Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡമാൻ പിന്നിട്ടു; മഴമേഘങ്ങൾ നിറയുന്നു, മൺസൂൺ കേരളത്തിന്റെ പടിവാതിൽക്കൽ

വർഗീസ് സി. തോമസ്
Black cloud before a strom begin

പത്തനംതിട്ട∙ ആൻഡമാൻ ദ്വീപസമൂഹത്തിൽ എത്തിയ കാലവർഷം വൈകാതെ കേരളത്തിന്റെ പടിവാതിൽക്കൽ. സംസ്ഥാനത്തു കാലവർഷ സമാനമായ സാഹചര്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കേരളത്തില്‍ പല ഭാഗങ്ങളിലും വെള്ളിയാഴ്ച കനത്ത മഴ ലഭിച്ചു. പൊന്നാനിയിൽ 16 സെ.മീ. കനത്ത മഴ പെയ്തപ്പോൾ തൃശൂർ, വടകര, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഏഴു സെ.മീ. മഴ രേഖപ്പെടുത്തി.

തിരുവനന്തപുരം മുതൽ വയനാട് വരെ മഴ ലഭിച്ചതോടെ കാലവർഷം വിളിപ്പാടകലെയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രവും(ഐഎംഡി) സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകരും പറയുന്നു. കനത്ത മഴ മേഘങ്ങളാണു തെക്കൻ മേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. കടലും പ്രക്ഷുബ്ധം.  ഇതിനൊപ്പം രണ്ടു ന്യൂനമർദങ്ങളും ശക്തിപ്പെടുന്നു. മെകുനു ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി ഒമാൻ തീരത്തു ശനിയാഴ്ച കെട്ടടങ്ങുന്നതോടെ അറബിക്കടൽ കാലവർഷത്തിനു സജ്ജമാകും.

മേയ് പത്തിനു ശേഷം തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള പതിനാലോളം കാലാവസ്‌ഥാ മഴമാപിനികളിൽ എട്ടിടത്തെങ്കിലും രണ്ടു ദിവസം തുടർച്ചയായി 2.5 മില്ലീമീറ്റർ മഴ രേഖപ്പെടുത്തുകയും തെക്കു പടിഞ്ഞാറൻ ദിശയിൽ നിന്നു കാറ്റു വീശുകയും ചെയ്‌താൽ കാലവർഷത്തിന്റെ ആഗമനം പ്രഖ്യാപിക്കാമെന്നാണ് ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) ചട്ടം. ശനിയാഴ്ച മുതൽ 29 വരെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ 20 സെന്റീമീറ്റർ വരെ കനത്ത മഴ ലഭിക്കുമെന്നു മുന്നറിയിപ്പുണ്ട്. ഇതോടെ കാലവർഷം കേരളത്തിൽ പ്രവേശിക്കും.

ആൻ‍ഡമാനും ശ്രീലങ്കയും കടന്ന് തെക്കുപടിഞ്ഞാറൻ കാറ്റ് കന്യാകുമാരിക്കു തെക്കുവരെ എത്തിക്കഴിഞ്ഞതായി ‘സ്കൈമെറ്റ്’ ഉൾപ്പെടെയുള്ള കാലാവസ്ഥാ ഏജൻസികൾ അറിയിച്ചു. എന്നാൽ കാലവർഷം എത്തിയെന്നു ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രമായതിനാൽ നിരീക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മഴ ശക്തമായാൽ തിങ്കളാഴ്ചയോടെ കാലവർഷത്തിന്റെ ആഗമനം പ്രഖ്യാപിക്കാൻ കഴിഞ്ഞേക്കും. 29നു മഴ എത്തുമെന്നാണ് ഐഎംഡി നേരത്തെ പ്രവചിച്ചിരിക്കുന്നത്. ഇത് രണ്ടു ദിവസം മുൻപേയാകാനും സാധ്യതയുണ്ടെന്നു കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പ്രവചനത്തിൽ കേന്ദ്രം സൂചിപ്പിച്ചിരുന്നു.

അനുകൂല ഘടകങ്ങൾ

ഭൂമിയെ വലം വയ്‌ക്കുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ (എംജെഒ) എന്നറിയപ്പെടുന്ന ഈ മേഘച്ചുറ്റ് ഇപ്പോൾ ഇന്ത്യൻ സമുദ്രത്തിനു മുകളിലായതിനാൽ ജൂണിൽ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണു നിഗമനം.  ഇതു മറ്റു രാജ്യങ്ങളിലേക്കു മാറുന്നതോടെ ഓഗസ്‌റ്റ്–സെപ്‌റ്റംബർ മഴയിൽ ഏറ്റക്കുറച്ചിൽ വരാം. പസഫിക് സമുദ്രതാപനിലയുമായി ബന്ധപ്പെട്ട എൽ നിന, ലാ നിന സമുദ്രജല പ്രവാഹങ്ങളും മഴയ്‌ക്ക് അനുകൂലമാണ്. 

വെള്ളിയാഴ്ച സംസ്ഥാനത്ത് ലഭിച്ച മഴ

പട്ടാമ്പി, ഹരിപ്പാട് (6 സെ.മീ),  അയിരൂർ–പത്തനംതിട്ട (5), വൈക്കം, കൊല്ലം (3), കോട്ടയം, നെടുമങ്ങാട്, തൊടുപുഴ (2), തിരുവനന്തപുരം, കൊച്ചി വിമാനത്താളം (1)