഒന്നല്ലെന്ന് കഫീൽ ഖാൻ മനോരമ ഓൺലൈനിന്റെ ഇംഗ്ലിഷ് പതിപ്പായ ഓൺമനോരമയോടു പറഞ്ഞു.

കേരളത്തിലേക്കു സ്വാഗതം ചെയ്യുന്നതിനൊപ്പം രണ്ടു വിമാനടിക്കറ്റുകളും കഫീൽ ഖാന് സർക്കാര്‍ അയച്ചുകൊടുത്തിരുന്നു. എന്നാൽ യാത്രാ അനുമതി നിഷേധിക്കാൻ മാത്രം എന്തു പ്രശ്നമാണുണ്ടായതെന്നു വ്യക്തമല്ല. ബിജെപിക്കെതിരെയുള്ള ആയുധമെന്ന നിലയിൽ ഖാനെ ഉപയോഗിക്കാനാണു സർക്കാരിന്റെ ശ്രമമെന്ന് ആരോപണമുയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു നേരിട്ടാണ് സന്ദർശനം നീട്ടിവയ്ക്കാൻ ഖാനെ അറിയിച്ചത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദഗ്ധർ പേരാമ്പ്രയിൽ സന്ദർശനത്തിനെത്തുന്നതിനാൽ ഖാൻ വരേണ്ടെന്ന് അറിയിക്കുകയായിരുന്നു.

വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടായോ എന്ന ചോദ്യത്തിനു മറുപടി ലഭിച്ചില്ലെന്നും കഫീൽ ഖാൻ പറയുന്നു. ‘കൊച്ചിയിലേക്കുള്ള യാത്ര രണ്ടുമൂന്നു ദിവസം നീട്ടിവയ്ക്കാൻ കേരള സർക്കാർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റിസർവേഷൻ റദ്ദാക്കുകയാണ്. ഞാൻ വരുന്നില്ലെന്ന് അറിയുമ്പോൾ നിങ്ങളിൽ പലരും വിഷമത്തിലാകും. പക്ഷേ ഞാൻ നിസഹായനാണ്. ഇത്തരമൊരു പ്രതിസന്ധിയിൽ സഹായമെത്തിക്കുന്നതിന് കഴിയുന്നത്ര ശ്രമിച്ചു. ഇങ്ങനെയൊരു സാഹചര്യത്തെ നേരിടാൻ തക്കവിധം ജീവനക്കാരും ആരോഗ്യ സംവിധാനങ്ങളും കേരളത്തിനുണ്ടെന്ന് അറിയാം. അതിലേക്കു ചെറിയ രീതിയിൽ എന്റെ സംഭാവന നൽകണമെന്നേ കരുതിയിരുന്നുള്ളൂ. ഉത്തർപ്രദേശിലെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിനെയും യാത്രയുടെ വിവരം അറിയിച്ചിരുന്നു. റമസാൻ നോമ്പുകാലത്ത് ആളുകൾ ഇങ്ങനെ കഷ്ടപ്പെടുന്ന വിവരമറിഞ്ഞപ്പോൾ വളരെയധികം വിഷമം തോന്നിയിരുന്നു.

ഈ വിവരം അറിഞ്ഞപ്പോള്‍ മുതൽ വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ വളരെയധികം ബുദ്ധിമുട്ടി. ഒരുപാടു സമയത്തിനുശേഷമാണ് എന്റെ അമ്മ കേരളത്തിലേക്കു വരാൻ സമ്മതിച്ചത്. ഒൻപതു മാസങ്ങൾക്കുശേഷമാണ് എനിക്കു നിന്നെ തിരികെ കിട്ടിയത്. എന്നിട്ടു വീണ്ടും എന്നെ ഉപേക്ഷിച്ചു പോകുകയാണോ എന്നായിരുന്നു അമ്മയ്ക്കു ചോദിക്കാനുണ്ടായിരുന്നത്. ഒരാളുടെ ജീവൻ രക്ഷിക്കാൻ പോകുന്നതിനാലാണ് അനുവാദം നൽകുന്നതെന്നും അമ്മ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഒരു സോഷ്യലിസ്റ്റാകുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. എന്നിരുന്നാലും എന്റെ നിലപാടുകളിൽ ഒരിക്കലും മാറ്റമുണ്ടാകില്ല. നിങ്ങൾക്ക് എന്താവശ്യമുണ്ടായാലും ഒരു വിളിപ്പുറത്ത് ഞാനുണ്ടാകും’ – കഫീൽ ഖാൻ പറഞ്ഞു.