Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനെയും യെമനെയും വിറപ്പിച്ച് മേകുനു; 2 ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു

Cyclone-Mekunu മേകുനു ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിൽ റോഡിൽ വെള്ളം കയറിയപ്പോൾ

എഡൻ/സലാല∙ ഒമാനെയും യെമനെയും കശക്കിയെറിഞ്ഞ് മേകുനു ചുഴലിക്കാറ്റ്. ശക്തമായി വീശിയ കാറ്റിലും മഴയിലും യെമനിൽ ഏഴുപേരും ഒമാനിൽ മൂന്നു പേരും മരിച്ചു. യെമനിൽ മരിച്ചവരിൽ രണ്ടുപേർ ഇന്ത്യക്കാരാണെന്ന് വാർത്താ ഏജന്‍സികൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യക്കാരും സുഡാനികളുമടക്കം 19 പേരെ യെമനിൽ കാണാതായിട്ടുണ്ട്.

പന്ത്രണ്ടുവയസ്സുള്ള കുട്ടിയടക്കം മൂന്നുപേരാണ് ഒമാനിൽ മരിച്ചത്. ശക്തമായ കാറ്റിൽ ചുവരിൽ തലയിടിച്ചാണ് കുട്ടി മരിച്ചത്. അതേസമയം, 14 ഇന്ത്യൻ നാവികർ കാറ്റിനെ തുടർന്ന് യെമനിൽ കുടുങ്ങിയിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി ഫഹദ് ഖാൻ പറഞ്ഞു. കൂടുതൽ നാശം നഷ്ടം റിപ്പോർട്ടു ചെയ്ത സ്കോട്ര ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. ബോട്ടുകൾ തകർന്നു, ഒട്ടേറെപ്പേർ വീടുപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ട്. ദ്വീപ് തികച്ചും ഒറ്റപ്പെട്ട നിലയിലാണ്.

Mekunu - Yemen മേകുനു ചുഴലിക്കാറ്റിനെ തുടർന്ന് യെമനിലുണ്ടായ വെള്ളപ്പൊക്കം

ഒമാന്റെ മറ്റു പ്രദേശങ്ങളിൽ നിന്ന് പൂർണമായി ഒറ്റപ്പെട്ട നിലയിലാണ് തലസ്ഥാന നഗരമായ സലാല. ഇവിടേക്കുള്ള കര, വ്യോമഗതാഗതം പൂർണമായgx തടസപ്പെട്ടു. കനത്ത മഴയും കാറ്റുമൂലം സലാല വിമാനത്താവളം അടച്ചിരിക്കുകയാണ്. മലവെള്ളപ്പാച്ചിലിൽ ഒട്ടേറെ റോഡുകൾ തകർന്നു, വാഹനങ്ങൾ ഒലിച്ചുപോയി. വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

ഇന്നലെ അർധരാത്രിയോടെയാണ് മേകുനു ചുഴലിക്കൊടുങ്കാറ്റ് സലാലയിൽ ആഞ്ഞു വീശീയത്. മണിക്കൂറിൽ ഇരുനൂറു കിലോമീറ്റർ വേഗത്തിലാണ് കാറ്റടിച്ചത്. ഒമാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണിത്. ഒട്ടേറെ കെട്ടിടങ്ങൾ തകരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. അരുവികൾ നിറഞ്ഞൊഴുകുകയാണ്. അടുത്ത 36 മണിക്കൂറിൽ ദോഫാർ പ്രവിശ്യയിൽ 200 മുതൽ 600 മില്ലീ മീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആളുകൾ വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചു.

Mekunu - Yemen മേകുനു ചുഴലിക്കാറ്റിനെ തുടർന്ന് യെമനിലുണ്ടായ വെള്ളപ്പൊക്കം

സമൂഹമാധ്യമങ്ങൾ വഴി വിവിധ ഭാഷകളിൽ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുന്നുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നേവിയുടെ ഐഎൻഎസ് ദീപ്, ഐഎൻഎസ് കൊച്ചി എന്നീ കപ്പലുകൾ സലാലയിലേക്ക് തിരിച്ചിട്ടുണ്ട്. മരുന്നും വെള്ളവും ഭക്ഷണവുമടക്കമുള്ള അവശ്യസാധനങ്ങളുമായാണ് കപ്പലുകൾ തിരിച്ചിട്ടുള്ളത്.