Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐറിഷ് ജനത വിധിയെഴുതി; ഗർഭച്‌ഛിദ്രത്തെ അനുകൂലിക്കുന്നവർക്ക് ജയം

IRELAND-ABORTION-REFERENDUM ഗർഭച്‌ഛിദ്രത്തെ അനുകൂലിക്കുന്നവർ അയർലൻഡിൽ വിജയാഹ്ലാദത്തിൽ.

ഡബ്ലിന്‍∙ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിന് അയർലൻഡിലെ ഹിതപരിശോധനയിൽ വൻ വിജയം. ഇന്ത്യൻ വംശജനും ഡോക്ടറുമായ അയർലൻഡ് പ്രധാനമന്ത്രി ലീയോ വരാഡ്‌കറാണു വിജയപ്രഖ്യാപനം നടത്തിയത്. ഹിതപരിശോധനയുമായി ബന്ധപ്പെട്ടു നടത്തിയ രണ്ട് എക്സിറ്റ് പോളുകളും ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർ വൻ വിജയം നേടുമെന്നാണു പ്രവചിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ വിജയ പ്രഖ്യാപനം. വോട്ടെണ്ണി ആദ്യഘട്ട ഫലം പുറത്തു വന്നപ്പോൾ 66.4 ശതമാനം വോട്ടോടെ ഗർഭച്‌ഛിദ്രത്തെ അനുകൂലിക്കുന്നവർ മുന്നിലെത്തി. 33.6% വോട്ടാണ് ഇതിനെ പ്രതികൂലിച്ചവർക്കു ലഭിച്ചത്.

നിലവിൽ ജീവനു ഭീഷണിയാണെങ്കിൽ മാത്രം ഗർഭച്ഛിദ്രം എന്നതായിരുന്നു അയർലൻഡിലെ നിയമം അനുശാസിച്ചിരുന്നത്. എന്നാൽ ലൈംഗികപീഡനത്തിനിരയായും മറ്റു വഴിയിലൂടെയും ഗർഭിണിയായാലും ഗർഭസ്ഥ ശിശുവിനു മാരകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു നേരത്തേതന്നെ തിരിച്ചറിഞ്ഞാലും ഗർഭച്ഛിദ്രം നടത്താനാവുമായിരുന്നില്ല. ഇതിനാണു മാറ്റം വരുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

‘ജനങ്ങള്‍ പറഞ്ഞിരിക്കുന്നു. അവർക്ക് ഈ പുതിയ രാജ്യത്തിനു വേണ്ടി ഒരു പുതിയ ഭരണഘടന വേണം’– പ്രധാനമന്ത്രി വ്യക്തമാക്കി. സ്വന്തം ആരോഗ്യം സംബന്ധിച്ച് രാജ്യത്തെ ഓരോ വനിതയ്ക്കും ഉചിതമായ തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ, അവരെ വിശ്വാസത്തിലെടുത്തു, ബഹുമാനിച്ചാണ് ഐറിഷ് ജനത വോട്ടു ചെയ്തത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അയർലൻഡിൽ ഉടലെടുത്തു കൊണ്ടിരിക്കുന്ന നിശബ്ദ വിപ്ലവത്തിന്റെ തുടർച്ചയാണിതെന്നും ലീയോ വരാഡ്‌കർ പറഞ്ഞു.

40 ഇടത്തു വോട്ടെണ്ണിത്തുടങ്ങിയപ്പോൾ ആദ്യത്തെ നാലിടത്ത് ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർ 66.36 ശതമാനം വോട്ട് ചെയ്തു. എതിർക്കുന്നവർക്ക് 33.64 ശതമാനം വോട്ടും ലഭിച്ചു. ഡബ്ലിൻ സെൻട്രലിൽ 77 ശതമാനം പേരാണു പിന്തുണ പ്രഖ്യാപിച്ചത്. കോർക്ക് സൗത്ത് സെൻട്രലിൽ 69% പേരും കോർക്ക് നോർത്ത് സെൻട്രലിൽ 60 ശതമാനം പേരും ഗർഭച്ഛിദ്ര അനുകൂല സമീപനം സ്വീകരിച്ചു. ഭരണഘടനയുടെ എട്ടാം ഭേദഗതി മാറ്റുന്നതിനെ അനുകൂലിച്ചവർക്കാണു ഹിതപരിശോധനയിൽ വിജയം. വൈകാതെ തന്നെ ഐറിഷ് പാർലമെന്റ് പുതിയ നിയമവും കൊണ്ടു വരും. 

വിജയം നേരത്തേ ഉറപ്പിച്ചു

അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള തുല്യ അവകാശം നൽകുന്ന ഭരണഘടനാഭേദഗതി 1983ലാണ് രാജ്യത്തുണ്ടായത്. പല ദശകങ്ങൾക്കിടയിൽ ഈ വിഷയത്തിൽ മൂന്നുവട്ടം ഐറിഷ് ജനത വോട്ട് ചെയ്തുകഴിഞ്ഞു. ഗർഭച്‌ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയർലൻഡിൽ 2013ൽ മാത്രമാണ് അമ്മയുടെ ജീവൻ അപകടത്തിലാണെങ്കിൽ മാത്രം ഗർഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്. ഇന്ത്യക്കാരിയായ യുവതി ഡോ. സവിത ഹാലപ്പനാവറിന്റെ മരണത്തെത്തുടർന്നായിരുന്നു അത്.

അയർലൻഡിലെ വോട്ടെടുപ്പ് ഗർഭച്‌ഛിദ്രത്തിന് അനുകൂലമാകുന്നതിൽ സവിതയുടെ മാതാപിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. ‘സവിതയ്ക്കു നീതി ലഭിച്ചു. എന്റെ മകൾക്കു സംഭവിച്ചത് മറ്റാർക്കും ഇനി സംഭവിക്കരുത്. ഈ ചരിത്ര നിമിഷത്തിൽ അയർലൻഡിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല’– സവിതയുടെ പിതാവ് അന്ദനപ്പ യാലഗി പറഞ്ഞു. 

‘നമ്മുടെ ഉത്തരം യെസ്’ ആണ് എന്നു വ്യക്തമാക്കുന്ന പോസ്റ്ററുകൾ രാജ്യത്തിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടു തുടങ്ങി. എക്സിറ്റ് പോളുകളിലെ ഫലവുമായി ‘ഇറ്റ്സ് എ യെസ്’ എന്ന വമ്പൻ തലക്കെട്ടോടെയാണ് അയർലൻഡിലെ ഏറ്റവും പ്രചാരമുള്ള പത്രം ‘ഐറിഷ് ഇൻഡിപെൻഡന്റ്’ ശനിയാഴ്ച പുറത്തിറങ്ങിയത്. #togetherforyes എന്ന ഹാഷ്ടാഗും ട്രെൻഡിങ്ങായി. പ്രാദേശിക സമയം രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. 

അതിനിടെ, ഗർഭച്‌ഛിദ്രത്തെ എതിർക്കുന്ന ‘Savethe8th’ വിഭാഗം തോൽവി സമ്മതിച്ചു വാർത്താക്കുറിപ്പ് പുറത്തിറക്കി. ഭരണഘടന മാറിയാലും ഗർഭച്‌‌‌ഛിദ്ര ഭീകരത എന്ന യാഥാർഥ്യം അങ്ങനെതന്നെ നിൽക്കുമെന്നും അവർ പ്രതികരിച്ചു. അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിനായി വലിയൊരു വിഭാഗം രംഗത്തുള്ളപ്പോൾത്തന്നെ ഗർഭസ്ഥശിശുവിനും ഇതേ അവകാശമുണ്ടെന്ന വാദവുമായാണു Savethe8th രംഗത്തിറങ്ങിയത്.

രാജ്യത്തെ പ്രധാന പാർട്ടികളൊന്നും ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ രംഗത്തിറങ്ങിയിരുന്നില്ല. മറിച്ച് വ്യക്തിപരമായിരുന്നു പ്രചാരണങ്ങൾ. പ്രധാനമന്ത്രി ഗർഭച്‌ഛിദ്രത്തെ അനുകൂലിക്കുന്നവർക്കൊപ്പമായിരുന്നു. എക്സിറ്റ് പോളുകളിലൊന്ന് 68 ശതമാനം വിജയമാണ് ‘യെസ്’ അനുകൂലികൾക്കു പ്രവചിച്ചത്; രണ്ടാമത്തെ എക്സിറ്റ് പോളിൽ 69 ശതമാനവും. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഭരണഘടനയിൽ എപ്രകാരമുള്ള ഭേദഗതിയായിരിക്കും വരികയെന്ന ചർച്ചയും ശക്തമായിക്കഴിഞ്ഞു. മുൻപ് അയർലൻഡുകാർ ഗർഭച്‌ഛിദ്രത്തിനായി ബ്രിട്ടനിലേക്കാണു പോയിരുന്നത്. എന്നാൽ ഇന്റർനെറ്റ് വഴിയുള്ള ഗർഭച്‌ഛിദ്രമരുന്നുകൾ വ്യാപകമായതോടെ ആ സ്ഥിതിക്കു മാറ്റം വന്നു.

റോമൻ കത്തോലിക്കാ വിശ്വാസപാതയിലുള്ള രാജ്യം 2015ൽ ഹിതപരിശോധനയിലൂടെ സ്വവർഗവിവാഹം നിയമവിധേയമാക്കിയിരുന്നു. അന്ന് 61 ശതമാനം പേരാണ് സ്വവർഗവിവാഹത്തെ അനുകൂലിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.