Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഞ്ഞടിക്കാനല്ല, അടിക്കാൻ പോലുമുള്ള ശേഷി തനിക്ക് ഇല്ലെന്ന് ചീഫ് ജസ്റ്റിസ്

Antony Dominic, Kemal Pasha, PN Raveendran ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്, ജസ്റ്റിസ് കെമാല്‍പാഷ, ജസ്റ്റിസ് പി.എന്‍. രവീന്ദ്രൻ

കൊല്ലം.∙ ആഞ്ഞടിക്കാനല്ല, അടിക്കാൻ പോലുമുള്ള ശേഷി തനിക്ക് ഇല്ലെന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്. മനസാക്ഷിക്ക് അനുസരിച്ചാണ് ഇത്രയും കാലം പ്രവർത്തിച്ചതെന്ന് ഹൈക്കോടതി ജീവനക്കാർ നൽകിയ യാത്രയയപ്പു ചടങ്ങിൽ പറഞ്ഞപ്പോൾ ചീഫ് ജസ്റ്റിസ് ആഞ്ഞടിച്ചു എന്നായി വാർത്ത. എന്തു പറയണം, എങ്ങനെ പറയണം, പറയുന്നത് എങ്ങനെയൊക്കെ പോകും എന്നു തികഞ്ഞ ആശങ്കയാണുള്ളത്. വിശ്വാസ്യതയുടെ റേറ്റിങ്ങിൽ രാജ്യത്തു മുന്നിൽ നിൽക്കുന്നതു കേരളത്തിലെ കോടതികളാണ്. സബോർഡിനേറ്റ് ജൂഡീഷ്യറിയുടെ മികവാണ് അതിനു കാരണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയതടക്കം ചീഫ് ജസ്റ്റിസിന്റെ നടപടികളിലുള്ള അതൃപ്തി ജസ്റ്റിസ് കെമാല്‍ പാഷ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. പാഷയു‌ടെ പ്രതികരണത്തിനു പരോക്ഷ മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് ശനിയാഴ്ച രാവിലെ രംഗത്തെത്തി. ഇതിനെക്കുറിച്ചുള്ള മാധ്യമ വാർത്തകളിന്മേലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ചീഫ് ജസ്റ്റിസായിരുന്ന കാലഘട്ടത്തില്‍ മനസ്സാക്ഷിക്കൊത്തു മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ആ ബോധ്യത്തോടെയാണു പടിയിറങ്ങുന്നത്. ഹൈക്കോടതി ജ‍ഡ്ജിയായതും ചീഫ് ജസ്റ്റിസായതുമെല്ലാം അപ്രതീക്ഷിതമായാണെന്നും അദ്ദേഹം ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ സമന്വയ സംഘടിപ്പിച്ച പരിപാടിയില്‍ രാവിലെ പറഞ്ഞു.

അതിനിടെ, ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ കടുത്ത വിമര്‍ശവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും രംഗത്തെത്തി. ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ പരാമര്‍ശങ്ങള്‍ ദുഖകരമാണ്. താന്‍ പ്രവര്‍ത്തിച്ച കോടതിയോട് അങ്ങനെ ചെയ്യില്ല. അല്‍പന്‍മാര്‍ അവഹേളിക്കാന്‍ ഇറങ്ങിയാല്‍ അത് തടുക്കണം. തന്റെ കര്‍ക്കശസ്വഭാവം അടുത്തദിവസം വിടവാങ്ങല്‍ പ്രസംഗത്തില്‍ കാണിക്കുമെന്നും ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു.

ബാഹ്യ ഇടപെടല്‍ സംശയിക്കുന്നവരെ കുറ്റം പറയാനാകില്ലെന്നു വിരമിച്ച ശേഷം അനുവദിച്ച ആദ്യ അഭിമുഖത്തില്‍ കെമാല്‍ പാഷ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. ജഡ്ജി നിയമനത്തിനായി ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ചിലരെക്കുറിച്ചുള്ള ആക്ഷേപം എവിടെയും പറയാന്‍ തയ്യാറാണ്. വിരമിച്ച ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ ഏറ്റെടുക്കരുതെന്ന് പറഞ്ഞത്, സഹജഡ്ജിമാര്‍ക്കുള്ള മുന്നറിയിപ്പ് തന്നെയാണെന്നും ആരെല്ലാം ചെവിക്കൊള്ളുമെന്ന് അറിയില്ലെന്നും കെമാല്‍ പാഷ തുറന്നടിച്ചു.

related stories