Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷം ചതിച്ചു. വയൽക്കിളികളുടെ കീഴാറ്റൂർ- കണ്ണൂര്‍ മാർച്ച് ഉപേക്ഷിച്ചു

Keezhattoor-Vayalkili

കണ്ണൂർ ∙ ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും കീഴാറ്റൂർ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായതോടെ, ഇന്നു നടത്താനിരുന്ന വയൽക്കിളികളുടെ കലക്ടറേറ്റ് മാർച്ചും കഞ്ഞിവയ്പ്പു സമരവും ഉപേക്ഷിച്ചു.  ദേശീയപാതാ വികസനത്തിലെ അശാസ്ത്രീയതയ്ക്കെതിരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സമരം ചെയ്യുന്നവർ ഒന്നിച്ച് ഇന്നു കീഴാറ്റൂരിൽനിന്നു കണ്ണൂരിലേക്ക് ബഹുജന മാർ‍ച്ച് നടത്താനായിരുന്നു തീരുമാനം.‌ വയൽക്കിളികൾക്കു പുറമെ തുരുത്തി ആക്‌ഷൻ കമ്മിറ്റി, കോട്ടക്കുന്ന് ആക്‌ഷൻ കമ്മിറ്റി, കല്ലുകെട്ട് ചിറ ആക്‌ഷൻ കമ്മിറ്റി തുടങ്ങിയവരും മാർച്ചിൽ അണിനിരക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.  

ഇന്നത്തെ മാർച്ചിനു പകരം ഈ സംഘടനകളെല്ലാം ഒന്നിച്ച് 29 ന് കലക്ടറേറ്റ് മാർച്ച് നടത്താനാണ് ആലോചിക്കുന്നതെന്ന് കീഴാറ്റൂർ ഐക്യദാർഢ്യസമിതി ഭാരവാഹികൾ അറിയിച്ചു. ഇന്നലെ പെയ്ത മഴയിൽ ഒട്ടേറെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഒട്ടേറെ മരങ്ങൾ കടപുഴകി. 20 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. പ്രദേശത്ത് എവിടെയും വൈദ്യുതിയില്ല. സിപിഎം പ്രവർത്തകരും വയൽക്കിളി പ്രവർത്തകരും ഒന്നിച്ചാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയത്.