Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവർണർ കുമ്മനം: ബിജെപി കേരള നേതൃത്വത്തെ ഞെട്ടിച്ച് കേന്ദ്ര തീരുമാനം

kummanam-chengannur മിസോറം ഗവർണറായി നിയമിതനായ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പ്രഖ്യാപനം അറിഞ്ഞശേഷം ചെങ്ങന്നൂരിലെ ബിജെപി തിര‍ഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ. ചിത്രം: മനോരമ

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന ഘടകത്തെ പൂർണമായും ഇരുട്ടിൽ നിർത്തി വീണ്ടും കേന്ദ്ര നേതൃത്വത്തിന്റെ അമ്പരപ്പിക്കുന്ന നീക്കം. 

കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ച കേന്ദ്ര തീരുമാനം ശരിക്കും കേരള ഘടകത്തെ ഞെട്ടിച്ചു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുലിയൂരിലെ പൊതുയോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരുന്ന കുമ്മനം തന്നെ ഇക്കാര്യം മുൻകൂട്ടിയറിഞ്ഞോയെന്ന സംശയമാണു നേതാക്കൾ പങ്കുവയ്ക്കുന്നത്. ഗവർണർ പദവി കുമ്മനത്തിന് അംഗീകാരമാണ്. ആദ്യമായാണു കേരളത്തിൽനിന്നൊരു നേതാവിനെ ബിജെപി ഗവർണറായി നിയമിക്കുന്നത്. എന്നാൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പട നയിക്കുന്ന ഘട്ടത്തിൽത്തന്നെ അമരത്തുനിന്നു നായകനെ മാറ്റുന്നതു സമ്മിശ്ര പ്രതികരണം പാർട്ടിയിൽ സൃഷ്ടിച്ചിരിക്കുന്നു. ആരാണു പുതിയ പ്രസിഡന്റ് എന്ന ചോദ്യത്തിന് ആർക്കും വ്യക്തമായ ഉത്തരമില്ല. എത്രയും വേഗം അതുണ്ടായേക്കുമെന്നു മാത്രം പ്രതീക്ഷിക്കുന്നു. 

ഉപതിരഞ്ഞെടുപ്പിനുശേഷം കേരള നേതൃത്വത്തിൽ അഴിച്ചുപണിയെന്ന മുന്നറിയിപ്പു നേരത്തേ കേന്ദ്ര നേതൃത്വം അനൗപചാരികമായി നേതാക്കൾക്കു നൽകിയിരുന്നു. ഭേദപ്പെട്ട പ്രകടനം ഉണ്ടായില്ലെങ്കിൽ സംസ്ഥാന നേതൃനിരയെ അപ്പാടെ മാറ്റുമെന്ന പ്രതീതിയാണു നിലനിന്നത്. ഇപ്പോൾ വോട്ടെടുപ്പിനു മുമ്പുതന്നെ ആ മാറ്റം ഉണ്ടായതിനു പല വ്യാഖ്യാനങ്ങൾ നേതാക്കൾ നൽകുന്നു. ഉപതിരഞ്ഞടുപ്പിലെ പ്രകടനത്തിന്റെ പേരിൽ മാറ്റിയെന്ന തോന്നൽ ഒഴിവാക്കാനാണ് ഇതെന്ന വാദമാണു  ശക്തം. 

ഉപതിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ കേരള നേതാവിനു പദവി നൽകി സംസ്ഥാന ഘടകത്തെ അംഗീകരിച്ചതാണെന്ന് അവകാശപ്പെടുന്നവരുമുണ്ട്. വി.മുരളീധരനു രാജ്യസഭാംഗത്വം നൽകിയതോടെ പാർട്ടിയിൽ കുമ്മനം നയിക്കുന്ന ഔദ്യോഗിക ചേരിയിൽ ചില നീരസങ്ങളുണ്ടായിരുന്നു. ഇപ്പോൾ കുമ്മനത്തിനുതന്നെ അതിലും വലിയ പദവി കേന്ദ്രം സമ്മാനിച്ചിരിക്കുന്നു.  

related stories