Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്മനത്തിന് പണിഷ്മെന്റ് ട്രാന്‍സ്ഫറോ? ചൂടു പിടിച്ച് ചെങ്ങന്നൂര്‍

kummanam-rajasekharan കുമ്മനം രാജശേഖരൻ

ചെങ്ങന്നൂർ ∙ തിരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കെ കനത്ത ഗതാഗതക്കുരുക്കിലാണ് ചെങ്ങന്നൂര്‍. അതിനെയും വെല്ലുന്ന രാഷ്ട്രീയക്കുരുക്കുകള്‍ അഴിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറാക്കിയതോടെ, സ്ഥാനമാറ്റമാണ് അവസാന മണിക്കൂറുകളില്‍ ചര്‍ച്ചാ വിഷയം. ഗവര്‍ണർ പദവി ആദരവാണെന്ന നിലപാട് ബിജെപി നേതൃത്വം സ്വീകരിക്കുമ്പോള്‍, തോല്‍വി സമ്മതിച്ചു മാറ്റിയതാണെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആരോപിക്കുന്നു. പ്രചാരണ വിഷയങ്ങളെല്ലാം കുമ്മനത്തിലേക്ക് ചുരുങ്ങുമ്പോള്‍ കഴിഞ്ഞ ദിവസം രാത്രി കുമ്മനം ചെങ്ങന്നൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് മടങ്ങി.

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ കുമ്മനത്തെ മാറ്റിയതിനെക്കുറിച്ച് വിശദീകരിക്കാന്‍ ബിജെപി നേതൃത്വം പ്രയാസപ്പെടുന്നുണ്ട്. അന്തരീക്ഷം ലഘൂകരിക്കാന്‍ നേതൃത്വം പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പ്രദേശിക തലത്തില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. കുമ്മനത്തെ മാറ്റിയതിനെക്കുറിച്ച് അണികളോട് വിശദീകരിക്കുന്നതിനൊപ്പം എതിര്‍പാര്‍ട്ടികളുടെ ആരോപണങ്ങളെയും ചെറുക്കേണ്ട അവസ്ഥയാണ്. തോല്‍വി മുന്നില്‍ കണ്ടാണ് കുമ്മനത്തെ മാറ്റിയതെന്നാണ് കോണ്‍ഗ്രസും സിപിഎമ്മും പ്രാദേശിക തലത്തില്‍ പ്രചരിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരുപടി കൂടി കടന്നു. കുമ്മനത്തിന് ‘ പണിഷ്മെന്റ് ട്രാന്‍സ്ഫറാണെന്നും’ ഗവര്‍ണറായി ആദ്യം പരിഗണിച്ചിരുന്ന ശ്രീധരന്‍പിള്ളയെ അവസാന നിമിഷം ഒഴിവാക്കിയതാണെന്നുമായിരുന്നു കോടിയേരിയുടെ പ്രസ്താവന. ബിജെപി അവസാന നിമിഷം പടനായകനെ മാറ്റിയത് തോൽവി ഭയന്നാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. 

കുമ്മനത്തിന്റെ അപ്രതീക്ഷിത സ്ഥാനമാറ്റം ബിജെപി നേതാക്കളുടെ ശരീരഭാഷയിലും പ്രകടമായിരുന്നു. കുമ്മനത്തെ ഗവര്‍ണറാക്കിയ നടപടിയോട് പ്രതികരിക്കാന്‍ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള തയാറായില്ല. കേന്ദ്രം കേരളത്തിന് ഗവര്‍ണറെയും മന്ത്രിമാരെയും രാജ്യസഭാ എംപിയെയും നല്‍കുമ്പോഴും കേരളം തിരിച്ച് എന്താണ് നല്‍കുന്നതെന്ന് ആലോചിക്കണമെന്നതില്‍ പ്രതികരണം ഒതുങ്ങി. സ്ഥാനാര്‍ഥിയോടൊപ്പം റോഡ്ഷോയ്ക്കെത്തിയ നടനും എംപിയുമായ സുരേഷ്ഗോപി ഗവര്‍ണര്‍പദം ആദരവാണെന്ന നിലപാടാണ് സ്വീകരിച്ചത്. 

ചെങ്ങന്നൂരില്‍ പ്രചാരണം നയിക്കുന്ന മറ്റു ബിജെപി നേതാക്കളും ഇതേ അഭിപ്രായമാണ് പുറമേ പങ്കുവയ്ക്കുന്നത്. ഗവര്‍ണര്‍പദം കുമ്മനത്തിനും കേരളത്തിനും ലഭിച്ച ആദരവാണെന്നും എതിര്‍ പാര്‍ട്ടികളുടെ വിലകുറഞ്ഞ ആരോപണത്തെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലം ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ സൗജു ഇടക്കല്ലില്‍ പറഞ്ഞു.

കഴിഞ്ഞ  രാത്രിവരെ പ്രചാരണത്തില്‍ സജീവമായിരുന്ന കുമ്മനത്തിനെ ഗവര്‍ണറാക്കിയത് ജനങ്ങള്‍ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് മാന്നാര്‍ പഞ്ചായത്തിന്റെ പ്രചാരണ ചുമതലയുള്ള എച്ച്. അരുണ്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. 

േനതൃത്വം ആത്മവിശ്വാസം പങ്കുവയ്ക്കുമ്പോഴും എതിരഭിപ്രായമുള്ളവരും പാര്‍ട്ടിയിലുണ്ട്. പ്രചാരണത്തിന് നേതൃത്വം നല്‍കി മണ്ഡലത്തില്‍ സജീവമായിരുന്നൊരാളെ പെട്ടെന്ന് അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് വിശദീകരിക്കാന്‍ പ്രയാസപ്പെടുന്നുണ്ടെന്ന് ഒരു ബിജെപി നേതാവ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. മറ്റു ചില ജില്ലകളില്‍നിന്ന് ചെങ്ങന്നൂരെത്തിയവരും സമാന അഭിപ്രായം പങ്കുവച്ചു.