Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്മനം: പടികയറ്റങ്ങളെല്ലാം അപ്രതീക്ഷിതം, ഗവർണർ പദവിയും

kummanam-rajasekharan-special സിപിഎം–പൊലീസ് അതിക്രമത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി പത്തനംതിട്ടയിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ വേദിയിലേക്ക് സ്വീകരിച്ചപ്പോൾ. മനോരമ ∙ ഫയൽ ചിത്രം – അരവിന്ദ് വേണുഗോപാൽ

തിരുവനന്തപുരം∙  പാർട്ടി പ്രസിഡന്റ് ആരാകും എന്ന ചർച്ചയിൽ സംസ്ഥാന ഘടകം രണ്ടു തട്ടില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷനിൽ നിന്ന് കുമ്മനത്തിന് മിസോറം ഗവർണർ പദവിയും അപ്രതീക്ഷിതം.

ഔദ്യോഗിക പത്രക്കുറിപ്പ് ഇറങ്ങിയശേഷമാണ് കുമ്മനത്തെ മിസോറം ഗവര്‍ണറാക്കുന്ന വാര്‍ത്ത സംസ്ഥാന നേതൃത്വം പോലും അറിഞ്ഞത്. ഇക്കാര്യത്തിൽ ഒരു സൂചനപോലും കേന്ദ്രത്തില്‍നിന്ന് ലഭിച്ചില്ല. സംസ്ഥാനത്തെ പുതിയ അധ്യക്ഷനെക്കുറിച്ചുള്ള സൂചനകളും കേന്ദ്രം നല്‍കുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാനത്തെ പാർട്ടി സംവിധാനത്തെ അഴിച്ചുപണിയാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നടപടികളിൽ ആദ്യത്തേതാണ് സംസ്ഥാന അധ്യക്ഷന്റെ പുതിയ നിയോഗത്തിലൂടെ വ്യക്തമാകുന്നതും.

കുമ്മനത്തിന്റെ മാറ്റം പാര്‍ട്ടിയില്‍ സൃഷ്ടിക്കുന്ന അലയൊലികള്‍ അടങ്ങാന്‍ സമയമെടുക്കും. പ്രത്യേകിച്ച് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കുമ്മനത്തെ മാറ്റിയത് എതിരാളികള്‍ ആയുധമാക്കുമെന്ന ആശങ്ക സംസ്ഥാന നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശപ്രകാരം കുമ്മനത്തെ മാറ്റിയത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തെത്തുടര്‍ന്നാണെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍എസ്എസ് നിര്‍ദേശിച്ച കുമ്മനം രാജശേഖരനും സംഘടനാ ജനറല്‍ സെക്രട്ടറി ഗണേശനും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന വിലയിരുത്തല്‍ കുറേനാളായി ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. പാര്‍ട്ടിക്ക് കേരളത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച നേടാനായില്ല. നേതാക്കളെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും വിലയിരുത്തലുണ്ടായി.

കുമ്മനത്തിനു മന്ത്രിപദവി നല്‍കി പുതിയൊരാളെ കൊണ്ടുവരാന്‍ ശ്രമം നടന്നെങ്കിലും മെഡിക്കല്‍ കോളജ് വിവാദം തടസമായി. വിവാദത്തിനിടെ അധ്യക്ഷനെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലായിരുന്നു കേന്ദ്ര നേതൃത്വം. ബിഡിജെഎസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ വീഴ്ചയും പ്രശ്നമായെന്ന വിലയിരുത്തലുണ്ട്. 

പാര്‍ട്ടിയിലെ ഭിന്നത കാരണമാണ് കുമ്മനത്തെ മാറ്റിയതെന്ന വാദങ്ങള്‍ സംസ്ഥാന നേതൃത്വം നിഷേധിക്കുന്നു. പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും കുമ്മനത്തിന് കേന്ദ്രപദവി നല്‍കുന്ന കാര്യം ഏറെക്കാലമായി ആലോചിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കുന്നു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുന്‍പ് തിരക്കുപിടിച്ച മാറ്റം എന്താണെന്ന ചോദ്യത്തിന് സംസ്ഥാന നേതൃത്വത്തിന് മറുപടിയുമില്ല.

വി.മുരളീധരനു പകരം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങിയതു മുതല്‍ ബിജെപി സംസ്ഥാന നേതൃത്വം രണ്ടു തട്ടിലായിരുന്നു. കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച ബാലശങ്കറിനെ ഒ.രാജഗോപാല്‍, സി.കെ.പത്മനാഭന്‍, പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ് എന്നിവര്‍ പിന്‍താങ്ങി. വി.മുരളീധരനും, കെ.സുരേന്ദ്രനും, ഉമാകാന്തനും കുമ്മനത്തിന്റെ പേര് നിര്‍ദേശിച്ചു.

2015 ഡിസംബര്‍ 18 നാണ് ദേശീയ അധ്യക്ഷന്‍ അമിത്ഷാ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനായി നിയോഗിക്കുന്നത്.  നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം മുന്നിൽ നിൽക്കെ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയായിരുന്ന കുമ്മനത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയ കേന്ദ്ര നേതൃത്വം അന്ന് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനാണ് വഴിയൊരുക്കിയത്. 

ഹിന്ദു സമുദായ സംഘടനകളെ കോർത്തിണക്കാനും സംഘപരിവാർ അണികൾക്ക് ആവേശം പകരാനും കുമ്മനത്തിന്റെ നേതൃത്വം ബിജെപിക്കു സഹായകമാകുമെന്ന വിലയിരുത്തലും കേന്ദ്രത്തിനുണ്ടായിരുന്നു. അതില്‍ വിജയമോ, പരാജയമോ എന്ന് കേന്ദ്രം വ്യാഖ്യാനിച്ചയിടത്ത് കുമ്മനത്തിന് പാർട്ടി സംസ്ഥാന അധ്യക്ഷ പദവി നഷ്ടമായി.