Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവ കേന്ദ്രം തകർക്കുന്ന വിഡിയോ പുറത്ത്; ട്രംപിനു മനംമാറ്റം, കിമ്മുമായി ചർച്ചയാകാം

North-Korea-Explosion ഉത്തര കൊറിയയുടെ ആണവ കേന്ദ്രം തകർക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ (സ്കൈ ന്യൂസ് പുറത്തുവിട്ട വിഡിയോയിൽ നിന്ന്)

സോൾ∙ ഉത്തരകൊറിയയിലെ ഒരേയൊരു ആണവകേന്ദ്രത്തിന്റെ പ്രധാനപ്പെട്ട മൂന്നു തുരങ്കങ്ങളും മറ്റു കെട്ടിടങ്ങളും സ്ഫോടനത്തിൽ തകർക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഇതിന്റെ നിശ്ചല ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഉത്തരകൊറിയ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. അതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉച്ചകോടി തടസ്സപ്പെട്ട സാഹചര്യത്തിൽ എന്തു തുടർ നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച ചർച്ചയ്ക്കായി ഉത്തര–ദക്ഷിണ കൊറിയ തലവന്മാർ രഹസ്യകൂടിക്കാഴ്ച നടത്തി.

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായിരുന്നു ചർച്ച നടത്തിയത്. ഇരുരാജ്യങ്ങളുടെയും അതിർത്തിയോടു ചേർന്നുള്ള അതീവസുരക്ഷാ പ്രദേശത്തായിരുന്നു ശനിയാഴ്ച വൈകിട്ടത്തെ കൂടിക്കാഴ്ച. രണ്ടു മണിക്കൂറോളം നീണ്ട ചർച്ചയുടെ വിശദ വിവരങ്ങൾ ഞായറാഴ്ച പുറത്തുവിടുമെന്നും മൂൺ ജെ ഇൻ അറിയിച്ചു.

അതിനിടെ,കഴിഞ്ഞ ദിവസം ഉത്തരകൊറിയയുമായി നടത്തിയ ഫോൺ സംഭാഷണം ഫലപ്രദമായിരുന്നെന്ന ട്വീറ്റുമായി ട്രംപ് രംഗത്തെത്തി. പറഞ്ഞുറപ്പിച്ചതു പ്രകാരം ജൂൺ 12നു സിംഗപ്പൂരിൽ വച്ചു തന്നെ ചർച്ച നടന്നേക്കാം. എന്നാൽ ആവശ്യമെങ്കിൽ തീയതി മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി. കൂടിക്കാഴ്ചയിൽനിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴാണു  ട്രംപിന്റെ അപ്രതീക്ഷിത നീക്കം. ഇതിനെ ദക്ഷിണ കൊറിയയും സ്വാഗതം ചെയ്തു.

സിംഗപ്പൂരിൽ ഉച്ചകോടി ഒരുക്കങ്ങൾക്കായി എത്തിയ യുഎസ് സംഘത്തെ കാത്തിരുത്തി മുഷിപ്പിച്ചത് അടക്കം ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുള്ള തുടർച്ചയായ വാഗ്ദാന ലംഘനങ്ങളാണ് ഉച്ചകോടി റദ്ദാക്കാൻ കാരണമെന്നായിരുന്നു നേരത്തേ വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാൽ ചർച്ച മാറ്റാനിടയില്ലെന്ന ട്രംപിന്റെ പുതിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

North Korea Explosion സ്കൈ ന്യൂസ് പുറത്തുവിട്ട വിഡിയോയിൽ നിന്ന്.

അതിനിടെ, ഉത്തരകൊറിയയിലെ പങ്ഗ്യേറിയിലുള്ള ആണവ കേന്ദ്രം തകർക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ‘സ്കൈ ന്യൂസ്’ പുറത്തുവിട്ടു. ആണവപരീക്ഷണ കേന്ദ്രത്തിലേക്കുള്ള മൂന്നു തുരങ്കങ്ങളും സമീപത്തെ കെട്ടിടങ്ങളും സ്ഫോടനത്തിൽ തകർന്നു തരിപ്പണമാകുന്ന വിഡിയോയാണു പുറത്തുവന്നത്. ഒൻപതു മണിക്കൂറോളം നീണ്ട തുടർ സ്ഫോടനങ്ങൾക്കൊടുവിലാണ് ആണവകേന്ദ്രം തകർത്തത്.

പർവതം തുരന്നു മൂന്നു തുരങ്കങ്ങളിലായിരുന്നു പരീക്ഷണകേന്ദ്രം. പർവതത്തിന്റെ സമീപപ്രദേശങ്ങളിൽ ആണവകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കായി കെട്ടിടങ്ങളും നിർമിച്ചിരുന്നു. ഇവയും സ്ഫോടനത്തിൽ തകര്‍ത്തു. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 11നായിരുന്നു ആദ്യ സ്ഫോടനം. ആണവകേന്ദ്രത്തിന്റെ വടക്കുഭാഗത്തെ തുരങ്കമാണ് ആദ്യം തകർത്തത്. 2009 നും 2017നും ഇടയ്ക്ക് ഇവിടെ മാത്രം അഞ്ച് ആണവപരീക്ഷണങ്ങളാണു നടത്തിയത്.

ഉച്ചയ്ക്ക് 2.20നും വൈകിട്ട് നാലിനുമായിരുന്നു ശേഷിച്ച രണ്ടു സ്ഫോടനങ്ങൾ. അതിൽ യഥാക്രമം പടിഞ്ഞാറ്, തെക്കു വശത്തുള്ള തുരങ്കങ്ങൾ തകർത്തു. ഇതോടൊപ്പം മേഖലയിൽ നിരീക്ഷണത്തിനു സ്ഥാപിച്ച ബാരക്കുകളും മറ്റും തകർത്തു. വിദേശ മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ ഇതു പകർത്താൻ അനുവാദം നൽകിയിരുന്നു. അതാണ് ഇപ്പോൾ പുറത്തുവന്നത്. അതേസമയം, ഉത്തരകൊറിയ ഇതിന്റെ ചിത്രങ്ങൾ മാത്രമാണു പുറത്തുവിട്ടത്. സ്ഫോടനത്തിൽ പർവതത്തോടു ചേർന്നുള്ള മണ്ണിടിഞ്ഞു താഴുന്നതും മരങ്ങൾ ഉൾപ്പെടെ പൊട്ടിച്ചിതറുന്നതും വിഡിയോയിൽ കാണാം.

അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടർപരീക്ഷണങ്ങൾ നിർത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കിം ജോങ് ഉന്നിന്റെ നിർദേശ പ്രകാരം പങ്ഗ്യേറിയിലെ ആണവപരീക്ഷണ കേന്ദ്രം തകർത്തത്. ഇവിടെയായിരുന്നു കഴിഞ്ഞ സെപ്റ്റംബറിലേത് അടക്കം ആറു പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയത്.  കിഴക്കു ഭാഗത്തെ തുരങ്കം 2006ലെ ആദ്യ പരീക്ഷണത്തിനു ശേഷം അടച്ചു പൂട്ടിയിരുന്നു. 

സ്ഫോടനത്തിൽ റേഡിയോ ആക്ടിവ് വികിരണങ്ങൾ പുറത്തേക്കെത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. സമീപപ്രദേശങ്ങള്‍ക്കു യാതൊരു കേടുപാടുകളും വരുത്താതെയാണു കേന്ദ്രം തകർത്തത്. രാജ്യാന്തര തലത്തിൽ അണ്വായുധ നിർവ്യാപീകരണത്തിലേക്കുള്ള നിർണായക ചുവടുവയ്പാണ് ഇതെന്നും ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ വ്യക്തമാക്കി. അതേസമയം, സ്ഫോടനത്തിനു സാക്ഷിയാകാൻ രാജ്യാന്തര അണ്വായുധ നിരീക്ഷകരെ ക്ഷണിച്ചിരുന്നില്ല.